പാരീസിലെ സെയ്ൻ നദിക്ക് കുറുകെ 70 മീറ്റർ ഉയരത്തിൽ ഈഫൽ ടവറിനും ചായ്‌ലോട്ട് തിയേറ്ററിനും ഇടയിൽ കെട്ടിയ ഞാണിലൂടെ അനായാസേന നടന്നു നീങ്ങുന്ന യുവാവിനെ കണ്ട കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു. 27-കാരനായ നാഥൻ പോളിൻ സെയ്ൻ നദിക്ക് മുകളിലൂടെ 600 മീറ്ററാണ് കയറിൽ നടന്നത്. സെയ്നിന്റെ തീരത്ത് അണിനിരന്നതും പാരീസിലെ ഈഫൽ ടവർ സന്ദർശിക്കാനെത്തിയതുമായ ജനക്കൂട്ടത്തിന്റെ തലയ്ക്ക് മുകളിലൂടെ തീർത്തും അലസതയോടെ പോളിൻ നടന്നുനീങ്ങുന്നത് കണ്ട ജനം അത്ഭുതപ്പെട്ടിരുന്നു.
ഫ്രാൻസിന്റെ പൈതൃക ദിനത്തോടനുബന്ധിച്ചാണ് നാഥൻ പോളിൻ കാഴ്ചക്കാർക്ക് വിസ്മയമൊരുക്കിയത്. ശരീരത്തിന്റെ ഭാരം ബാലൻസ് ചെയ്തുകൊണ്ട് 600 മീറ്റർ പോളിൻ നദിക്കു കുറുകെ നടന്നു. ഇടയ്ക്ക് ഇരിക്കുകയോ കിടക്കുകയോ ചെയ്തുകൊണ്ട് അദ്ദേഹം നടത്തത്തിനു ഇടവേളകൾ നല്കുന്നുണ്ടായിരുന്നു. "കയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, ചുറ്റുമുള്ള എല്ലാം അവഗണിച്ച്, സമ്മർദ്ദങ്ങളെല്ലാം അതിജീവിച്ചുള്ള 600 മീറ്റർ നടത്തം എളുപ്പമായിരുന്നില്ല, എന്നാൽ അത് വളരെ മനോഹരമായിരുന്നു," സാഹസികമായ നടത്തം പൂർത്തിയാക്കിയ ശേഷം പോളിൻ പറഞ്ഞു.
VIDEO: 🇫🇷 French #tightrope walker #NathanPaulin delicately makes his way across a 600-metre long slackline between the #EiffelTower and Theatre National de Chaillot in Paris - a feat he himself describes as "not as easy as I thought" pic.twitter.com/yShvOghwDa
പ്രകടനത്തിനിടയിൽ ചിലയിടങ്ങളിൽ പതിയെ നടന്നും ഇരുന്നും കിടന്നുമുള്ള പോളിന്റെ പ്രകടനം ഈഫൽ ടവറിന് താഴെയും പുറത്തും കാണുന്ന ജനക്കൂട്ടത്തിൽ നിന്ന് വലിയ കൈയ്യടി നേടി.നിരവധി ലോക റെക്കോർഡുകളുടെ ഉടമയാണ് പോളിൻ, 2017 ലെ പൈതൃക ദിനത്തിലും പോളിൻ സെയ്ൻ നദി കടന്നിരുന്നു. 2017 ഡിസംബറിൽ ഒരു ടെലിവിഷൻ ചാരിറ്റി ഫണ്ട് റൈസറിനായി അദ്ദേഹം ഈഫൽ ടവറിൽ നിന്ന് സമാനമായ രീതിയിൽ കയറുകെട്ടിയ പാതയിലൂടെ നടന്നിരുന്നു. യൂറോപ്യൻ പൈതൃക ദിനത്തിൽ പാരീസിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ ഫ്രഞ്ച് കലാകാരന്മാരുടെ നിരവധി പ്രകടനങ്ങൾ ഉൾപ്പെടുന്ന സാംസ്കാരിക ഒളിമ്പ്യാഡിന്റെ തുടക്കത്തിന്റെ ഭാഗമായിട്ടായിരുന്നു പോളിന്റെ നേട്ടം. നാല് വർഷത്തെ പരിശീലനത്തിലൂടെയാണ് പോളിൻ ഈ നേട്ടം സ്വന്തമാക്കുന്നത്. 2019 ൽ, പോളിൻ പാരീസിലെ ലാ ഡിഫൻസ് ബിസിനസ് ഡിസ്ട്രിക്റ്റിലെ രണ്ട് അംബരചുംബികൾക്കിടയിൽ 150 മീറ്റർ ഉയരവും 510 മീറ്റർ നീളവുമുള്ള നൂൽപ്പാലത്തിലൂടെ നടന്നിരുന്നു.
കുട്ടിക്കാലം മുതൽ പർവത കായിക വിനോദങ്ങളിൽ അഭിനിവേശമുള്ള നാഥൻ 2011 ൽ തന്റെ കയറിൽ കൂടിയുള്ള യാത്ര ആരംഭിച്ചു. കുട്ടിക്കാലത്ത് ഉയരങ്ങളോടു ഭയമായിരുന്നു അത് മറികടന്നാണ് മുന്നോട്ട് കുതിച്ചത്. തീവ്രമായ ഏകാഗ്രതയും ശരീര നിയന്ത്രണവും സമന്വയിപ്പിക്കുന്ന ഈ പ്രവർത്തനത്തിൽ അദ്ദേഹം യഥാർത്ഥ സന്തോഷം കണ്ടെത്തുന്നു. 2013 മുതൽ ഈ വിഭാഗത്തിലെ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തികളിൽ ഒരാളാണ് പോളിൻ. പത്തോളം ലോക റെക്കോർഡുകൾ നാഥൻ സ്വന്തമാക്കിയിട്ടുണ്ട് 2017 ജൂൺ 9ന് സർക്യൂ ഡി നവസെല്ലസിൽ 300 മീറ്റർ ഉയരത്തിൽ 1662 മീറ്റർ ദൈർഘ്യമുള്ള കയറിൽ നടന്നു. ഫ്രഞ്ച് ചാരിറ്റി ടിവി ഷോയ്ക്ക് വേണ്ടി അദ്ദേഹം പാരീസിലെ ഈഫൽ ടവറിനും ട്രോക്കാഡെറോയ്ക്കും ഇടയിലുള്ള 670 മീറ്റർ ദൂരം സഞ്ചരിച്ചു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.