• HOME
 • »
 • NEWS
 • »
 • buzz
 • »
 • ലാംബ്രെറ്റ മുതൽ മൊപെഡ് വരെ; പഴയ ഇരുചക്ര വാഹനങ്ങളോടുള്ള കമ്പം; ഈ വാഹനപ്രേമി വാങ്ങികൂട്ടിയത് 550 ഓളം ബൈക്കുകൾ

ലാംബ്രെറ്റ മുതൽ മൊപെഡ് വരെ; പഴയ ഇരുചക്ര വാഹനങ്ങളോടുള്ള കമ്പം; ഈ വാഹനപ്രേമി വാങ്ങികൂട്ടിയത് 550 ഓളം ബൈക്കുകൾ

വാഹനങ്ങൾ സംരക്ഷിക്കാൻ 12 ജീവനക്കാർ ഉണ്ട്. ശേഖരിച്ച വാഹനങ്ങളിൽ 90 ശതമാനവും അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്.

News18

News18

 • Share this:
  ഇരുചക്ര വാഹനത്തോടുള്ള കമ്പം നിരവധി പേരിൽ കാണാറുണ്ട്. പല തരത്തിലുള്ള സ്റ്റൈലിഷ് മോഡൽ ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവരും ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ പുണെയിലുള്ള ബിസിനസുകാരനായ വിനിത് കെൻജാലെയ്ക്ക് വാഹന കമ്പം പുതിയവയോടല്ല മറിച്ച് പഴയതിനോടാണ്. പഴയ മോഡൽ ഇരുചക്ര വാഹനങ്ങൾ ശേഖരിക്കുന്നതാണ് ഈ 52കാരന്റെ ഹോബി.

  പഴകും തോറും വാഹനങ്ങളുടെ വിപണി മൂല്യം സാധാരണ കുറയുകയാണ് പതിവ്. എന്നാൽ കാലം കഴിയുന്തോറും മൂല്യവും ഉപഭോക്താക്കളും കൂടിവരുന്ന ചില സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും നമുക്കിടയിലുണ്ട്. അത്തരം ഇരുചക്രവാഹനങ്ങൾ ശേഖരിക്കുകയാണ് വാഹന പ്രേമിയായ വിനിത് കെൻജാലെ.

  1966 ജൂൺ 18 -ന് ജനിച്ച വിനീത് കെൻജാലെ തന്റെ 10 -ാം വയസു മുതൽ സ്കൂട്ടറുകളോടും ബൈക്കുകളോടും ഉള്ള കമ്പം പ്രകടിപ്പിക്കുമായിരുന്നു. കഴിഞ്ഞ 30 വർഷമായി വിനീത് കെൻജാലെ 1940-കൾ മുതലുള്ള ഇരുചക്രവാഹനങ്ങൾ ശേഖരിക്കുന്നുണ്ട്. നിലവിൽ 550-ലധികം പഴയ ഇരുചക്രവാഹനങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ശേഖരത്തിലുള്ള ഈ വാഹനങ്ങൾ പ്രദർശിപ്പിക്കാൻ ഒരു മ്യൂസിയം തുടങ്ങാനും അദ്ദേഹത്തിന് ആഗ്രഹമുണ്ട്.

  1972-ലാണ് ഇന്ത്യാ ഗവൺമെന്റ് ഇന്നസെന്റി ഗ്രൂപ്പ് വാങ്ങുകയും ഇറ്റാലിയൻ ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ ലഖ്‌നൗവിലേക്ക് മാറ്റുകയും ചെയ്തത്. സ്കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (SIL) എന്ന പേരിൽ ഒരു പുതിയ നിർമാണ പ്ലാന്റ് ആരംഭിക്കുകയും ചെയ്തു. അതിനുശേഷം ഇതേ കമ്പനിയാണ് ലാംബ്രെറ്റ, വിജയ് തുടങ്ങിയ ജനപ്രിയ മോഡലുകൾ നിർമ്മിച്ചതും.

  "പൂനെയിലെ തെരുവുകളിൽ ഇന്നസെന്റി കമ്പനിയുടെ ലാംബ്രെറ്റയെ ആദ്യമായി കണ്ടപ്പോൾ ഞാൻ വിസ്മയിച്ചുപോയി. അതിന്റെ സൗന്ദര്യത്തിൽ മയങ്ങി നിന്ന എനിക്ക് അപ്പോഴാണ് ഇതുപോലെയുള്ള ഇരുചക്രവാഹനങ്ങളിൽ അത്ഭുതകരമായ എന്തോ ഉണ്ടെന്ന് മനസിലായത്. അന്നുമുതൽ ഞാൻ ഇരുചക്രവാഹനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി"


  "കുട്ടിക്കാലം മുതൽ, ഞാൻ ഒരിക്കലും എന്റെ കുടുംബാംഗങ്ങളെ പഴയ വാഹനങ്ങൾ വിൽക്കാൻ അനുവദിച്ചിട്ടില്ല. ഞാൻ ഇരുചക്രവാഹനങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. ഇനി ഞാൻ ഇവ പ്രദർശിപ്പിക്കാൻ ഒരു മ്യൂസിയം തുറക്കാനുള്ള ശ്രമത്തിലാണ്”, വിനീത് എ എൻ ഐയോട് പറഞ്ഞു.

  കാലാതീതമായ മനോഹരമായ രൂപകൽപ്പനയും ഒപ്പം ഗൃഹാതുരത്വ ഘടകവും കാരണം ഈ ഐതിഹാസിക സ്‌കൂട്ടറുകൾ ഇപ്പോൾ വിലയേറിയ ശേഖരമായി മാറിയിരിക്കുകയാണ്. നിലവിൽ ലാംബ്രെറ്റ സ്കൂട്ടറിന് 50,000 രൂപ മുതൽ 80,000 രൂപ വരെ വിലയുണ്ട്.

  1940 മോഡൽ മാച്ച്‌ലെസ്, കൈനറ്റിക് മോപ്പെഡ്, ഇന്ത്യൻ മെയ്ക്ക് സ്കൂട്ടർ എന്നിവയുടെ ശേഖരത്തോടെയാണ് കെഞ്ജലെ ആരംഭിച്ചത്. തുടക്കത്തിൽ പഴയ ബൈക്കുകൾ വാങ്ങാൻ സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമേ സമീപിക്കുമായിരുന്നുള്ളു. സാവധാനം, അപരിചിതരെയും സമീപിച്ചു തുടങ്ങി.

  ശേഖരിക്കുന്ന ഈ ബൈക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി കെഞ്ചലെ പ്രതിമാസം 2.5 ലക്ഷം രൂപ ചെലവഴിക്കുന്നു. വാഹനങ്ങൾ സംരക്ഷിക്കാൻ 12 ജീവനക്കാർ ഉണ്ട്. ശേഖരിച്ച വാഹനങ്ങളിൽ 90 ശതമാനവും അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. പെയിന്റിംഗ്, ഡെന്റിംഗ്, റിപ്പയർ, മെക്കാനിക്സ് എന്നിവ ഉൾപ്പെടെ എല്ലാ വകുപ്പുകളിലും വിനിത് കെൻജാലെയ്ക്ക് പ്രത്യേക ജീവനക്കാരുണ്ട്.

  "ഞാൻ ഒരു ബൈക്കിൽ കയറുമ്പോൾ, ഞങ്ങൾ അതിന്റെ എല്ലാ വശങ്ങളും നോക്കുകയും അത് വീണ്ടും ഉപയോഗിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിലയേറിയ മോഡലുകൾ സംരക്ഷിക്കുക എന്നതാണ് ആശയം.” വിനീത് കെൻജലെ വ്യക്തമാക്കുന്നു.

  50 സി സി പവർട്രെയിൻ ഉള്ള മോപ്പെഡുകൾ മുതൽ റോയൽ എൻഫീൽഡിന്റെ 1950 മോഡൽ വരെ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 1980-കളിൽ ആളുകൾ പെട്ടന്ന് തന്നെ ഒരു ബൈക്കിൽ നിന്ന് മറ്റൊന്നിലേക്ക് ചുവടു മാറുന്നത് ശ്രദ്ധിക്കാറുണ്ടെന്നും അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആ മോഡലുകൾക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ തുടങ്ങിയപ്പോഴാണ് ഇവ ശേഖരിക്കാനുള്ള ആശയം മനസിൽ ഉദിച്ചതെന്നും വിനീത് പറയുന്നു.

  ഇത് എളുപ്പമുള്ള യാത്രയായിരുന്നില്ല, സമ്പന്നമായ സാമ്പത്തിക പശ്ചാത്തലവും പിന്തുണയുള്ള കുടുംബവും കാരണമാണ് തനിക്ക് ഈ അഭിനിവേശത്തിനൊപ്പം സഞ്ചരിക്കാനായതെന്നു വിനീത് പറയുന്നു. തന്റെ ശേഖരത്തിലുള്ള വാഹനങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നു. കാലാതീതമായ ഈ ഇരുചക്ര വാഹനങ്ങളുടെ മാന്ത്രികത കാണാനും മനസ്സിലാക്കാനും താൽപ്പര്യമുള്ളവർക്ക് ഒരു ഇടം നൽകുക എന്നതാണ് ആശയം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
  Published by:Sarath Mohanan
  First published: