HOME » NEWS » Buzz » GET TO KNOW ABOUT THE WEIRDEST JOB OPPORTUNITIES IN THE WORLD MM

വിചിത്രമായ ചില ജോലികൾ; വാടക കാമുകന്മാർ മുതൽ നായ്ക്കളുടെ ഭക്ഷണത്തിന്റെ രുചി നോക്കുന്നവർ വരെ

ഇത്തരം ജോലികൾക്ക് ലഭിക്കുന്ന ശമ്പളവും വളരെ ഉയർന്നതാണ്

News18 Malayalam | news18-malayalam
Updated: June 26, 2021, 5:33 PM IST
വിചിത്രമായ ചില ജോലികൾ; വാടക കാമുകന്മാർ മുതൽ നായ്ക്കളുടെ ഭക്ഷണത്തിന്റെ രുചി നോക്കുന്നവർ വരെ
വിചിത്രമായ ജോലികൾ
  • Share this:
നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ലോകത്തിലെ ചില വിചിത്രമായ ജോലികൾ. ഇങ്ങനെയും ജോലികളുണ്ടോ എന്ന് തോന്നിപ്പോകുക സ്വാഭാവികം മാത്രം. ഇത്തരം ജോലികൾക്ക് ലഭിക്കുന്ന ശമ്പളവും വളരെ ഉയർന്നതാണ്. കക്ഷത്തിന്റെ മണം പരിശോധിക്കുന്നതും വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ച് നോക്കുന്നതുമൊക്കെ ഒരു ജോലിയായി ചെയ്യുന്ന കാര്യം നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വിചിത്രമായ ചില ജോലികൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

വാടക ബോയ്‌ഫ്രണ്ട് അല്ലെങ്കിൽ ഗേൾഫ്രണ്ട്

“സിമുലേറ്റ് റൊമാൻസ്” വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ചില ജാപ്പനീസ് വെബ്‌സൈറ്റുകളിൽ വാടക ബോയ്‌ഫ്രണ്ട് അല്ലെങ്കിൽ ഗേൾഫ്രണ്ടിനെ ജോലിയ്ക്കായി തിരഞ്ഞെടുക്കാറുണ്ട്. ഉപഭോക്താവിന്റെ കാമുകനോ കാമുകിയോ ആയി അഭിനയിക്കുന്നതിനാണ് ജോലിക്കാർക്ക് ശമ്പളം ലഭിക്കുക. വാടകയ്‌ക്കെടുക്കുന്ന പങ്കാളികൾക്കൊപ്പം കറങ്ങാൻ പോകുന്നതൊക്കെ ജോലിയുടെ ഭാഗമാണ്. ചെലവുകളെല്ലാം ക്ലയന്റ് തന്നെ വഹിക്കും.

ഉറങ്ങി ശമ്പളം വാങ്ങാം

വെറുതെ ഉറങ്ങി കിടന്നും നിങ്ങൾക്ക് ശമ്പളം വാങ്ങാം. ഒരു പണിയും ചെയ്യാതെ ഉറങ്ങി ശമ്പളം വാങ്ങുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ബെഡ്ഡുകൾ നിർമ്മിക്കുന്ന ചില കമ്പനികളാണ് ഇത്തരത്തിൽ ആളുകളെ ഉറങ്ങുന്നതിനായി ജോലിയ്ക്ക് എടുക്കുന്നത്. അവരുടെ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്ന ഉറക്കത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനാണ് ഈ ജോലി ആളുകൾക്ക് നൽകുന്നത്.

കക്ഷത്തിലെ മണം പരിശോധിക്കൽ

ഇത്രയും വിചിത്രമായ ഒരു ജോലി മുമ്പെങ്ങും നിങ്ങൾ കേട്ടിട്ടുണ്ടാകില്ല. ഡിയോഡറന്റ് കമ്പനികളാണ് ഈ ജോലി വാഗ്ദാനം ചെയ്യുന്നത്. ആളുകളുടെ കക്ഷം മണത്ത് നോക്കി വിശകലനം ചെയ്യുന്നതിനാണ് ഇത്തരം ജോലിക്കാർക്ക് ശമ്പളം ലഭിക്കുന്നത്. സാധാരണയായി ഈ ജോലി ചെയ്യുന്ന പ്രൊഫഷണൽ ഒരു ഡിയോഡറന്റിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിന് മണിക്കൂറിൽ 60 പേരുടെ കക്ഷങ്ങൾ വരെ മണത്തു നോക്കേണ്ടി വരും.



വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ച് നോക്കുന്നയാൾ

വളർത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്ന കമ്പനികൾ തങ്ങളുടെ ഉൽപ്പന്നം എതിരാളികളുടേതിനേക്കാൾ രുചികരമാണെന്ന് ഉറപ്പാക്കാൻ രുചി വിദഗ്ധരെ നിയമിക്കാറുണ്ട്. മനുഷ്യർക്കുള്ള ഭക്ഷണം രുചിച്ച് നോക്കുന്ന ജോലിയിൽ ആശ്ചര്യപ്പെടേണ്ടതില്ല. എന്നാൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ച് നോക്കുക എന്നത് അൽപ്പം വിചിത്രമല്ലേ?

ആലിം​ഗനം ചെയ്ത് മണിക്കൂറിൽ നേടാം ശമ്പളം

ഒരാളെ സ്നേഹത്തോടെ ആലിം​ഗനം ചെയ്യുന്നതും ഇന്നത്തെക്കാലത്ത് ഒരു ജോലിയാണ്. ശാരീരിക സ്പർശനവും ആശ്വാസവും നൽകുന്ന ഇത്തരം സേവനങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന കമ്പനികളുമുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് മണിക്കൂറിൽ ഏകദേശം 4,000 രൂപ മുതൽ 5,500 രൂപ വരെ ലഭിക്കും.

മരണ വീടുകളിൽ കരയാനും വാടകക്കാ‍ർ

ശവസംസ്കാര വേളയിൽ വിലപിക്കാനും കരയാനും ആളുകളെ നിയമിക്കുന്നത് അൽപ്പം വിചിത്രമായി തോന്നുന്നില്ലെ? എന്നാൽ ഇതും ഒരു തൊഴിലാണ്. ചില സ്ഥലങ്ങളിലെ വിശ്വാസം അനുസരിച്ച് ഉച്ചത്തിൽ കരച്ചിലുകൾ കേൾക്കുന്ന ശവസംസ്കാരം മരിച്ചവർക്ക് മെച്ചപ്പെട്ട മരണാനന്തര ജീവിതം നൽകുമെന്നാണ് വിശ്വാസം. അതിനാൽ ഇത്തരം ചടങ്ങുകൾക്കായി പ്രൊഫഷണൽ കരച്ചിലുകാരെ വരെ ലഭിക്കും.

പ്രൊഫഷണൽ തള്ളലുകാ‍‍ർ

ജാപ്പനീസ് റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ പ്രൊഫഷണൽ തള്ളലുകാ‍‍രെ നിയമിക്കാറുണ്ട്. തിരക്കേറിയ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാണ് ഇത്തരം നിയമനം നടത്തുന്നത്.

ക്യൂ നിൽക്കാനും വാടകയ്ക്ക് ആളെയെടുക്കാം

വളരെ നീണ്ട വരികളിൽ ക്യൂ നിൽക്കേണ്ടി വരുമ്പോൾ, പ്രൊഫഷണൽ ക്യൂ നിൽപ്പുകാരെ പകരക്കാരാക്കി നിർത്താം. ഇതിനായി അവർക്ക് പണം നൽകേണ്ടതുണ്ട്.
Published by: user_57
First published: June 26, 2021, 5:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories