• HOME
  • »
  • NEWS
  • »
  • buzz
  • »
  • അമ്മ മരിച്ചതിന്റെ അവധി കഴിഞ്ഞെത്തിയപ്പോൾ പിരിച്ചുവിട്ടു; നോവും കുറിപ്പുമായി ​ഗൂ​ഗിളിലെ മുൻ ജീവനക്കാരൻ

അമ്മ മരിച്ചതിന്റെ അവധി കഴിഞ്ഞെത്തിയപ്പോൾ പിരിച്ചുവിട്ടു; നോവും കുറിപ്പുമായി ​ഗൂ​ഗിളിലെ മുൻ ജീവനക്കാരൻ

'പെട്ടെന്നൊരു ദിവസം എന്നെ വേണ്ടെന്നു വെയ്ക്കുന്ന കമ്പനിയിൽ നിന്നും പുറത്തു പോകുന്നതിൽ വിഷമമില്ല' ടോമി കുറിച്ചു.

  • Share this:

    ടെക് ഭീമൻ ​ഗൂ​ഗിളിന്റെ പിരിച്ചുവിടൽ പല ജീവനക്കാരെയും സാരമായി ബാധിച്ചിരിക്കുകയാണ്. അമ്മ മരിച്ചതിനു ശേഷം അവധി കഴിഞ്ഞ് മടങ്ങിയെത്തി നാല് ദിവസത്തിന് ശേഷം തനിക്ക് കമ്പനി വിടേണ്ടി വന്നെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരിലൊരാൾ പറഞ്ഞു. തകർന്നിരിക്കുന്ന അവസ്ഥയിൽ മുഖത്തടിയേറ്റതു പോലുള്ള സംഭവമായിപ്പോയി ഇതെന്നും ​ഗൂ​ഗിളിൽ സോഫ്റ്റ‍്‍വെയർ എഞ്ചിനീയറായിരുന്നു ടോമി യോർക്ക് പറയുന്നു.

    “കഴിഞ്ഞ ആഴ്ചയാണ് എന്നെ ഗൂഗിളിൽ നിന്ന് പിരിച്ചുവിട്ടത്. ഡിസംബറിലാണ് കാൻസർ ബാധിച്ച് എന്റെ അമ്മ മരിച്ചത്. അവധി കഴിഞ്ഞ് മടങ്ങിയെത്തി നാലാം ദിവസമാണ് പിരിച്ചുവിടുകയാണെന്ന് അറിയിച്ചത്”, ടോമി യോർക്ക് ലിങ്ക്ഡിനിൽ കുറിച്ചു. ”ഞാൻ ക്ഷീണിതനും നിരാശനുമാണ്. പിരിച്ചുവിടപ്പെട്ട പലരെയും കുറിച്ചുള്ള വേദനിപ്പിക്കുന്ന കഥകൾ ഞാൻ കേട്ടു. രോ​ഗാവധിയിൽ ഉള്ളവരും ഒരു കുഞ്ഞിനെ കാത്തിരിക്കുന്നവരും എല്ലാം അക്കൂട്ടത്തിലുണ്ട്”, ടോമി കൂട്ടിച്ചേർത്തു.‌‌

    Also Read-‘ഞങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്തവർക്ക് നന്ദി’; പിരിച്ചുവിടൽ പ്രഖ്യാപനത്തിനു പിന്നാലെ ​ഗൂ​ഗിൾ സിഇഒയുടെ കത്ത്

    2021 ലാണ് ടോമി ​ഗൂ​ഗിളിൽ ജോലിക്കു പ്രവേശിച്ചത്. തൊട്ടുപിന്നാലെ അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ചു. “നല്ല കമ്പനികളിൽ ജോലി ചെയ്യാൻ ഇനിയും അവസരങ്ങൾ ലഭിക്കും. പക്ഷേ നമ്മുടെ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കുന്ന സമയം വിലപ്പെട്ടതാണ്. എന്റെ അമ്മയ്‌ക്കൊപ്പം സമയവും ഊർജവും ചെലവഴിക്കാനായതിൽ ഞാൻ നന്ദിയുള്ളവനാണ്. പെട്ടെന്നൊരു ദിവസം എന്നെ വേണ്ടെന്നു വെയ്ക്കുന്ന കമ്പനിയിൽ നിന്നും പുറത്തു പോകുന്നതിൽ വിഷമമില്ല”, എന്നും ടോമി കുറിച്ചു. പിരിച്ചുവിടൽ സമയത്ത് ലഭിച്ച മികച്ച പാക്കേജിന് ടോമി ഗൂഗിളിന് നന്ദി പറയുകയും ചെയ്തു. “ജീവിതം ഇനിയും മുന്നോട്ടു നീങ്ങണം. എന്നെങ്കിലും ഒരിക്കൽ ഇത് മറ്റുള്ളവരെ രസിപ്പിക്കാനുള്ള ഒരു കഥയായി ഞാൻ തന്നെ പറയും”, അദ്ദേഹം കൂട്ടിച്ചേർത്തു.

    12,000 പേരെ പിരിച്ചുവിടുന്നതായി കഴിഞ്ഞയാഴ്ചയാണ് ​ഗൂ​ഗിൾ പ്രഖ്യാപിച്ചത്. കോവിഡിനെ തുടർന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും ചെലവ് ചുരുക്കലിന്റെ ഭാഗമായും ആണ് ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ‘ഞങ്ങള്‍ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന അസാധ്യ കഴിവുകളുള്ള ചില ആളുകളോട് വിട പറയേണ്ട അവസ്ഥ വന്നിരിക്കുന്നു. അതില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു. ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുമെന്ന വസ്തുത എന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. കഠിനമായ, എന്നാല്‍ ഒഴിവാക്കാനാവാത്ത ഈ തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു”, എന്ന് ജീവനക്കാർക്കയച്ച കത്തിൽ പിച്ചൈ പറഞ്ഞിരുന്നു.

    Also Read-ഗൂഗിളിനെതിരെ കേസെടുത്ത് യുഎസ് നീതിന്യായ വകുപ്പ്; ‘അന്യായ മാർഗങ്ങളിലൂടെ ഓണ്‍ലൈന്‍ പരസ്യ വിപണിയിൽ ആധിപത്യം നേടി’

    അമേരിക്കയില്‍ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നോട്ടീസ് പീരിയഡിലെ (കുറഞ്ഞത് 60 ദിവസത്തെ) ശമ്പളം ലഭിക്കും. ഒരു പിരിച്ചുവിടല്‍ പാക്കേജും ലഭിക്കും. നാലു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും. ഇതിനു പുറമെ 2022 ലെ ശേഷിക്കുന്ന ബോണസും 6 മാസത്തെ ആരോഗ്യ സംരക്ഷണം, ജോലി പ്ലേസ്മെന്‍റ് സേവനങ്ങള്‍, പുതിയ ജോലി കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവയും നല്‍കുമെന്ന് കമ്പനി അറിയിച്ചു. യുഎസിന് പുറത്തുള്ള ഗൂഗിള്‍ ജീവനക്കാർക്ക് പ്രാദേശിക മാര്‍ഗനിര്‍ദേശങ്ങളും കരാറുകളും അനുസരിച്ച്‌ വേര്‍പിരിയല്‍ പാക്കേജ് ലഭിക്കാൻ കൂടുതൽ സമയമെടുക്കും എന്നും കമ്പനി അറിയിച്ചു.

    Published by:Jayesh Krishnan
    First published: