പേരിലൊരു ‘ഗോള്‍ഡ്’ ഉണ്ടെന്ന് കരുതി സ്വര്‍ണമാലയൊക്കെ വിഴുങ്ങാമോ ? ഒന്നും രണ്ടുമല്ല മൂന്നര പവന്റെ സ്വര്‍ണമാലയാണ് പാലക്കാട് ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി കൃഷ്ണദാസിന്റെ വീട്ടിലെ ‘ഗോള്‍ഡന്‍ റിട്രീവര്‍’ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ
ഡെയ്സി വിഴുങ്ങിയത്. പണിക്കൂലിയടക്കം 2 ലക്ഷം രൂപയോളം വില വരുന്ന മാല പുറത്തെടുക്കാന്‍ ശസ്ത്രിക്രിയ അടക്കം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അതിനൊന്നും ഇടയാക്കാതെ സാധനം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇവര്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ മൂന്നരപ്പവന്റെ സ്വര്‍ണമാല കാണാതായത്. വീടും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വീട്ടിലെ വളര്‍ത്തുനായ ഡെയ്സി ഒരു പെന്‍സില്‍ കടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മാല ഡെയ്സി വിഴുങ്ങിയതാണോ എന്ന സംശയം ഇതോടെ ബലപ്പെട്ടു. തുടര്‍ന്ന് എക്സ്റേ എടുത്തുനോക്കിയപ്പോള്‍ മാല ഡെയ്സിയുടെ വയറ്റില്‍ സേഫ് ആണെന്ന് മനസിലായി.
പിന്നാലെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. മാല പുറത്തുവന്നില്ലെങ്കില്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.സ്വര്‍ണവില റോക്കറ്റ് വേഗത്തില്‍ കുതിച്ച് കയറുമ്പോഴാണ് മൂന്നരപവന്റെ മാല നായ വിഴുങ്ങിയത്. ഡെയ്സിയെ ശസ്ത്രക്രിയ ചെയ്യുന്നതില്‍ വിഷമം ഉണ്ടെങ്കിലും പാതിമനസോടെ സര്‍ജറിക്കുള്ള തീയതിയും നിശ്ചയിച്ചു.
‘കത്തിവെക്കുന്നതിന്’ മുന്‍പ് അവസാനവട്ട ശ്രമം എന്ന നിലയില്‍ ബ്രെഡും പഴവുമെല്ലാം കൊടുത്ത് മാല പുറത്തെടുക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. മാല വയറ്റില്‍ കിടന്നാല്‍ ഡെയ്സിയുടെ ജീവനെ ബാധിക്കുമോ എന്ന് കരുതി ശസ്ത്രക്രിയ ചെയ്യാനുള്ള തീരുമാനവുമായി കുടുംബം മുന്നോട്ട് പോയി. വീണ്ടും എക്സ്റേ എടുത്തുനോക്കിയപ്പോഴാകട്ടെ മാല പുറത്തേക്ക് വരാനുള്ള സാഹചര്യത്തിലാണെന്ന് ഡോക്ടര്‍ പറഞ്ഞു. മൂന്നാം ദിവസം പുറത്തുവന്ന മാല ഡെയ്സി തന്നെയാണ് വീട്ടുകാര്‍ക്ക് കാട്ടികൊടുത്തത്. കുറച്ച് ദിവസം ഡെയ്സിയുടെ വയറ്റില്‍ കിടന്നതുകൊണ്ടാകാം രാസപ്രവര്‍ത്തനം മൂലം മാലയ്ക്ക് ചെറിയ നിറംമാറ്റം സംഭവിച്ചിട്ടുണ്ട് എന്നത് ഒഴിച്ചാല്‍ മാലയ്ക്കും ഡെയ്സിക്കും മറ്റ് കുഴപ്പങ്ങളൊന്നും ഇല്ല എന്ന സന്തോഷത്തിലാണ് കൃഷ്ണദാസും കുടുംബവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.