'ചുമ്മാ ഒരു സർക്കാർ നിയമനം'; കെ എം എബ്രഹാമിന്റെ KIIFB നിയമനത്തിൽ സർക്കാരിനെ ട്രോളി ജേക്കബ് തോമസ്
'ചുമ്മാ ഒരു സർക്കാർ നിയമനം'; കെ എം എബ്രഹാമിന്റെ KIIFB നിയമനത്തിൽ സർക്കാരിനെ ട്രോളി ജേക്കബ് തോമസ്
പി.എസ്.സി നിയമനത്തിനായി ഉദ്യോഗാർത്ഥികൾ സമരം നടത്തുന്ന ചിത്രവും കെ എം എബ്രഹാമിനെ നിയമിച്ചുള്ള സർക്കാർ ഉത്തരവും ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ജേക്കബ് തോമസിന്റെ വിമർശനം.
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വിരമിച്ച കെ എം എബ്രഹാമിനെ കിഫ്ബിയുടെ സിഇഒയായി നിയമിച്ചതിൽ സംസ്ഥാന സർക്കാരിനെ ട്രോളി മുൻ ഡിജിപി ജേക്കബ് തോമസ്. പി.എസ്.സി നിയമനത്തിനായി ഉദ്യോഗാർത്ഥികൾ സമരം നടത്തുന്ന ചിത്രവും കെ എം എബ്രഹാമിനെ നിയമിച്ചുള്ള സർക്കാർ ഉത്തരവും ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ജേക്കബ് തോമസിന്റെ വിമർശനം. 'ഒരു ചുമ്മാ #സർക്കാർ #നിയമനം' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. #corruption #abuseofpower #equality #justice #employment എന്ന ഹാഷ്ടാഗുകളോടെയാണ് മുൻ ഡിജിപിയുടെ ട്രോൾ.
കെ എം എബ്രഹാമിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുൻപും ജേക്കബ് തോമസ് വിമർശനം ഉന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറിയായിരിക്കെ കെ എം എബ്രഹാമിന് അവസാനം ലഭിച്ച ശമ്പളം 2.25 ലക്ഷം രൂപയാണ്. ഇതില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന പെന്ഷന് കുറച്ച ശേഷമുള്ള തുകമാത്രമേ വേതനമായി കൈപറ്റാന്‍ അര്‍ഹതയുള്ളൂവെന്നും എന്നാല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപയാണ് കിഫ്ബിയുടെ സിഇഒ ആയിരിക്കെ കെ എം എബ്രഹാം കൈപ്പറ്റുന്നതെന്നും നേരത്തെ ആക്ഷേപമുയർന്നിരുന്നു. പ്രതിവർഷം വേതനത്തിൽ പത്ത് ശതമാനം വര്‍ധനവ് ലഭിക്കുമെന്നും നിയമന ഉത്തരവില്‍ പറയുന്നു. ഈ നിയമന ഉത്തരവ് പങ്കുവെച്ചുകൊണ്ടാണ് ജേക്കബ് തോമസ് ശക്തമായ വിമർശനം ഉന്നയിക്കുന്നത്.
ജേക്കബ് തോമസ് വിജിലൻസ് മേധാവിയായിരിക്കെ അന്ന് ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാമിന്റെ വീട്ടില്‍ വിജിലൻസ് പരിശോധന നടത്തിയത് വിവാദമായിരുന്നു. താനറിഞ്ഞുകൊണ്ടായിരുന്നില്ല പരിശോധന എന്നാണ് ജേക്കബ് തോമസ് തന്നെ പിന്നീട് ഇതിനെ കുറിച്ച് പറഞ്ഞത്. എന്നാൽ ഈ സംഭവത്തിൽ ജേക്കബ് തോമസിനെതിരെ കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന് ജേക്കജ് തോമസിനെതിരെ കെ എം എബ്രഹാം റിപ്പോർട്ട് നൽകിയിരുന്നു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇതേക്കുറിച്ച് ഉത്തതതല അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും തത്കാലം മാറ്റിനിര്‍ത്തുന്നതാവും നല്ലതെന്നും അന്ന് ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദ് ശുപാര്‍ശ ചെയ്തിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.