വെളളം കുടിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ മനുഷ്യനു തന്നെ കെണിയാകുന്നു എന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുകയാണ് ഫോർട്ട് കൊച്ചിയിലെ കുപ്പി ശിൽപ്പം. ഓരോ വർഷവും ഇത്തരത്തിലുള്ള ഒൻപത് ലക്ഷം ടൺ പ്ലാസ്റ്റിക് കുപ്പികൾ ഇന്ത്യയിൽ മാത്രം കടലിൽ തള്ളുന്നുവെന്നാണ് കണക്ക്.
ഉപേക്ഷിക്കപ്പെട്ട പ്ളാസ്റ്റിക് കുപ്പികൾ കൊണ്ട് സൃഷ്ടിച്ച 25 അടി ഉയരമുള്ളതാണ് ഈ കലാസൃഷ്ടി. ആറടി വ്യാസമുള്ള ഇതിനുള്ളിൽ സന്ദർശകർക്ക് കയറുകയും ചെയ്യാം. ഓരോ കുപ്പികൾക്കുമുള്ളിൽ കുടുങ്ങിയ മനുഷ്യരൂപങ്ങൾ. ഉള്ളിൽ കണ്ണാടികളും ഘടിപ്പിച്ചിട്ടുള്ളതിനാൽ കലെഡോസ്കോപ്പിന്റെ സാമ്യവുമുണ്ടാകും. ട്രാപ്പിനകത്തു കയറി സെൽഫി എടുക്കാം, ഒപ്പം പ്ലാസ്റ്റിക്ക് വിരുദ്ധ അടിക്കുറിപ്പും എഴുതി 8078156791 നമ്പറിലേക്ക് അയക്കുന്ന ട്രാപ്പ് സെൽഫി മത്സരവുമുണ്ട്. സമ്മാനം പിന്നീട് പ്രഖ്യാപിക്കും.
1500 പ്ളാസ്റ്റിക് കുപ്പികൾ കൊണ്ടാണ് ഇതിന്റെ നിർമ്മാണം. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പിന്തുണയോടെ ജില്ലാ ഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവരുടെ സഹകരണത്തിൽ ഒന്നര ലക്ഷം രൂപ ചെലവിലാണ് കലാസൃഷ്ടിക്ക് രൂപം നൽകിയത്. ഫോർട്ട് കൊച്ചി ബീച്ചിലെ ഡച്ച് സെമിത്തേരിക്ക് പിന്നിൽ ജനുവരി 30 വരെ പ്രദർശിപ്പിക്കും.
ഇടപ്പള്ളി സ്വദേശിയും സയൻസ് ഫിലിംമേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയവുമുള്ള കെ.കെ. അജികുമാറാണ് ട്രാപ്പ് ആശയവും സാക്ഷാത്കാരവും. ട്രാപ്പിന്റെ ക്രിയേറ്റീവ് സപ്പോർട്ടും കോ-ഓർഡിനേഷനും നിർവ്വഹിച്ചിരിക്കുന്നത് ഗിറ്റാറിസ്റ്റും പാട്ടുകാരനുമായ ബിജു തോമസാണ്. പ്ളാസ്റ്റിക് പെറുക്കുന്നവർക്കൊപ്പം കൂടിയാണ് ഉപേക്ഷിക്കപ്പെട്ട വെള്ളക്കുപ്പികൾ പണം നൽകി ശേഖരിച്ചത്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.