ലോട്ടറി ടിക്കറ്റ് എടുത്ത കാര്യം പോലും മറക്കുന്ന ആളുകള്‍ക്ക് ലോട്ടറി അടിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? വളരെയധികം കൗതുകമുണര്‍ത്തുന്ന അത്തരമൊരു സംഭവം യഥാര്‍ത്ഥത്തില്‍ നടന്നിരിക്കുകയാണ്. ജര്‍മന്‍ സ്വദേശിനിയാണ് നറുക്കെടുപ്പില്‍ വിജയിച്ചിട്ടും ഭാഗ്യക്കുറി വാങ്ങിയ കാര്യം മറന്നുപോയതുകൊണ്ട് ആ ടിക്കറ്റ് ആഴ്ചകളോളം സ്വന്തം ബാഗില്‍ കൊണ്ട് നടന്നത്. 290 കോടി രൂപയ്ക്കായിരുന്നു നറുക്കെടുപ്പിലൂടെ അവര്‍ അര്‍ഹത നേടിയത്.
45 വയസുകാരിയായ ലോവര്‍ ഫ്രാങ്കോണിയ എന്ന സ്ത്രീ ജൂണ്‍ 9-നാണ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. തന്റെ പേഴ്സില്‍ ഭദ്രമായി ടിക്കറ്റ് സൂക്ഷിച്ചുവെച്ച ഫ്രാങ്കോണിയ പിന്നീട് അതിനെക്കുറിച്ച് മറന്നു പോവുകയായിരുന്നു. ആറ് ആഴ്ചക്കാലമാണ് അവര്‍ ആ ടിക്കറ്റ് സ്വന്തം പേഴ്സില്‍ കൊണ്ടുനടന്നത്. ഒരു മാസത്തിന് ശേഷം പുതിയ ടിക്കറ്റ് വാങ്ങിയ സന്ദര്‍ഭത്തിലാണ് പഴയ ടിക്കറ്റിനെക്കുറിച്ച് അവര്‍ ഓര്‍ത്തത്. പിന്നീട് ആ ടിക്കറ്റിന്റെ ഫലം പരിശോധിച്ചപ്പോഴാണ് താന്‍ വിജയിയായ വിവരം അവര്‍ അറിഞ്ഞത്.
കോടിപതിയായ വിവരം ആഴ്ചകളോളമാണ് തന്റെ മറവി കാരണം അവര്‍ക്ക് അറിയാന്‍ കഴിയാതെ പോയത്. 'ഏതാനും ആഴ്ചക്കാലം 290 കോടി രൂപയുടെ ടിക്കറ്റ് താന്‍ അലക്ഷ്യമായി പേഴ്സില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ബോധം മറയുന്നത് പോലെ തോന്നുന്നു', ഫ്രാങ്കോണിയ ലോട്ടോ ബെയ്റണ്‍ അധികൃതരോട് പറഞ്ഞു. ലോട്ടോ ബെയ്റണ്ണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് ഫ്രാങ്കോണിയ നേടിയത്.
ഒരു മാസം പഴക്കമുള്ള ടിക്കറ്റ് ഉപയോഗിച്ച് തന്റെ സമ്മാനത്തുക നേടിയെടുക്കാന്‍ ഫ്രാങ്കോണിയയ്ക്ക് കഴിഞ്ഞു. എന്നാല്‍, അതിനുള്ള ഭാഗ്യം നഷ്ടപ്പെട്ടത് കാലിഫോര്‍ണിയന്‍ സ്വദേശിയായ ഒരു വനിതയ്ക്കാണ്. 190 കോടി രൂപയുടെ ലോട്ടറി അടിച്ചിട്ടും സമ്മാനത്തുക നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് 190 കോടി രൂപ സമ്മാനത്തുകയുള്ള ഒരു ലോട്ടറി ടിക്കറ്റ് ആ വനിത വാങ്ങിയത്. എന്നാല്‍, വസ്ത്രങ്ങളും മറ്റും അലക്കുന്നതിനിടയില്‍ ആ ലോട്ടറി ടിക്കറ്റ് നശിച്ചു പോവുകയായിരുന്നു. നവംബര്‍ 14-ന് നറുക്കെടുപ്പ് നടന്ന ആ ലോട്ടറി ടിക്കറ്റ് ലോസ് ആഞ്ചലസിന്റെ പ്രാന്തപ്രദേശത്തെ നോര്‍വാക്ക് എന്ന സ്ഥലത്തെ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നാണ് അവര്‍ വാങ്ങിയത്. ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടതോടെ വിജയിച്ചിട്ടും അവര്‍ക്ക് സമ്മാനത്തുക നേടാന്‍ കഴിയാത്ത സ്ഥിതിയായി.
നറുക്കെടുപ്പില്‍ സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് പാന്റിന്റെ പോക്കറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നും വസ്ത്രം അലക്കുന്നതിനിടയില്‍ അത് നശിച്ചു പോയെന്നും നറുക്കെടുപ്പിന് ശേഷം ആ വനിത വന്ന് പറഞ്ഞതായി ടിക്കറ്റ് വിറ്റ കണ്‍വീനിയന്‍സ് സ്റ്റോറിലെ ജീവനക്കാരന് എസ്പരാന്സ ഹെര്‍ണാണ്ടസ് ഓര്‍ക്കുന്നു. സമ്മാനത്തുകയ്ക്ക് വേണ്ടിയുള്ള ആ സ്ത്രീയുടെ അവകാശവാദത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ലോട്ടറിയുടെ വക്താവ് കെയ്ത്തി ജോണ്‍സ്റ്റണ്‍ പറഞ്ഞു. ആര്‍ക്കെങ്കിലും ടിക്കറ്റ് നഷ്ടപ്പെട്ടു പോയാല്‍ ടിക്കറ്റിന്റെ ചിത്രം പോലെയുള്ള തെളിവുകള്‍ എന്തെങ്കിലും സമര്‍പ്പിക്കണമെന്നും അധികൃതര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.