സമൂഹമാധ്യമങ്ങൾ വഴി ചെറുകിട കച്ചവടങ്ങൾ നടത്തുന്നവരുടെ വേറിട്ട വിപണന തന്ത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കാൻ വ്യത്യസ്ത രീതിയിൽ ഓൺലൈൻ വ്യാപാരം നടത്തുന്ന ഒരു പ്രായം ചെന്ന വ്യക്തിയുടെ വീഡിയോ അടുത്തിടെ ഇത്തരത്തിൽ വൈറലായി മാറിയിരുന്നു. വെള്ളക്കുപ്പികൾ വിൽക്കുന്നതിനായി പൊട്ടിച്ചിരിച്ചും നൃത്തം ചെയ്തുമെല്ലാം പല മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്ന ഇദ്ദേഹത്തിന്റെ വീഡിയോ, ചൈനീസ് സമൂഹമാധ്യമമായ ഡോയിൻ വഴിയാണ് പ്രചരിച്ചത്. രസകരമായി ചുവടുവച്ചും ചിരിച്ചുമെല്ലാം സന്തോഷത്തോടെ വെള്ളക്കുപ്പികൾ വിൽക്കാൻ ശ്രമിക്കുന്ന ഈ വീഡിയോ ഓൺലൈൻ കാഴ്ചക്കാർക്ക് വലിയ കൗതുകമായി മാറിയിരുന്നു. പ്രായം ചെന്ന ഒരു വ്യക്തി നൃത്തം ചെയ്യുന്ന സന്തോഷകരമായ ദൃശ്യങ്ങളായതിനാൽ അത് വലിയ പ്രചാരം നേടുകയും ചെയ്തു.
വീഡിയോ വൈറലായതോടെ അതിനു പിന്നിലുള്ള കഥയും പുറത്തുവന്നിരിക്കുകയാണ്. തന്റേതായ വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന സന്തോഷവാനായ ഒരു വ്യക്തിയെന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെങ്കിലും, യാഥാർത്ഥ്യം അതായിരുന്നില്ല. അപൂർവരോഗം ബാധിച്ച് മരണത്തോടു മല്ലിടുന്ന തന്റെ കൊച്ചുമകന്റെ ചികിത്സയ്ക്കും മറ്റുമായി പണം കണ്ടെത്താനായിരുന്നു അപ്പൂപ്പന്റെ കച്ചവടം. കാഴ്ചക്കാരെ സന്തോഷിപ്പിച്ചുകൊണ്ടിരുന്ന ഈ വീഡിയോയ്ക്കു പിന്നിൽ ഇത്തരമൊരു കഥയുണ്ടെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് സമൂഹമാധ്യമങ്ങൾ. കൊച്ചുമകന്റെ ജീവൻ രക്ഷിക്കാനുള്ള അവസാനശ്രമങ്ങൾ നടത്തുമ്പോഴും, കാഴ്ചക്കാരെ രസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അപ്പൂപ്പന്റെ മനോഭാവവും ചർച്ചയാവുകയാണ്. വിഷമഘട്ടങ്ങളിൽ തോറ്റുപോകാതെ തന്നാലാകുന്നത് ചെയ്ത് കൊച്ചുമകന്റെ ജീവൻ തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം കാഴ്ചക്കാർക്ക് ആശ്ചര്യമാകുന്നു.
Also read- സ്വന്തം കുഞ്ഞിനെ അനുവാദമില്ലാതെ ബെസ്റ്റ് ഫ്രെണ്ട് മുലയൂട്ടിയത് സഹിക്കാതെ അമ്മ
തന്റെ ദുഃഖം മറച്ചുവച്ച് കൊച്ചുമകനു വേണ്ടി ഈ അപ്പൂപ്പൻ നടത്തുന്ന കച്ചവടത്തിന്റെ കഥയറിഞ്ഞ് നിരവധി പേരാണ് സഹായവുമായി മുന്നോട്ടുവന്നിരിക്കുന്നത്. വീഡിയോയും തന്റെ കഥയും വൈറലായതോടെ, കൊച്ചുമകന്റെ ജീവൻ രക്ഷിക്കാനായി അപ്പൂപ്പനും ഇന്റർനെറ്റിന്റെ സഹായം തേടിയിട്ടുണ്ട്. ഏറെ വൈകാരികമായ പ്രതികരണങ്ങളാണ് അപ്പൂപ്പനും അദ്ദേഹത്തിന്റെ വീഡിയോയ്ക്കും ഇപ്പോൾ ലഭിക്കുന്നത്. കൊച്ചുമകന്റെ ചികിത്സയ്ക്ക് ഉപകരിക്കാനായി ധാരാളമാളുകൾ അപ്പൂപ്പന്റെ വെള്ളക്കുപ്പികൾ ഓർഡർ ചെയ്തു വാങ്ങുന്നുണ്ട്. കൊച്ചുമകന്റെ അടിയന്തിര ശസ്ത്രക്രിയയ്ക്കായി നേരിട്ട് പണമയച്ച് സഹായിക്കുന്നവരും നിരവധിയാണ്.
ശസ്ത്രക്രിയ വിജയമാകട്ടെയെന്നും കൊച്ചുമകന് ഉടൻ തന്നെ സാധാരണജീവിതത്തിലേക്ക് മടങ്ങാനാകട്ടെയെന്നും ഒട്ടനവധി പേർ ആശംസിയ്ക്കുകയും ചെയ്യുന്നുണ്ട്. അപ്പൂപ്പന്റെ പ്രസരിപ്പും വിഷമഘട്ടങ്ങളെയും സന്തോഷത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവും കൊച്ചുമകനോടുള്ള സ്‌നേഹവും ഇന്റർനെറ്റിൽ ധാരാളം ആരാധകരുടെ ഹൃദയം കവരുകയാണ്. പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകുന്നതും കരഞ്ഞിരിക്കുന്നതും സാധാരണമാണെങ്കിലും, അത് ഒരിക്കലും ഒരു പ്രശ്‌നത്തിനും പരിഹാരമാകുന്നില്ല എന്ന സത്യമാണ് ഈ വീഡിയോ വെളിപ്പെടുത്തുന്നതെന്ന് കാഴ്ചക്കാർ പറയുന്നു.
Also read- കടുവയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കൾക്ക് സംഭവിച്ചത്; വീഡിയോ വൈറൽ
ഇതാദ്യമായല്ല പ്രായം ചെന്ന വ്യക്തികളുടെ വീഡിയോകളോട് ഇന്റർനെറ്റ് ഉപയോക്താക്കൾ വൈകാരികമായി പ്രതികരിക്കുന്നത്. 2022 സെപ്തംബറിലും ഇത്തരമൊരു വീഡിയോ വൈറലായിരുന്നു. പ്രായം ചെന്ന ഒരാൾ തന്റെ ആകെയുള്ള സമ്പാദ്യം ഒന്നൊന്നായി എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോയായിരുന്നു അത്. സമാനമായ രീതിയിലായിരുന്നു അന്ന് ആ വീഡിയോയ്ക്കും ലഭിച്ച പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral video