news18
Updated: April 15, 2019, 8:53 AM IST
രാഹുൽ ദ്രാവിഡ്
- News18
- Last Updated:
April 15, 2019, 8:53 AM IST
ബെംഗളൂരു: മുൻ ക്രിക്കറ്റ് താരവും കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറുമായ രാഹുല്‍ ദ്രാവിഡിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. 2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ദ്രാവിഡ് ബാംഗ്ലൂർ സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഇന്ദിരാ നഗറില്‍ നിന്ന് താമസം മാറിയിരുന്നു. ഇപ്പോള്‍ താമസിക്കുന്ന അശ്വത് നഗര്‍ ബാംഗ്ലൂർ നോർത്ത് ലോക്സഭാ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. ഇതോടെ ദ്രാവിഡിന്റെ സഹോദരന് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാനുള്ള ഫോം നല്‍കിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തു. എന്നാല്‍ പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാനുള്ള ഫോം ദ്രാവിഡ് പൂരിപ്പിച്ച് നല്‍കിയില്ല. ഇതോടെയാണ് താരത്തിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്.
ദ്രാവിഡ് തന്നെ ഫോം സമര്‍പ്പിച്ചാല്‍ മാത്രമേ പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് തവണ ദ്രാവിഡിന്റെ വീട്ടില്‍ ചെന്നെങ്കിലും അവിടെ ആരുമില്ലായിരുന്നുവെന്നും മത്തിക്കരെ സബ് ഡിവിഷൻ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ രൂപ വ്യക്തമാക്കി. ഇപ്പോള്‍ സ്പെയ്നിലാണ് ദ്രാവിഡ്. വോട്ട് ചെയ്യാനായി ഇന്ത്യയിലെത്താന്‍ താരം തീരുമാനിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേരില്ലെന്നറിഞ്ഞ ദ്രാവിഡ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
അതേസമയം, ദ്രാവിഡിന്റെ ചിത്രങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ബോര്‍ഡുകള്‍ കര്‍ണാടകയില്‍ നിരവധി സ്ഥലങ്ങളിലുണ്ട്. പൊതുജനത്തെ വോട്ട് ചെയ്യാന്‍ ബോധവത്കരിക്കുന്നതാണ് ഈ ബോര്‍ഡുകളെല്ലാം. അങ്ങനെ ബ്രാന്‍ഡ് അംബാസിഡറായ, എല്ലാവര്ക്കും മാതൃകയായ ഒരു വ്യക്തിക്ക് വോട്ട് ഇല്ലാത്തതിനെ വിമര്‍ശിച്ച് നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.
First published:
April 15, 2019, 8:53 AM IST