• HOME
  • »
  • NEWS
  • »
  • buzz
  • »
  • Online | സെക്കൻറ് ഹാൻറ് കിച്ചൻ ക്യാബിനറ്റ് ഓൺലൈനിൽ വാങ്ങി; തുറന്നപ്പോൾ കിട്ടിയത് 1.2 കോടി രൂപ

Online | സെക്കൻറ് ഹാൻറ് കിച്ചൻ ക്യാബിനറ്റ് ഓൺലൈനിൽ വാങ്ങി; തുറന്നപ്പോൾ കിട്ടിയത് 1.2 കോടി രൂപ

ഓൺലൈനിലൂടെ കിച്ചൻ ക്യാബിനറ്റ് വാങ്ങിയയാൾക്ക് സർപ്രൈസായി കിട്ടിയത് 1.2 കോടി രൂപ.

  • Share this:
    ഓൺലൈനിലൂടെ കിച്ചൻ ക്യാബിനറ്റ് (Kitchen Cabinet) വാങ്ങിയയാൾക്ക് സർപ്രൈസായി കിട്ടിയത് 126000 പൗണ്ട് അഥവാ 1.2 കോടി രൂപ. ജർമൻകാരനായ തോമസ് ഹെല്ലർക്കാണ് താൻ ക്യാബിനറ്റ് വാങ്ങിക്കാൻ ചെലവാക്കിയതിനേക്കാൾ ലക്ഷക്കണക്കിന് മടങ്ങ് തുക ലഭിച്ചത്. സോഷ്യൽ ഹൗസിങ് വർക്കറായി ജോലി ചെയ്യുന്ന ഹെല്ല‍ർ കിഴക്കൻ ജ‍ർമനിയിലെ ഹല്ലേയിലുള്ള ഒരു വൃദ്ധദമ്പതികളുടെ കിച്ചൻ ക്യാബിനറ്റാണ് ഓൺലൈൻ വെബ‍്സൈറ്റായ ഇ-ബേ (eBay) വഴി വാങ്ങിച്ചത്. 253 പൗണ്ട് (24,270 രൂപ) വില പറഞ്ഞിരുന്ന ക്യാബിനറ്റ് 203 പൗണ്ട് (19,480 രൂപ) നൽകി ലാഭത്തിലാണ് ഹെല്ല‍ർ സ്വന്തമാക്കിയത്. ഇത് വീട്ടിലെത്തിച്ച് ദിവസങ്ങൾക്ക് ശേഷം തുറന്ന് നോക്കിയപ്പോഴാണ് അതിലും വലിയൊരു ഭാഗ്യം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സിലായതെന്ന് ഡെയ‍്‍ലി മെയ‍്‍ലിൻെറ റിപ്പോ‍ർട്ടിൽ പറയുന്നു.

    ഓക്ക് തടിയിൽ നി‍ർമിച്ച കബോർഡുകൾ ദിവസങ്ങൾക്ക് ശേഷമാണ് ഹെല്ലർ തുറന്ന് നോക്കിയത്. അതിനുള്ളിൽ രണ്ട് പണപ്പെട്ടികളാണ് അദ്ദേഹം കണ്ടെത്തിയത്. ഏകദേശം 1.2 കോടി രൂപ അതിലുണ്ടെന്ന് മനസ്സിലായി. പിന്നെയും പണം കബോ‍ർഡുകളിൽ ഉണ്ടെന്നും അദ്ദേഹത്തിന് മനസ്സിലായി. അപ്രതീക്ഷിതമായി കിട്ടയ ജാക്ക്പോട്ട് പക്ഷേ കയ്യിൽ വെക്കാൻ ഹെല്ല‍റിന് മനസ്സ് വന്നില്ല. ജർമനിയിൽ അത് നിയമപരമായി തെറ്റാണെന്ന കാര്യവും അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ നേരെ കബോ‍ർഡുമായി ലോക്കൽ പോലീസിനെ സമീപിച്ചു.

    എന്താണ് സംഭവിച്ചതെന്ന് ഹെല്ല‍ർ പോലീസിനെ അറിയിച്ചു. തുറക്കാതെ വെച്ചിരുന്ന ഒരു കബോ‍ർഡ് പോലീസ് തുറന്നു നോക്കിയപ്പോൾ അതിലും വലിയ തുകയുണ്ടെന്ന് കണ്ടെത്തി. മറ്റൊരാളുടെ പണമാണ് ഇതിലുള്ളതെന്ന് മനസ്സിലാക്കിയതോടെ ഉടമസ്ഥനെ കണ്ടെത്താൻ പോലീസ് ജില്ലാ കോടതിയുടെ സഹായം തേടി. ഹല്ലേയിലുള്ള വൃദ്ധദമ്പതികളുടെ സ്വത്ത് വിറ്റൊഴിവാക്കുന്ന ഘട്ടത്തിലാണ് ഈ കബോ‍ർഡും വിൽപനയ്ക്ക് വന്നതെന്ന് കണ്ടെത്തിയതായി പോലീസ് വക്താവ് അസ്ട്രിഡ് കുക്ട പറഞ്ഞു. പോലീസിൻെറ തുടരന്വേഷണത്തിലാണ് മറ്റ് ചില കാര്യങ്ങൾ കൂടി വ്യക്തമായത്.

    ഭ‍ർത്താവിൻെറ മരണത്തിന് ശേഷം 91കാരിയായ ഭാര്യയാണ് ഈ വീട്ടിലുണ്ടായിരുന്നത്. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ലഭിച്ച തുകയെല്ലാം ഇവ‍ർ ഈ കിച്ചൻ ക്യാബിനറ്റിൽ വെക്കുകയായിരുന്നു. ഭ‍ർത്താവ് മരിച്ചതിന് ശേഷം ഇവ‍ർ ഇക്കാര്യം മറന്ന് പോയി. വൃദ്ധയായ സ്ത്രീയുടെ കൊച്ചുമകനാണ് സാധനങ്ങൾ വിൽക്കാൻ നേതൃത്വം നൽകിയത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന കബോ‍ർഡാണ് ഹെല്ലറിൻെറ കയ്യിലെത്തിയത്.

    അറിയാതെ കിട്ടിയതാണെങ്കിലും മറ്റൊരാളുടെ പണം കൈക്കലാക്കാൻ ശ്രമിക്കാതെ നിയമപരമായി മുന്നോട്ട് പോവാനുള്ള ഹെല്ലറിൻെറ തീരുമാനം കൊണ്ട് അദ്ദേഹത്തിന് ഗുണം മാത്രമാണ് ഉണ്ടായത്. പണം കൈക്കലാക്കിയിരുന്നുവെങ്കിൽ ജർമൻ നിയമപ്രകാരം കേസ് വന്നാൽ ഹെല്ലർ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാൽ ചെയ്ത നല്ല പ്രവർത്തിക്ക് ഹെല്ലറിന് തക്കതായ പ്രതിഫലവും ലഭിച്ചു. കിട്ടിയ പണത്തിൻെറ മൂന്ന് ശതമാനം അദ്ദേഹത്തിന് ലഭിക്കും. ഏകദേശം 3784 പൌണ്ട് അഥവാ 3.6 ലക്ഷം രൂപയാണ് ഹെല്ലറിന് നൽകുക.
    Published by:Sarath Mohanan
    First published: