ഓഫീസിലെ ബോറൻ സ്റ്റാഫാണെന്ന് ചൂണ്ടിക്കാണിച്ച് തന്നെ പുറത്താക്കിയ കമ്പനിക്കെതിരെ മുൻ ജീവനക്കാരൻ നൽകിയ പരാതിയിൽ നടപടി. പാരീസിലെ ഒരു മാനേജ്മെന്റ് കൺസൾട്ടൻസിയായ ക്യൂബിക് പാർട്ണേഴ്സിനെതിരെയാണ് മുൻ ജീവനക്കാരൻ പരാതി നൽകിയത്. ജോലി സമയത്തിന് ശേഷമുള്ള പബ്ബ് പാർട്ടികൾ ഉൾപ്പെടെയുള്ള ടീം ബിൽഡിങ്ങ് ആക്ടിവിറ്റികളിൽ പങ്കെടുക്കുന്നില്ല എന്നു ചൂണ്ടാക്കാട്ടിയാണ് കമ്പനി ഇയാളെ പുറത്താക്കിയത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരാതി നൽകിയത്.
പരാതി പരിഗണിച്ച കോടതി ജീവനക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. സഹപ്രവർത്തകരുമായി പാർട്ടിക്കു പോകാത്തതോ ഒത്തുചേരലുകളിൽ പങ്കെടുക്കാത്തതോ ചൂണ്ടിക്കാട്ടി ജോലിയിൽ നിന്ന് പുറത്താക്കുന്നത് തെറ്റാണെന്നും കോടതി നീരീക്ഷിച്ചു. ജീവനക്കാരന് 2,574 പൗണ്ട് (ഏകദേശം 2.54 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
Also Read- പിസാ ടോപ്പിങ്ങിൽ കാമുകിക്കിഷ്ടം നത്തോലി; ഇഷ്ടപ്പെടാതെ കാമുകൻ; ബ്രേക്ക് അപ്പ് ആകാമെന്ന് മെസേജ്
2015ലാണ് കമ്പനി ഇയാളെ പുറത്താക്കിയത്. ഇയാൾ ഒരു മോശം ശ്രോതാവാണെന്നും ഒപ്പം പ്രവർത്തിക്കാൻ പ്രയാസമാണെന്നും കമ്പനി കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ജോലി സമയം കഴിഞ്ഞു നടത്തുന്ന ഒരു പാർട്ടിയിൽ പങ്കെടുക്കാതിരിക്കാനുള്ള എല്ലാ അവകാശവും ജീവനക്കാരന് ഉണ്ടെന്ന് കോടതി വ്യക്തമാക്കി. സ്വകാര്യത ഒരാളുടെ അവകാശമാണെന്നും കോടതി പ്രഖ്യാപിച്ചു.
ജീവനക്കാരെ പാർട്ടികളിലും ആഴ്ചാവസാനമുള്ള ഒത്തു ചേരലുകളിലും നിർബന്ധിച്ച് പങ്കെടുപ്പിക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി. ടീം-ബിൽഡിംഗ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയുടെ ഭാഗമാണന്നും കോടതി ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരമായി 395,630 പൗണ്ട് (ഏകദേശം 3.90 കോടി രൂപ) നൽകണമെന്ന ജീവനക്കാരന്റെ ആവശ്യം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. 2011 ൽ ഇയാൾ വീണ്ടും ഇതേ കമ്പനിയിൽ തന്നെ ജോലിയിൽ പ്രവേശിക്കുകയും 2014-ൽ ഡയറക്ടർ സ്ഥാനത്തേക്ക് ഉയരുകയും ചെയ്തിരുന്നു. രസികനല്ല എന്നു ചൂണ്ടിക്കാട്ടി വീണ്ടും കമ്പനി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.