• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'നേരത്തെ പോകുന്ന ചെറുപ്പക്കാർ'; യുവാവ് ബൈക്കപകടത്തിൽപ്പെട്ടു മരിച്ച സംഭവം വിവരിച്ച ആശുപത്രിയിലെത്തിച്ചയാൾ

'നേരത്തെ പോകുന്ന ചെറുപ്പക്കാർ'; യുവാവ് ബൈക്കപകടത്തിൽപ്പെട്ടു മരിച്ച സംഭവം വിവരിച്ച ആശുപത്രിയിലെത്തിച്ചയാൾ

ബൈക്കുകളിൽ ചീറിപായുന്ന യുവാക്കൾ ചെറിയ പ്രായത്തിൽ മരണപ്പെട്ടു പോകുന്ന സംഭവങ്ങൾ നാൾക്കുനാൾ കൂടി വരുന്നു. അത്തരമൊരു സംഭവത്തിന് നേർസാക്ഷിയാകേണ്ടി വന്ന അനുഭവമാണ് ജോർജ് പുല്ലാട്ടിന്‍റെ പോസ്റ്റിലുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഭാര്യയുമൊത്തെ് സഹോദരിയെ കാണാനായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കേണ്ട നിയോഗം അയാൾക്ക് വന്നുചേർന്നത്. ആശുപത്രിയിലെത്തിച്ചിട്ടും തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇരുപത്തിരണ്ടുകാരനെ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കുമുമ്പ് എറണാകുളം തൈക്കൂടത്ത് നടന്ന അപകടവും തുടർന്നുള്ള സംഭവങ്ങളും ഫേസ്ബുക്കിൽ വിവരിക്കുകയാണ് പാലാ സ്വദേശിയായ ജോർജ് പുല്ലാട്ട്. ബൈക്കുകളിൽ ചീറിപായുന്ന യുവാക്കൾ ചെറിയ പ്രായത്തിൽ മരണപ്പെട്ടു പോകുന്ന സംഭവങ്ങൾ നാൾക്കുനാൾ കൂടി വരുന്നു. അത്തരമൊരു സംഭവത്തിന് നേർസാക്ഷിയാകേണ്ടി വന്ന അനുഭവമാണ് ജോർജ് പുല്ലാട്ടിന്‍റെ പോസ്റ്റിലുള്ളത്.

  ജോർജ് പുല്ലാട്ടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  നേരത്തെ പോകുന്ന ചെറുപ്പക്കാർ
  ==========--------=============
  വൈറ്റില അടുത്തുള്ള തൈക്കൂടം പള്ളിയില്‍ നിന്നിറങ്ങി ഞങ്ങള്‍ ബൈ പാസിലെ തൈക്കൂടം പാലത്തില്‍ കയറി മരടിലേക്ക് പോകുകയാണ് .രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള പി എസ് മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എന്റെ പെങ്ങള്‍ ലിസിയെ കാണണം .വൈകിട്ട് ഏഴു മണി വരെയാണ് സന്ദർശനസമയം .ഇപ്പോള്‍ ആറേമുക്കാൽ. പത്തു മിനിട്ടിനകം അവിടെഎത്താം ..പാലത്തില്‍ കയറിയപ്പോള്‍ പെട്ടെന്ന്‍ ശക്തമായ മഴ വീണു . മുന്നിലുള്ള വണ്ടികളൊന്നും നീ ങ്ങുന്നില്ല . ഒരു നീണ്ട നിര മുൻപിലുണ്ടെന്ന് ഊഹിക്കാം .
  മഴയാണോ പ്രശ്നക്കാരൻ? എതിര്‍ ദിശയില്‍ നിന്നു വണ്ടികള്‍ വരുന്നുമില്ല
  അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല.
  . ഒരു നിമിഷം അങ്ങനെ നിന്നു .

  കാത്ത് നിന്നാല്‍ ആശുപത്രിയില്‍ സമയത്ത് എത്തില്ല .വരി തെറ്റിച്ചു കയറിപ്പോവുക തന്നെ .ഞാന്‍ കാര്‍ വലത് ട്രാക്കിലൂടെ വളച്ചെടുത്തു മുന്നോട്ടു നീങ്ങി . "വേണ്ട കേട്ടോ" ലാലി വിലക്കി .കാത്ത് നില്‍ക്കുന്നവരുടെയും എതിരെ വരുന്നവരുടെയും തെറി കിട്ടാനുള്ള പണിയാണ് . എന്തും വരട്ടെ . .അങ്ങോട്ടും ഇങ്ങോട്ടുമുള്ള വണ്ടി നിര സന്ധിക്കുന്നിടത്ത്, പാലം തീരുന്നിടത്ത് കണ്ണാടിക്കാട് ക്രോസിൽ, ഞങ്ങളുടെ വണ്ടിക്കു മുന്നിലേക്ക് നാലഞ്ച് ചെറുപ്പക്കാര്‍ കൈ നീട്ടി ചാടി വീണു വണ്ടി തടഞ്ഞു . "ഞാന്‍ പറഞ്ഞതല്ലേ വേണ്ടാന്ന് ", ലാലി സങ്കടപ്പെട്ടു . .

  ചാടി വീണവര്‍ പക്ഷെ അവൾ ഭയപ്പെട്ടത് പോലെ രോഷത്തിലല്ല. സങ്കടത്തിലും അപേക്ഷാ ഭാവത്തിലുമാണ് . ഞാന്‍ ചി‍ല്ലുതാഴ്ത്തി ...ഒരാള്‍ പറഞ്ഞു "ചേട്ടാ ആക്സിഡെന്റാ ഒരാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോണം.". ‍"ആയിക്കോട്ടെ കയറ്റിക്കോ " ഞാൻ പറഞ്ഞു.
  പറഞ്ഞു തീരും മുൻപേ ഒരാൾ പിൻവാതിൽ തുറന്നു കഴിഞ്ഞു . പത്തു വർഷം പഴയ മാരുതി 800 ആണ് . അപ്പോഴാണ് ഞാന്‍ അത് കാണുന്നത് ..റോഡിന്‍റെ വലതു വശത്ത് ഓരം ചേർന്ന് ഒരാള്‍ കിടക്കുന്നു. വണ്ടിയുടെ വെളിച്ചത്തിൽ കാണാം, അവിടമാകെ രക്തം മഴവെള്ളവുമായി കൂടിക്കലരുന്നു . അയാളെ നാലു പേര്‍ ചേര്‍ന്ന് പൊക്കിയെടുത്ത് എന്റെ വണ്ടിയിലേക്ക് നീങ്ങുന്നു .പിന്‍ സീറ്റിലിരുന്ന ലാലി ഞാൻ പറയാതെ നിമിഷം കൊണ്ട് മുന്നിലെത്തി സീറ്റിൽ കയറി മകൾ ജ്യോതികയെ മടിയിൽ ഇരുത്തി .
  അവർ ആളെ പിൻ സീറ്റിൽ കയറ്റി കിടത്തിക്കഴിഞ്ഞു. ആരെന്നു നോക്കാൻ നേരമില്ല. ഞാൻ പറഞ്ഞു. "നിങ്ങളിൽ ഒരാൾ കൂടെ പോരണം. " അവർ ഒന്ന് പരുങ്ങി .തമ്മിൽ തമ്മിൽ നോക്കി. ആരു കേറണം?

  എങ്കിലും ഒരാൾ കയറി. അയാൾക്ക് ഇരിക്കാൻ ഇടമില്ല. ഈ ചെറുവണ്ടിയിൽ കുനിഞ്ഞു നിൽക്കാനും പറ്റില്ല. "തറയിൽ മുട്ടുകുത്തി ഇരുന്നോ " എന്ന് പറഞ്ഞു ഞാൻ വണ്ടിയെടുത്തു. സെൻട്രൽ ലോക്ക് അലാറം ഓണാക്കി. മാരുതി 800 ആംബുലൻസ് പോലെയായി . വണ്ടി നീങ്ങുമ്പോഴാണ് ഞാൻ അത് കണ്ടത്, വഴിയരികിൽ ബൈക്ക് മാത്രമല്ല ഒരു സ്കൂട്ടറും കിടപ്പുണ്ട്. അതിനടുത്തു കിടന്ന് ഒരാൾ പിടയ്ക്കുന്നുണ്ട്.
  ആംബുലൻസ് പോലെ എന്റെ മാരുതി പറക്കുന്നു. കുണ്ടന്നൂരിൽ ചുവപ്പ് സിഗ്നൽ. പക്ഷെ എന്റെ വണ്ടിക്ക് മറ്റ് വണ്ടികൾ വഴിയൊരുക്കിയിട്ടുണ്ട്. ചുവപ്പ് കടന്നു ഞാൻ പറക്കുകയാണ്. പിന്നിൽ കയറിയ ചെറുപ്പക്കാരനോട് ഞാൻ ചോദിച്ചു. "എന്താ സംഭവം? "
  "ഒന്നുമറിഞ്ഞു കൂടാ. അപകടം ആണെന്നറിഞ്ഞു ഞാൻ നിർത്തിയതാ "

  മൂന്നു മിനുട്ടിനുള്ളിൽ ലേക് ഷോർ ആശുപതിയുടെ ക്യാഷ്വാലിറ്റിക്കു മുന്നിൽ വണ്ടിയെത്തി. അപകട സൈറൺ കേട്ട് ഓടിയടുത്ത നഴ്സുമാരോട് ഞാൻ പറഞ്ഞു "ആക്സിഡന്റാ "
  മൂന്നു നഴ്സ്മാരും പിന്നിലെ ചെറുപ്പക്കാരനും കൂടി സ്‌ട്രെചറിൽ ആളെ അകത്തേയ്ക്ക് കൊണ്ടുപോയി.
  വണ്ടി ഇത്തിരി മാറ്റിയിട്ടിട്ടു ഞാൻ ഓടിച്ചെന്നു.
  "എന്താ സംഭവം? " ഡോക്ടർ ചോദിച്ചു.

  "തൈക്കൂടത്ത് ഒരാക്സിഡന്റാ കൂടുതലൊന്നുമറിഞ്ഞു കൂടാ "
  മേശപ്പുറത്തു കിടക്കുന്ന ആളെ ഞാൻ കണ്ടു. ചെറുപ്പക്കാരൻ. 20- 22 പ്രായം. വെളുത്തു സുന്ദരൻ. മുഖമാകെ ചോര. വായിലും മൂക്കിലും ചെവിയിലും കൂടി ചോര ഒഴുകുന്നുണ്ട്. കണ്ണടഞ്ഞിരിക്കുന്നു. കറുത്ത ജീൻസും കറുത്ത മുറിക്കയ്യൻ ഷർട്ടും . അതിന്റെ കൈ ചുരുട്ടി തോൾ വരെ കേറ്റി വെച്ചിരിക്കുന്നു. ജീൻസിൽ ഒന്നു രണ്ടിടത്തും ഷർട്ടിലും കീറലുണ്ട്. ഉറച്ച ആകൃതിയൊത്ത കട്ട ശരീരം.

  നഴ്സ്മാർ നൊടിയിടെ രക്തമെല്ലാം തുടച്ചു. ഡോക്ടർ ഹൃദയമിടിപ്പും നാഡിയും പരിശോധിച്ചു. കൺപോള തുറന്നു നോക്കി. തലയിലാകെ ഒന്ന് കയ്യോടിച്ചു. പിന്നെ എന്നെ വല്ലാതൊന്നു നോക്കി. എന്റെ കൈ പിടിച്ച് ആ തലയിൽ മുട്ടിച്ചിട്ട് ഡോക്ടർ പറഞ്ഞു.." സോറി ഹി ഈസ്‌ നോ മോർ ". ചതഞ്ഞ മാമ്പഴം പോലെയായിരുന്നു ആ തലയോട്ടി . മൃദുലം.

  ഈ ചെയ്തതെല്ലാം വെറുതെയായല്ലോ എന്ന് ഞാൻ ലാലിയുടെയും ഡോക്ടറുടെയും മുഖത്തു നോക്കി സ്തംഭിച്ചു നിന്നു.
  "ഇയാളെ അറിയുമോ? " ഡോക്ടർ ചോദിച്ചു.
  "ഇല്ല ഒന്നുമറിയില്ല " സംഭവം ഞാൻ ചുരുക്കി പറഞ്ഞു.
  ഡോക്ടറും ഞാനും കൂടി അയാളുടെ എല്ലാ കീശകളിലും പരതി. ഒരു തുട്ടോ കടലാസ് തുണ്ടോ കിട്ടിയില്ല. തിരിച്ചറിയാൻ ഒരു തുമ്പുമില്ല.
  ഇനിയെന്ത് ചെയ്യും എന്ന് ഞങ്ങൾ കണ്ണു മിഴിച്ചു. ഞാൻ പറഞ്ഞു " ഒരു വഴിയുണ്ട്. ആ ബൈക്ക് അവിടെയുണ്ട്. അതിൽ എന്തേലും കാണും. ഞാൻ പോയി നോക്കാം "

  "ഓക്കേ " ഡോക്ടർ പറഞ്ഞു. അവർ തന്ന രെജിസ്റ്ററിൽ എന്റെ വിലാസവും നമ്പറും എഴുതി പുറത്തേയ്ക്ക് ഇറങ്ങിയതും ഒരു ആട്ടോ റിക്ഷ വന്നു നിന്നു. ഒരു മധ്യവയസ്കൻ അതിൽ നിന്നിറങ്ങി നൊണ്ടി നൊണ്ടി നടന്നു.ഞാൻ ചോദിച്ചു " എന്ത് പറ്റി? "
  "ബൈക്കിടിച്ചതാ "
  "എവിടെ വെച്ചാ?
  "കണ്ണാടിക്കാട് "പെട്ടെന്ന് എനിക്ക് ആ അപകടത്തിന്റെ ഒരു ചിത്രം കിട്ടി. ഇയാൾ അവിടെ സ്കൂട്ടറിൽ അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുമ്പോൾ കൂട്ടിയിടിച്ചു ജീവൻ പോയ പയ്യനാണ് ഈ കിടക്കുന്നത്.
  "എടോ തന്റെ വിവരക്കേടാ ആ കിടക്കുന്ന പയ്യന്റെ ജീവനെടുത്തത്
  ഇപ്പം താൻ വേഷം കെട്ടി വന്ന കാര്യം എനിക്കറിയാം "
  " ശ്ശോ, ആശുപത്രിയിൽ വെച്ച് ഇങ്ങനൊക്കെ പറയാതെ ' ലാലി എന്റെ കയ്യിൽ പിടിച്ചു. അയാളുടെ ദേഹത്ത് ഒരു പരിക്കും കാണാനില്ല.

  ഞങ്ങൾ കാറിൽ കയറി. കൂടെ വന്ന ചെറുപ്പക്കാരനും . മഴ തകർക്കുകയാണ്. അപകട സ്ഥലത്തെത്തുമ്പോൾ രംഗമാകെ മാറിയിരിക്കുന്നു. ബ്ലോക്കില്ല
  ഒരപകടം നടന്ന മട്ടേയില്ല. മഴ അവിടമാകെ കഴുകി തുടച്ചിരിക്കുന്നു. ബൈക്ക് ആരോ നിവർത്തി സ്റ്റാൻഡിൽ വെച്ചിട്ടുണ്ട്. പുതുപുത്തൻ പൾസർ. അതിൽ ആകെ തപ്പി. തുറക്കാവുന്നിടത്തൊക്കെ തുറന്നു. ഒന്നും കിട്ടിയില്ല.. വണ്ടി നമ്പർ മനസ്സിൽ കുറിച്ചു. KL 7... xxxxxxx..(രഹസ്യം ). ചെറുപ്പക്കാരൻ അയാളുടെ ബൈക്കിൽ കയറി യാത്ര പറഞ്ഞു പോയി.

  അവിടെനിന്നു ഞാൻ പോലിസ് കൺട്രോൾ റൂമിലും പനങ്ങാട് പോലിസ് സ്റ്റേഷനിലും വിളിച്ചു വിവരങ്ങൾ വിശദമായി കൊടുത്തു. എന്റെ വിലാസവും നമ്പറും കൊടുത്തു.
  "ഞങ്ങൾ ഉടനെ വരും. നിങ്ങൾ നിൽക്കണമെന്നില്ല വേണമെങ്കിൽ വിളിച്ചോളാം " പോലിസ് പറഞ്ഞു.
  വീട്ടിലെത്തിയ ഉടനെ ഞാൻ ലേക്‌ ഷോറിലേക്ക് വിളിച്ചു. എന്തേലും വിവരമുണ്ടോ?

  ഒന്നുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ എന്നെ അറിയിക്കണമെന്ന് പറഞ്ഞു. പോലീസോ ആശുപത്രിക്കാരോ വിളിച്ചില്ല പാതിരയ്ക്ക് ഉറങ്ങാൻ പോകും മുൻപ് ഞാൻ രണ്ട് വട്ടം കൂടി വിളിച്ചു. ഒരു തുമ്പുമില്ല. അജ്ഞാത .........?
  ഗുരുതരാവസ്ഥയിൽ കിടക്കുന്ന പെങ്ങളെ കാണാൻ കുർബാന തീരും മുൻപ് പള്ളിയിൽ നിന്നിറങ്ങിയ ഞാൻ എവിടെയാണ് ചെന്നത്? എന്താണ് കണ്ടത്.? ഇതെന്ത് വിധി? പെങ്ങളെ വിളിച്ചു ഞാൻ കാര്യം പറഞ്ഞു. അവൾ പറഞ്ഞു.. " സാരമില്ല . നാളെ വന്നാൽ മതി "

  രാവിലെ പത്രത്തിൽ ഞാൻ നോക്കി. ഈ വാർത്തയുണ്ടോ? ഉണ്ട് . ഫോട്ടോ സഹിതം. "തൈക്കൂടം നേവൽ ക്വാർട്ടേഴ്സിൽ......... സുകുമാരന്റെ മകൻ സന്തോഷ്‌ (22) കണ്ണാടിക്കാട് ബൈക്കപകടത്തിൽ മരിച്ചു... "
  പത്രത്തിന് ഈ വിവരം എങ്ങനെ കിട്ടി?

  രണ്ടുകിലോമീറ്റർ അകലെയുള്ള നേവൽ ക്വാർട്ടേഴ്സിൽ ഒട്ടും വൈകാതെ ഞാൻ എത്തി. ഒരാൾക്കൂട്ടം പുറത്തുണ്ട്. അവിടെ എനിക്കാരെയും പരിചയമില്ല. ചുമ്മാ ഒരാളോട് ഞാൻ വിവരങ്ങൾ ചോദിച്ചു. സുകുമാരന്റെ സുഹൃത്താണ്. അരവിന്ദൻ എന്ന് പേര് . പയ്യൻ വെറുതെ സന്ധ്യക്ക് ആരോടും പറയാതെ ചേട്ടൻ സുഭാഷിന്റെ പുത്തൻ ബൈക്കുമെടുത്തു ഒരു പോക്ക് പോയതാ. എന്താ പറയുക ഇപ്പഴത്തെ പിള്ളേരുടെ കാര്യം ! അവൻ തിരിച്ചെത്താഞ്ഞിട്ട് ഇവിടെ എന്തൊരു പുകിലാരുന്നു. എങ്ങോട്ടാ പോയെന്ന് അറിയില്ല. ഫോണില്ല. എല്ലാടത്തും അന്വേഷിച്ചു . പാതിരാ കഴിഞ്ഞപ്പം ഒരാൾ പയ്യന്റെ ചേട്ടൻ സുഭാഷിനെ വിളിച്ചു പറഞ്ഞു എടാ നിന്റെ ബൈക്ക് കണ്ണാടിക്കാട് ഇരിക്കുന്ന കണ്ടല്ലോ. എന്താ കാര്യം എന്ന്. അവന്റെ കൂട്ടുകാരന് നമ്പർ അറിയാരുന്നു. ഉടനെ ഞങ്ങളെല്ലാം കൂടെ പോയി. പിന്നെ അടുത്തൊള്ള ആശുത്രീലൊക്കെ അന്വേഷിച്ചു അങ്ങനെ കണ്ടു കിട്ടി. എന്ത് കാര്യം? ആള് പോയില്ലേ "

  ഇത്രേം പറഞ്ഞിട്ട് അയാൾ എന്നോട് ചോദിച്ചു, "നമ്മള് സുകുമാരന്റെ ആരാ?"
  "ഞാൻ ഇവിടെ അടുത്തുള്ളതാ "
  "ഫ്രണ്ടാ? "
  "ഉം. എന്ന് പറയാം . സന്തോഷിനെ രാത്രീല് ലേക് ഷോറിൽ കൊണ്ടുപോയത് ഞാനാ. "

  അയാൾ അത്ഭുതത്തോടെ എന്നെ നോക്കി. " വാ സുകുമാരൻ ചേട്ടനെ ഒന്ന് പരിചയപ്പെടാം. ഞാൻ അടുത്ത ഫ്ലാറ്റിലാ താമസം "
  "വേണ്ട . ഇപ്പം അതിനുള്ള സമയമല്ല
  പിന്നീടാകാം "
  "പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു വരാൻ സമയമെടുക്കും. ഒന്നു കണ്ടുപോകാം "അരവിന്ദൻ പറഞ്ഞു.

  അയാൾ എന്നെ കൂട്ടി മൂന്നാം നിലയിലെ സുകുമാരന്റെ ഫ്ലാറ്റിലേക്ക് നടന്നു .

  ഇടനാഴിയിലൊക്കെ ആളുകൾ തിങ്ങി നിൽപ്പുണ്ട്. വാതിൽ തുറന്നു കിടക്കുന്നു. സ്വീകരണ മുറിയിൽ ഒരു പുൽപ്പായിൽ ഒരു സ്ത്രീ തളർന്നു കിടക്കുന്നു. ഭിത്തിയിൽ ചാരി കുറെ സ്ത്രീകൾ താടിക്ക് കൈ കൊടുത്ത് ഇരിക്കുന്നു.. ആകെ മൗനം. പുത്തൻ തുണി വലിച്ചു കീറിയ പോലെ ഒരു തേങ്ങൽ മാത്രം കേട്ടു. അവരെ കടന്നു ഞങ്ങൾ അകത്തേയ്ക്ക് പോയി.

  അകത്തൊരു മുറിയിൽ കുറച്ചു പേരുണ്ട്. കട്ടിലിൽ ഒരാളിരിപ്പുണ്ട്. അരവിന്ദൻ അയാളോട് പറഞ്ഞു "സുകുചേട്ടാ ഈ സാറാ മോനെ ആശു പത്രീല് കൊണ്ടുപോയത് ".

  അദ്ദേഹം എന്റെ കൈയിൽ പിടിച്ച് അടുത്തിരുത്തി എന്റെ മുഖത്ത് നോക്കി . " ഒത്തിരി നന്ദിയുണ്ട് സാർ. എന്റെ മോൻ വെറുതെ വഴീൽ കെടന്നു പോയില്ലല്ലോ " അദേഹത്തിന്റെ പിടുത്തം മുറുകി. ഞാൻ ഒന്നും പറഞ്ഞില്ല. സുകുമാരൻ തൊട്ടടുത്ത മേശപ്പുറത്തു നിന്ന് ഒരു ആൽബമെടുത്തു തുറന്നു. " ഇത് കണ്ടോ സാർ. എന്റെ പിള്ളേരാ ". രണ്ടു ചെറുപ്പക്കാർ വീട്ടിലും ജിമ്മിലുമൊക്കെ പല പോസുകളിൽ നിൽക്കുന്ന ചിത്രങ്ങൾ. സുന്ദരന്മാരായ മസിൽക്കുട്ടന്മാർ. പേശികൾ പെരുപ്പിച്ചു കൈകൾ അരയിൽ കുത്തി പുഞ്ചിരിച്ചു നിൽക്കുന്ന പയ്യനെ തൊട്ട് സുകുമാരൻ പറഞ്ഞു " ഇവനാ സന്തോഷ്‌. പറഞ്ഞിട്ടെന്തു കാര്യം സാറേ. എല്ലാം പോയില്ലേ " നിയന്ത്രണം വിട്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു പോയി.
  You may also like:എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറൽ [NEWS]IPL 2020| ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ [NEWS] IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ [NEWS]
  ഞാൻ അദേഹത്തിന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. ഒന്നും മിണ്ടിയില്ല. ആശ്വാസവാക്കുകൾക്ക് ഇവിടെ പ്രസക്തിയില്ല. കുറച്ചു നേരം അങ്ങനെ ഇരുന്നു. പിന്നെ സുകുമാരൻ പറഞ്ഞു, "സാറിന്റെ പേരും നമ്പറും തരണം. ഞാൻ പിന്നെ വന്നു കാണാം "
  മേശപ്പുറത്തിരുന്ന ഒരു കടലാസ്സിൽ ഞാൻ അതെഴുതി കൊടുത്തു.. പിന്നെ പുറത്തേയ്ക്ക് നടന്നു.

  പിന്നെ രണ്ടു നാൾ കഴിഞ്ഞാണ് ഞാൻ കാർ തുറക്കുന്നത്.. പിൻസീറ്റിൽ കട്ട പിടിച്ച് ഒരു ലിറ്ററോളം രക്തം. മൂവായിരം രൂപ കൊടുത്ത് ഒരാഴ്ച മുൻപ് ഇട്ട ആ സീറ്റ് കവർ അഴിച്ചു ഞാൻ പറമ്പിലിട്ട് കത്തിച്ചു കളഞ്ഞു. ഞാൻ എടുത്ത ശ്രമങ്ങൾക്കൊന്നും ആ പയ്യന്റെ ജീവൻ നിലനിർത്താൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടവും ഞാൻ ആ തീയിലിട്ടു.

  ഒരാഴ്ച കഴിഞ്ഞു സുകുമാരന്റെ ഫോൺ വന്നു. ഇത്തിരി വർത്തമാനം. വീണ്ടും നന്ദി വാക്കുകൾ. അങ്ങനെ രണ്ടു മൂന്നു വിളികൾ. കാണാനിട വന്നില്ല. വരാതിരിക്കുന്നതാണ് നല്ലത്. സങ്കടങ്ങൾ അയവിറക്കാനുള്ളതല്ല.
  ജോർജ് പുല്ലാട്ട്
  20 സെപ്റ്റംബർ 2020
  Published by:Anuraj GR
  First published: