മൊബൈൽ ഫോണിൽ മണിക്കൂറുകളോളം സിനിമകള്‍ (Cinema) കാണുന്നതും സോഷ്യല്‍ മീഡിയ (Social Media) സൈറ്റുകളിൽ സമയം ചെലവഴിക്കുന്നതും ഇന്നത്തെ കാലത്ത് ഒരു പതിവ് കാര്യമാണ്. എന്നാല്‍ ഇവിടെ മൊബൈല്‍ ഫോണില്‍ (mobile phone) മണിക്കൂറുകൾ ചെലവിടുന്നത് ഒരു മനുഷ്യനല്ല. അമേരിക്കയിലെ ചിക്കാഗോയിലെ ലിങ്കണ് പാര്‍ക്ക് മൃഗശാലയിൽ കഴിയുന്ന അമെയർ എന്ന ഗൊറില്ലയാണ് (gorilla). പരിസരം പോലും മറന്നാണ് പലപ്പോഴും അമെയർ സ്മാർട്ട്ഫോണിൽ (Smartphone)നോക്കിയിരിക്കുന്നത്. അമെയറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് മൃഗശാല (Zoo)അധികൃതര്‍.
16 വയസ്സുള്ള ഗൊറില്ലയാണ് അമെയർ. സ്വന്തമായി സ്മാര്ട്ഫോണില്ലെങ്കിലും തന്നെ കാണാനെത്തുന്ന സന്ദര്‍ശകരാണ് (visitors) അമെയറെ മൊബൈല്‍ ഫോണിന് അടിമയാക്കിയത്. സന്ദര്‍ശകരില്‍ നിന്ന് വേര്‍തിരിക്കുന്ന ഗ്ലാസ് പാളിയോട് ചേര്‍ന്ന് ഇരിക്കാനാണ് അമെയർക്ക് ഇഷ്ടം. ഇവിടെയിരുന്നാല്‍ അവന് സന്ദര്‍ശകരെ അടുത്ത് കാണാം. അമെയറെ കാണാനെത്തുന്ന സന്ദര്‍ശകര്‍ അവനൊപ്പം സെല്‍ഫികളും വീഡിയോകളും എടുക്കാറുണ്ട്. ഈ ചിത്രങ്ങള്‍ അവര്‍ അമെയറെ കാണിക്കാനും തുടങ്ങി. സെല്‍ഫികളും വീഡിയോകളും വീട്ടിലെ വളര്‍ത്തുമൃഗങ്ങളുടെ ചിത്രങ്ങളുമൊക്കെ ഇത്തരത്തിൽ അമെയറെ കാണിക്കാറുണ്ട്.
ഒരു ദിവസം, അമെയറുടെ കൂട്ടത്തിലുള്ള മറ്റൊരു ഗൊറില്ല അവനെ ആക്രമിച്ചിട്ട് പോലും അമെയറുടെ ശ്രദ്ധ മുഴുവൻ മൊബൈൽ ഫോണിലായിരുന്നു.
ഏകദേശം 193 കിലോഗ്രാമാണ് അമെയറിന്റെ ഭാരം. ഗൊറില്ല മൊബൈല്‍ ഫോൺ കാണാതിരിക്കുന്നതിനായി മൃഗശാലയിലെ ജീവനക്കാര്‍ ഗ്ലാസ് പാളിക്കും സന്ദര്‍ശകര്‍ക്കും ഇടയില്‍ കയറുകൾ കെട്ടി തിരിച്ചിട്ടുണ്ട്. കൂടാതെ അമെയറെ മൊബൈലിലെ ചിത്രങ്ങള്‍ കാണിക്കരുതെന്ന് സന്ദര്‍ശകരോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ബോര്‍ഡുകളും മൃഗശാലയില്‍ സ്ഥാപിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ കണ്ടിരിക്കുന്നത് കൊണ്ട് അമെയറുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നും എങ്കിലും ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും മൃഗശാലയിലെ കുരങ്ങു സംരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ സ്റ്റീഫന്‍ റോസ് പറഞ്ഞു.
അടുത്തിടെ ജര്‍മ്മനിയിലെ ഒരു മൃഗശാലയില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല തന്റെ 65-ാം ജന്മദിനം ആഘോഷിച്ചത് വലിയ വാർത്തായായിരുന്നു. ഏപ്രില്‍ 13നായിരുന്നു ജന്മദിനാഘോഷങ്ങള്. ഫാറ്റു എന്നാണ് ഈ ഗൊറില്ലയുടെ പേര്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗൊറില്ല എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഫാറ്റുവിന്റെ വീഡിയോയും ബെര്‍ലിന്‍ മൃഗശാല പങ്കുവെച്ചിരുന്നു. വീഡിയോ ക്ലിപ്പില്‍ ഫാറ്റു ബര്‍ത്ത്ഡേ കേക്ക് കഴിക്കുന്നത് കാണാം. കേക്കില്‍ ബെറികള്‍ കൊണ്ട് 65 എന്ന് എഴുതിയിട്ടുണ്ട്. അരി, വൈറ്റ് ക്വാര്‍ക്ക്, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ചേര്‍ത്താണ് ഫാറ്റുവിന്റെ കേക്ക് തയ്യാറാക്കിയതെന്ന് മൃഗശാലയിലെ ജീവനക്കാരനായ ക്രിസ്റ്റ്യന്‍ ഓസ്റ്റ് പറയുന്നു.2017ല്‍ 60 വയസ്സ് പ്രായമുള്ള ഗൊറില്ല മരിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല ഫാറ്റുവാണ്.ഗൊറില്ലകള്‍ സാധാരണയായി 40-50 വര്‍ഷം വരെയാണ് ജീവിക്കുക.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.