സാമ്പത്തിക പ്രതിസന്ധികള്‍ മുന്നില്‍ കണ്ട് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാകുകയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു പിരിച്ചുവിടല്‍ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗൂഗിളിലെ ഒരു മുന്‍ ജീവനക്കാരി. മെന്റല്‍ ഹെല്‍ത്ത് ലീവ് എടുത്ത് കമ്പനിയില്‍ നിന്ന് മാറി നിന്ന സമയത്താണ് തനിക്ക് കമ്പനിയില്‍ നിന്ന് പിരിച്ചുവിടല്‍ സന്ദേശം ലഭിച്ചതെന്നാണ് യുവതി പറയുന്നത്.
വളരെ പെട്ടെന്നായിരുന്നു ഇത്തരമൊരു സന്ദേശം ലഭിച്ചതെന്നും ഇവര്‍ പറയുന്നു. മെന്റല്‍ ഹെല്‍ത്ത് ലീവിലായിരുന്നതിനാല്‍ തന്നെ പെട്ടെന്ന് പിരിച്ചുവിടില്ലെന്നാണ് വിശ്വസിച്ചിരുന്നതെന്നും യുവതി പറഞ്ഞു. ശരിക്കും ഒരു അടിയായിരുന്നു ഇതെന്നും യുവതി കൂട്ടിച്ചേർത്തു. രാത്രി രണ്ട് മണിയോടെയാണ് ഈ വാര്‍ത്ത താന്‍ അറിഞ്ഞതെന്നും യുവതി പറഞ്ഞു. 14 വയസ്സ് മുതല്‍ കമ്പനിയില്‍ ഇന്റേണ്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു യുവതി.
16 വയസ്സ് വരെയാണ് ഇന്റേണ്‍ ആയി ജോലി ചെയ്തത്. ശേഷം പെയ്ഡ് എംപ്ലോയി ആയി ജോലി ലഭിച്ചു. ജോലി ചെയ്യുന്ന കാലയളവില്‍ 110 ശതമാനം ആത്മാര്‍ത്ഥതോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ചെയ്യുന്ന ജോലി ആസ്വദിച്ചിരുന്നുവെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കി. നിലവില്‍ മറ്റ് കമ്പനികളിലേക്ക് ജോലിയ്ക്കായി ശ്രമിക്കാനൊരുങ്ങുകയാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗൂഗിളില്‍ വളരെ ആത്മാര്‍ത്ഥമായി തന്നെയാണ് താന്‍ ജോലി ചെയ്തതെന്നും തന്റെ ടീം അംഗങ്ങളോടും മാനേജരോടും നന്ദി പറയുന്നുവെന്നും യുവതി തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ലിങ്ക്ഡ്ഇനിൽ എഴുതിയ പോസ്റ്റ് ഇപ്പോള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. അതേസമയം തന്റെ സുഹൃത്തിനും സമാന അനുഭവമുണ്ടായി എന്ന് പറഞ്ഞ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവും രംഗത്തെത്തിയിരുന്നു.
Also read- ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്
എച്ച്1ബി വിസയില്‍ യുഎസിലെത്തിയ സുഹൃത്തിനാണ് പെട്ടെന്നുള്ള പിരിച്ചുവിടല്‍ തിരിച്ചടിയായതെന്നാണ് ട്വീറ്റില്‍ പറയുന്നത്. യുഎസിലാണ് സുഹൃത്ത് ജോലി ചെയ്തിരുന്നത്. വെക്കേഷനായി യുഎസിന് പുറത്ത് പോയപ്പോഴാണ് അദ്ദേഹത്തെ പിരിച്ചുവിട്ടതായി സന്ദേശം ലഭിച്ചത്. തിരികെ യുഎസിലേക്ക് വരാന്‍ കഴിയില്ലെന്ന് കമ്പനി അഭിഭാഷകന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. ഇതോടെ യുഎസിലെ അദ്ദേഹത്തിന്റെ വീടും, വാഹനവും വില്‍ക്കാനും മറ്റും തന്നെ എല്‍പ്പിക്കുകയായിരുന്നു എന്നാണ് സുഹൃത്ത് ട്വിറ്ററിലെഴുതിയത്.
ഗൂഗിളിനെ കൂടാതെ ടെക് രംഗത്തെ ഭീമന്‍മാരായ ആമസോണും മൈക്രോസോഫ്റ്റും ജീവനക്കാരെ പിരിച്ചുവിട്ട വാർത്തകളും പുറത്തു വന്നിരുന്നു. 12,000 പേരെ പിരിച്ചുവിടുന്നതായി കഴിഞ്ഞ ദിവസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും ചെലവ് ചുരുക്കലിന്റെ ഭാഗമായും ആണ് കമ്പനി ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.
അമേരിക്കയില്‍ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നോട്ടീസ് പീരിയഡിലെ (കുറഞ്ഞത് 60 ദിവസത്തെ) ശമ്പളം ലഭിക്കും. ഒരു പിരിച്ചുവിടല്‍ പാക്കേജും ലഭിക്കും. നാലു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.