ആറു വർഷം നീണ്ട ബന്ധത്തിനൊടുവിൽ താൻ പ്രണയിക്കുന്നയാളെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ജര്‍മ്മൻ സ്വദേശി മിഷേൽ കോബ്കെ. പ്രണയിക്കുന്നയാളെ സ്വന്തമാക്കുന്നതിൽ എന്താ ഇത്ര വലിയ കാര്യമെന്ന് ആലോചിക്കാൻ വരട്ട. മിഷേൽ വിവാഹം കഴിക്കാൻ പദ്ധതിയിടുന്നത് ഒരു ജെറ്റ് വിമാനത്തെയാണ്. നാൽപ്പത് ടൺ ഭാരം വരുന്ന ബോയിംഗ് 737-800 ജെറ്റ് വിമാനത്തെയാണ് മുപ്പതുകാരിയായ മിഷേൽ കഴിഞ്ഞ ആറു വർഷമായി പ്രണയിക്കുന്നത്.
ജർമ്മൻ ഭാഷയിൽ പ്രിയപ്പെട്ടവൻ എന്നർഥം വരുന്ന ഷറ്റ്സ് എന്ന ഓമനപ്പേരിട്ടാണ് വിമാനത്തെ മിഷേൽ വിളിക്കുന്നത്. വിമാനത്താവളത്തിലെ ജനാലകൾ വഴി മാത്രം കണ്ടുകൊണ്ടിരുന്ന പ്രണയത്തെ ആകെ ഒരുതവണ മാത്രമാണ് അരികിൽ നിന്ന് കാണാനായത്. അന്ന് തന്‌റെ പ്രിയതമനെ ചുംബിച്ചിരുന്നുവെന്നും മിഷേൽ പറയുന്നു. എന്നാൽ ഇപ്പോൾ തന്റെ ബന്ധത്തിൽ ഒരു പടി കൂടി മുന്നോട്ട് കടക്കാനൊരുങ്ങുകയാണ് ഈ യുവതി. അടുത്ത തവണ കാണുമ്പോൾ വിമാനത്തെ വിവാഹം ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. ഈ മാർച്ചിൽ ആംസ്റ്റർഡാമിൽ വച്ച് ബോയിംഗ് 737-800നെ വരനാക്കാനാണ് മിഷേൽ ഒരുങ്ങുന്നത്. വളരെ അടുത്ത ആളുകൾ മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങായിരിക്കും ഇതെന്നും അവർ അറിയിച്ചിട്ടുണ്ട്.
Also Read-ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് പതിച്ച് യുവതി: സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഒരു വീഡിയോ
നിര്‍ജീവ വസ്തുക്കളോട് പ്രണയമോ ലൈംഗിക ആകർഷണമോ തോന്നുന്ന 'ഒബ്ജക്ടോഫീലിയ' അഥവ ഒബ്ജക്ട് സെക്ഷ്വാലിറ്റി എന്ന അവസ്ഥയാണ് മിഷേലിനെന്നാണ് കരുതപ്പെടുന്നത്. സമാനമായ തരത്തിൽ ടെഡി ബിയറുകളോടും അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളോടുമൊക്കെ പ്രണയം തോന്നിയ ആളുകളുടെ റിപ്പോർട്ടുകളും നേരത്തെ പുറത്തു വന്നിട്ടുണ്ട്.
സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന മിഷേലിന് വിമാനങ്ങളുടെ ഭാഗങ്ങൾ ശേഖരിച്ചു വയ്ക്കൽ ഒരു ഹോബി കൂടിയാണ്. ഒരു എയർക്രാഫ്റ്റ് മെക്കാനിക് ആകാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ബെര്‍ലിൻകാരിയായ യുവതി പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.