ലോകത്തിലെ പ്രധാന സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിൽ ഫ്ളൈറ്റ് അറ്റന്‍ഡർ ഒഴിവിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. കമ്പനിയുടെ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച പരസ്യം പങ്കുവെച്ചിരിക്കുന്നത്.
വര്‍ഷം ഏകദേശം മൂന്നുകോടി രൂപയാണ് ഈ ജോലിക്ക് പ്രതിഫലമായി നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ദീര്‍ഘ നേരം നില്ക്കാന് കഴിയുന്നത്ര ശാരീരികക്ഷമയുള്ള ആളായിരിക്കണം ഉദ്യോഗാര്‍ത്ഥി. ഇതിന് പുറമെലോകം ചുറ്റി സഞ്ചരിക്കാനും വിമാനം ലോഡു ചെയ്യുമ്പോഴും സ്റ്റോക്ക് ചെയ്യുമ്പോഴും 30 പൗണ്ട് (13.6 കി.ഗ്രാം) വരെ ലഗേജ് ഉയര്‍ത്താനും വഹിക്കാനുംകഴിയുകയും വേണം.
ഉദ്യോഗാർത്ഥഇ ഗള്ഫ്സ്ട്രീം G550 ജെറ്റിലെ ഫ്ളൈറ്റുകളിൽ ജോലി ചെയ്യാനും തയാറായിരിക്കണം. ശമ്പളത്തിന് പുറമെ ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കുമെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നു. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുള്ള ലോസ് ഗാറ്റോസിലെ സ്വകാര്യ ഫ്ളൈറ്റിലേക്കാണ് ആളെ എടുക്കുന്നത്.
ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ ഉള്‍പ്പെടെ വ്യത്യസ്തമായ വര്‍ക്ക് ഷെഡ്യൂളുകളും ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ ഫ്ളൈറ്റ് – സുരക്ഷാ പരിശീലന സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാണ്. ക്യാബിനിലെ പെരുമാറ്റം, യാത്രക്കാരുടെ സുരക്ഷ എന്നിവയില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫഷണലായി പരിശീലനം നേടിയിരിക്കണം.
അതേസമയം, കഴിഞ്ഞ വര്‍ഷം വരിക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് നൂറുകണക്കിന് ജീവനക്കാരെ നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടിരുന്നു.
ഇതിന് പുറമെ, നെറ്റ്ഫ്ളിക്സില്‍ പരസ്യം കാണിക്കാനും അക്കൗണ്ട് ഷെയറിങ്ങിലും കമ്പനി നിയന്ത്രണം കൊണ്ടുവന്നിരുന്നു. വിപണിയില്‍ അടുത്തിടെ വലിയ മാറ്റങ്ങള്‍ക്കാണ് നെറ്റ്ഫ്ളിക്സ് സാക്ഷ്യം വഹിച്ചത്. സമീപകാലത്തുണ്ടായ തിരിച്ചടികളാണ് ചില നയങ്ങള്‍ മാറ്റാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്.
പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം പാസ്വേഡ് മറ്റുള്ളവരുമായി പങ്കിടുന്നത് നിയന്ത്രിക്കുന്ന പുതിയ നടപടികളും കമ്പനി നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു. മികച്ച വരുമാന സാധ്യതകള്‍ക്കായി പരസ്യങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ഉപഭോക്താക്കള്‍ അവരുടെ നെറ്റ്ഫ്ളിക്സ് അക്കൗണ്ട് മറ്റുള്ളവരുമായി പങ്കിടുന്ന രീതി മാറ്റുന്നതിനെക്കുറിച്ചും കമ്പനി നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഉപഭോക്താക്കള്‍ക്ക് ഡബിള്‍ സ്ക്രീന്‍ ആക്സസ് സൗകര്യം ഉപയോഗിച്ച് അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അക്കൗണ്ട് പങ്കിടാനുള്ള സൗകര്യം നെറ്റ്ഫ്ളിക്സിലുണ്ട്. ഇതിന് ഒരു ചെറിയ അധിക തുക ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം.
ലോകമെമ്പാടുമുള്ള 100 ദശലക്ഷം കുടുംബങ്ങള്‍ അവരുടെ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലുമോ പാസ്വേര്ഡ് ഉപയോഗിച്ച് നെറ്റ്ഫ്ളിക്സ് കാണുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഈ രീതി അവസാനിപ്പിച്ച് കൂടുതല്‍ ആളുകളെ അവരുടെ സ്വന്തം അക്കൗണ്ടുകള്‍ക്കായി പണമടയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിന് കമ്പനി ചിലി, പെറു, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ ഒരു ടെസ്റ്റ് അവതരിപ്പിച്ചിരുന്നു. ഈ മാര്‍ഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം. ഇതനുസരിച്ച് വരിക്കാര്‍ക്ക് രണ്ട് ആളുകളെ വരെ അവരുടെ അക്കൗണ്ടുകളിലേക്ക് ചേര്‍ക്കാനായി നിശ്ചിത ചാര്‍ജ് നല്‍കേണ്ടി വരും.
Summary: Get ready to be flight attendant to Netflix private jet and earn 3 crores a year as salary
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.