പശ്ചിമ ബംഗാളിലെ ദിഘ അഴിമുഖത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് 55 കിലോ ഭാരമുള്ള ഭീമന് മത്സ്യം (giant fish). ദിഘ മോഹന മാര്‍ക്കറ്റില്‍ 13 ലക്ഷം രൂപയ്ക്കാണ് മത്സ്യം ലേലം (auction) ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യ ലേല കേന്ദ്രമാണിത്. ഭീമന് മത്സ്യത്തെ കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട ലേലത്തിനു ശേഷം സൗത്ത് 24 പര്‍ഗാനാസിലെ നൈനാന് സ്വദേശിയായ കബീറാണ് മത്സ്യം വാങ്ങിയത്. കിലോക്ക് 26,000 രൂപയാണ് മീനിന്റെ വില.
''ടെലിയ ഭോല' (telia bhola) എന്ന ഇനത്തില്‍ പെട്ടതാണ് ഈ ഭീമന് മത്സ്യം. നീണ്ട കുടലാണ് മത്സ്യത്തിന്റെ പ്രധാന സവിശേഷത, മാത്രമല്ല ഇതിന്റെ കുടല് വില്‍ക്കുന്നതും വലിയ വിലയ്ക്കാണ്. എന്തെന്നാല്‍ ഇതുപയോഗിച്ചാണ് കാപ്സ്യൂള്‍ ഗുളികകള്‍ (capsule medicines) ഉണ്ടാക്കുന്നത്. ഇതിന്റെ തൊലി വെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞുചേരും. അതുകൊണ്ടാണ് മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇത് വാങ്ങുന്നത്. ആണ്‍മത്സ്യത്തെയാണ് പിടികൂടിയതെങ്കില്‍ 20 ലക്ഷം രൂപ വരെ വില ഉയരുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാഴികള്‍ പറഞ്ഞു. ലേല വിവരം അനുസരിച്ച്, മത്സ്യത്തിന്റെ ആകെ ഭാരം 50 കിലോയാണ്, മുട്ടയുടെ 5 കിലോ ഭാരം ഒഴിച്ചുള്ള കണക്കാണിത്.
Also Read- ചെവിയുടെ നീളം 46 സെന്റീമീറ്റര്‍; അത്ഭുതമായി ആട്ടിന്‍കുട്ടി
കഴിഞ്ഞ മാര്‍ച്ചില്‍, കിഴക്കന്‍ ഗോദാവരി ജില്ലയിലെ അന്തര്‍വേദി ഗ്രാമത്തില്‍ 28 കിലോഗ്രാം ഭാരമുള്ള അപൂര്‍വ്വ മത്സ്യത്തെ പിടികൂടിയിരുന്നു. കാച്ചിഡി എന്ന അപൂര്‍വ്വ ഇനത്തില്‍പ്പെട്ട സ്വര്ണമത്സ്യത്തിന് 2.90 ലക്ഷം രൂപയായിരുന്നു വില. ആന്ധ്രാപ്രദേശിലെ മിനി ഫിഷിംഗ് ഹാര്‍ബറിലാണ് മത്സ്യത്തെ പിടികൂടിയത്. ഭീമാവരത്തിനടുത്തുള്ള നര്‍സപുരം ടൗണിലെ ഒരു വ്യവസായിക്കാണ് സ്വര്‍ണ മത്സ്യം വിറ്റത്. ആഴക്കടലിലാണ് ഈ മത്സ്യത്തെ കാണുന്നത്. മാത്രമല്ല, വിലയും കൂടുതലാണ്. അതിനാലാണ് കാച്ചിഡിയെ സ്വര്‍ണ മത്സ്യം എന്ന് വിളിക്കുന്നത്. മത്സ്യത്തിന്റെ ചില ഭാഗങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കാനും വില കൂടിയ വൈനുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.
പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ 78 കിലോ ഭാരമുള്ള ഭീമന് മത്സ്യം കുടുങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. ബികാഷ് ബര്‍മാന്‍ എന്ന മത്സ്യത്തൊഴിലാളിയും സംഘവും ചേര്‍ന്നാണ് ഭീമന് ടെലിയ ഭോല മത്സ്യത്തെ പിടികൂടിയത്. മീനിന് ഏകദേശം 7 അടി നീളമുണ്ടായിരുന്നു. 36 ലക്ഷം രൂപയ്ക്കാണ് ഈ മീനിനെ വിറ്റത്. കൊല്‍ക്കത്തയിലെ കെഎംപി എന്ന സംഘടനയാണ് മത്സ്യം വാങ്ങിയത്. കിലോയ്ക്ക് 49,300 രൂപയ്ക്കാണ് വിറ്റത്.
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നുള്ള ചന്ദ്രകാന്ത് താരെ എന്ന മത്സ്യത്തൊഴിലാളിയെയും ഭാഗ്യം തേടി എത്തിയിരുന്നു. 157 ഘോള്‍ മത്സ്യങ്ങളാണ് ചന്ദ്രകാന്തിന്റെ വലയില്‍ കുടുങ്ങിയിരുന്നത്. ഈ മീന്‍ വിറ്റ് 1.3 കോടിയിലധികം രൂപയാണ് താരെ നേടിയത്. ഘോള്‍ മത്സ്യങ്ങളെ 'സ്വര്‍ണ്ണ ഹൃദയമുള്ള മത്സ്യം' എന്നാണ് വിളിക്കുന്നത്. മീനിന് ഇത്രയും ഉയര്‍ന്ന വില ലഭിക്കാന്‍ കാരണം അവയുടെ ആന്തരിക അവയവങ്ങളുടെ ഔഷധ ഗുണമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.