ഗുജറാത്തിലെ മൊഡാസ സ്വദേശിയായ നീലാൻഷി പട്ടേൽ 2018 മുതൽ കൗമാരപ്രായക്കാരിലെ ഏറ്റവും നീളം കൂടിയ മുടിയുടെ റെക്കോർഡിന് ഉടമയാണ്. പതിനാറാം വയസിൽ നീലാൻഷിയുടെ മുടിയ്ക്ക് 170.5 സെന്റീമീറ്റർ (5 അടി 7 ഇഞ്ച്) നീളമുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈയിൽ പതിനെട്ട് വയസ് തികഞ്ഞ അവസരത്തിൽ അളന്നുനോക്കിയപ്പോൾ 200 സെന്റീമീറ്ററായി (6 അടി 7 ഇഞ്ച്) അത് വളർന്നിരുന്നു. അങ്ങനെ കൗമാരക്കാരിലെ ഏറ്റവും നീളം കൂടിയ മുടിയുടെപേരിലുള്ള ഗിന്നസ് റെക്കോർഡ് നീലാൻഷിയ്ക്ക് ലഭിച്ചു.
ആറാം വയസിൽ ഹെയർഡ്രെസ്സറിൽ നിന്നും മോശം അനുഭവം ഉണ്ടായ നീലാൻഷി അതിനുശേഷം മുടി വെട്ടണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. 12 വർഷക്കാലം ആ തീരുമാനത്തിൽ ഉറച്ചുനിന്ന നീലാൻഷി ഒടുവിൽ ആ പ്രയത്നത്തിനുള്ള അംഗീകാരം എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കുകയും ചെയ്തു.
'റിയൽ ലൈഫ് റാപ്പൻസിൽ' എന്നറിയപ്പെടുന്ന നീലാൻഷി മുടി തന്റെ ഭാഗ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ, ഒരു പതിറ്റാണ്ടിലേറെ കാലമായി മുടി നീട്ടിവളർത്തിയ നീലാൻഷി ഒടുവിൽ അത് വെട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. മുടി വെട്ടുകയാണെങ്കിൽ പോലും അത് ഏതെങ്കിലും രീതിയിൽ പ്രയോജനകരമായ കാര്യത്തിനായി ചെയ്യണമെന്ന ആഗ്രഹം നീലാൻഷിയ്ക്കുണ്ടായിരുന്നു.
"എന്റെ മുടി എനിക്ക് ഒരുപാട് പേരും പെരുമയും നൽകി. ഈ നീളമുള്ള മുടി ഉള്ളതിനാലാണ് ഞാൻ റിയൽ ലൈഫ്റാപ്പൻസിൽ എന്ന പേരിൽ പോലും അറിയപ്പെടാൻ തുടങ്ങിയത്. അതിനോടുള്ള കൃതജ്ഞത ഈ മുടി വെട്ടുമ്പോഴും കാണിക്കണമെന്നാണ് എന്റെ ആഗ്രഹം," നീലാൻഷി പറഞ്ഞു.
തന്റെ നീണ്ട മുടി ലേലത്തിൽ വിൽക്കുക, ചാരിറ്റിയുടെ ഭാഗമായി ആർക്കെങ്കിലും സംഭാവന ചെയ്യുക, ഒരു മ്യൂസിയത്തിനു നൽകുക എന്നീ മൂന്ന് സാധ്യതകളാണ് നീലാൻഷിയുടെ മുന്നിൽ ഉണ്ടായിരുന്നത്. ഒടുവിൽ തന്റെ അമ്മ കാമിനിബെന്നിന്റെ സഹായത്തോടെ നീലാൻഷി ഒരു തീരുമാനത്തിലെത്തി. തന്റെ മുടി നിരവധി പേർക്ക് പ്രചോദനമായിമാറണംഎന്ന് ആഗ്രഹിക്കുന്ന നീലാൻഷി മുടി ഒരു മ്യൂസിയത്തിന് സംഭാവനയായി നൽകാനാണ് ഒടുവിൽ തീരുമാനിച്ചത്. അമ്മ കാമിനിബെൻ മകളുടെ തീരുമാനത്തോടൊപ്പം നിൽക്കുകയും തന്റെ മുടി കൂടി ചാരിറ്റിയ്ക്കായി സംഭാവന നൽകാൻ തീരുമാനിക്കുകയും ചെയ്തു.
നീലാൻഷിയെ സംബന്ധിച്ചിടത്തോളം തന്റെ മുടി വെട്ടുക എന്നത് തികച്ചും വൈകാരികവും ജീവിതത്തിലെ നിർണായകവുമായ തീരുമാനമായിരുന്നു. കാരണം, ഇത്രയും കാലം മുടി തന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു.
"ഒരേ സമയം ഞാൻ ആവേശഭരിതയുമാണ്, അതേ സമയം അൽപ്പം ടെൻഷനിലുമാണ്. പുതിയ ഹെയർസ്റ്റൈലിൽ ഞാൻ കാണാൻ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. പുതിയ ലുക്ക് മനോഹരമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു", മുടി വെട്ടുന്നതിന് മുമ്പായി നീലാൻഷി പറഞ്ഞു.
നീലാൻഷിയുടെ നീണ്ട മുടിയെ ഏവരും അതിശയത്തോടെയാണ് നോക്കിക്കണ്ടതെങ്കിലും മുടി വെട്ടിയതിന് ശേഷമുള്ള പുതിയ ലുക്കിലും അവർ അതീവ സുന്ദരിയാണ്.
Keywords: Guinness World Record, Long Hair, Nilanshi Patel, Haircut ഗിന്നസ് റെക്കോർഡ്, നീണ്ട മുടി, നീലാൻഷി പട്ടേൽ, ഹെയർകട്ട്
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.