• HOME
 • »
 • NEWS
 • »
 • buzz
 • »
 • പിണറായി ഗാലറിയ്ക്കുവേണ്ടി കളിക്കില്ല; വോട്ട് പോയാലും നിലപാടിൽ ഉറച്ചുനിൽക്കും: ഗീവർഗീസ് മാർ കൂറിലോസ്

പിണറായി ഗാലറിയ്ക്കുവേണ്ടി കളിക്കില്ല; വോട്ട് പോയാലും നിലപാടിൽ ഉറച്ചുനിൽക്കും: ഗീവർഗീസ് മാർ കൂറിലോസ്

വോട്ട് കിട്ടിയാലും പോയാലും നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇച്ഛാശക്തിയുള്ള നേതാവാണ് പിണറായിയെന്നും ഗീവർഗീസ് മാർ കൂറിലോസ്

geevarghese_coorilos

geevarghese_coorilos

 • Last Updated :
 • Share this:
  ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ പുകഴ്ത്തി കേരള കൌൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്‍റ് ഗീവർഗീസ് മാർ കൂറിലോസ്. ഒരിക്കലും ഗാലറിയ്ക്കുവേണ്ടി കളിക്കാത്ത നേതാവാണ് പിണറായി വിജയനെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മാർ കൂറിലോസ് പറയുന്നു. വോട്ട് കിട്ടിയാലും പോയാലും നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇച്ഛാശക്തിയുള്ള നേതാവാണ് പിണറായിയെന്നും അദ്ദേഹം പറയുന്നു.

  ഗീവർഗീസ് മാർ കൂറിലോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  ഗാലറിക്കു വേണ്ടി ഒരിക്കലും കളിക്കാത്ത ശ്രീ. പിണറായി വിജയൻ എന്ന നേതാവിനെ ഞാൻ ഇഷ്ടപ്പെടുന്നു.

  ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് പിണറായി വിജയനെപ്പോലെ മറ്റൊരാൾ ഉണ്ടാകും എന്നു തോന്നുന്നില്ല. ഒരു കാലത്ത് ഞാനും ഈ തെറ്റിദ്ധാരണയുടെ ഒരു ഇര ആയിരുന്നു. അക്കാലത്തെ എന്റെ ചില എഴുത്തുകളിലും ഈ കാഴ്ചപ്പാട് പ്രതിഫലിച്ചിരുന്നു. ഈ തെറ്റിദ്ധാരണയുടെ തടവറയിൽ നിന്ന് എന്നെ മോചിപ്പിച്ചത് അടുത്ത കാലത്ത് അന്തരിച്ച ഞാൻ ഏറെ ബഹുമാനിച്ചിരുന്ന, എന്നെ അതിലേറെ സ്നേഹിച്ചിരുന്ന, ഡോ. ഡി. ബാബുപോൾ സാറാണ്. ലാവലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബാബു പോൾ സർ മനസ്സിലാക്കി തന്ന കാര്യങ്ങൾ പിണറായി വിജയൻ എന്നെ നേതാവിനെ ശരിയായി അറിയുവാൻ എന്നെ സഹായിച്ചു. പ്രസിദ്ധ കവിയും ഞാൻ ഒത്തിരി ആദരിക്കുകയും ചെയ്യുന്ന ശ്രീ. പ്രഭാവർമ്മയും ഈ കാര്യത്തിൽ എന്നെ സഹായിച്ചിട്ടുണ്ട്. പിണറായി വിജയൻ എന്ന നേതാവിന്റെ "ധാർഷ്ട്യം" ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. നാട്യങ്ങളുടെ അതിപ്രസരം ഉള്ള ഒരു കാലത്ത് നാട്യങ്ങൾ ഇല്ലാതെ ഒരാൾ പെരുമാറരുത് എന്ന അനാവശ്യ ശാഠ്യം ഒരു പൊതു തത്വമായി മാറുന്നത് ആരോഗ്യകരമായ പ്രവണതയാണെന്ന് എനിക്ക് അഭിപ്രായമില്ല. തെറ്റ് കാണുമ്പോൾ എനിക്കും ദേഷ്യം വരാറുണ്ട്. ഞാൻ അത് ഒളിച്ചു വയ്ക്കാറുമില്ല. അതു പ്രകടിപ്പിക്കയും എന്നാൽ അതിനു ശേഷം അത് മനസ്സിൽ നിന്ന് ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് എന്റെ രീതി. മുഖ്യമന്ത്രി ആയാൽ സാധാരണ മനുഷ്യരെപ്പോലെ പെരുമാറരുത് എന്ന് ശഠിക്കുന്നത് എന്തു ധർമ്മമാണ്? എന്നെ പോലെ ദേഷ്യം വരുമ്പോൾ അത് മൂടിവയ്ക്കാതെയും ചിരി വരുമ്പോൾ അത് ഒളിപ്പിക്കാതെയും ഇരിക്കുന്ന നേതാക്കളോടാണ് എനിക്ക് ഏകീഭവിക്കാൻ കഴിയുന്നത്. അസമയത്തും അസ്ഥാനത്തും പ്രതികരണം ആരാഞ്ഞാൽ ആർക്കും ഇഷ്ടപ്പെടണമെന്നില്ല., പ്രത്യേകിച്ച് കുടുംബാംഗങ്ങൾ കൂടെയുള്ളപ്പോൾ. ശ്രീ. പിണറായി വിജയൻ ശരി എന്നു തനിക്ക് ഉറച്ച ബോധ്യം ഉള്ള കാര്യങ്ങളിൽ കാണിക്കുന്ന നിശ്ചയദാർഢ്യം ഏറെ ശ്ലാഘനീയമാണ്. അദ്ദേഹം ഒരിക്കലും ഗാലറിയ്ക്കു വേണ്ടി കളിക്കുന്നത് നമുക്ക് കാണാൻ കഴിയില്ല. വോട്ടു കിട്ടിയാലും പോയാലും നിലപാടുകളിൽ ഉറച്ചു നില്ക്കുവാൻ രാഷ്ടീയ ഇച്ഛാശക്തി ഉള്ളവർക്കേ കഴിയൂ. വർഗ്ഗീയതയ്ക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾക് എത്ര ആർജവമാണ്! എതിർക്കപ്പെടേണ്ട കാര്യങ്ങളിൽ കൃത്രിമമായ ഡിപ്ളോമസി പിണറായി ശൈലിയല്ല. അതും എന്നെ ഏറെ ആകർഷിക്കുന്ന ഒരു സ്വഭാവവിശേഷമാണ്. പിണറായി വിജയനിലെ യഥാർത്ഥ മനുഷ്യ സ്നേഹിയെ പരിചയപ്പെടുത്തിയ ചില ഉദാഹരണങ്ങളും ബാബു പോൾ സാർ പങ്കു വച്ചിട്ടുണ്ട്. ഇത്രയേറെ വേട്ടയാടപ്പെട്ട ഒരു നേതാവ് അഗ്നി പരീക്ഷണങ്ങളെ അതിജീവിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആയെങ്കിൽ, അത് മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങൾ അദ്ദേഹത്തെ യഥാർത്ഥമായി തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ്. ജയത്തിലും പരാജയത്തിലും ചങ്കുറപ്പോടെ മുന്നോട്ട് പോകുന്ന ശ്രീ. പിണറായി വിജയന് അഭിവാദ്യങ്ങൾ!

  തെറ്റിദ്ധരിക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. Emmerson പറഞ്ഞതുപോലെ: To be misurderstood is to be great

  കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാൾ ആയി ഭാവി കേരളം ശ്രീ . പിണറായി വിജയനെ അടയാളപ്പെടുത്തും.
  First published: