• HOME
  • »
  • NEWS
  • »
  • buzz
  • »
  • Old Woman donates Land worth 1 Crore | ഗ്രാമത്തിൽ സ്‌കൂള്‍ പണിയാന്‍ ഈ മുത്തശ്ശി സംഭാവന ചെയ്തത് ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി

Old Woman donates Land worth 1 Crore | ഗ്രാമത്തിൽ സ്‌കൂള്‍ പണിയാന്‍ ഈ മുത്തശ്ശി സംഭാവന ചെയ്തത് ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി

‌വര്‍ഷങ്ങള്‍ക്ക് മുമ്പ് കുനിക്കേരി ബസപ്പ ചൗദ്രി എന്നയാളെ വിവാഹം കഴിച്ചതിന് ശേഷമാണ് അവര്‍ ഈ ഗ്രാമത്തിലെത്തിയത്. തങ്ങളുടെ വയലിലും ഭൂമിയിലും കഠിനാധ്വാനം ചെയ്താണ് ഇവര്‍ കഴിഞ്ഞിരുന്നത്

  • Share this:
    കര്‍ണാടകയിലെ (Karnataka) ഹവേരി ജില്ലയിലെ കുനിക്കേരി ഗ്രാമത്തില്‍ നിന്നുള്ള 75കാരിയായ ഒരു മുത്തശ്ശി തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് നന്നായി പഠിക്കാനും കളിക്കാനും വേണ്ടി തനിക്കുള്ള ഭൂമിയെല്ലാം സ്വമേധയാ വിട്ടുകൊടുത്ത് ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കുനിക്കേരി ഗ്രാമത്തിന്റെ കേന്ദ്ര ഭാഗത്ത് ഹുഞ്ചമ്മ ചൗദ്രി എന്ന ഈ മുത്തശ്ശിക്ക് രണ്ടേക്കര്‍ ഭൂമി (Land) ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുനിക്കേരി ബസപ്പ ചൗദ്രി എന്നയാളെ വിവാഹം കഴിച്ചതിന് ശേഷമാണ് അവര്‍ ഈ ഗ്രാമത്തിലെത്തിയത്. തങ്ങളുടെ വയലിലും ഭൂമിയിലും കഠിനാധ്വാനം ചെയ്താണ് ഇവര്‍ കഴിഞ്ഞിരുന്നത്.

    ഈ ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. മുപ്പത് വര്‍ഷം മുമ്പ് ബസപ്പ ചൗദ്രി അന്തരിച്ചു, അതോടെ ഹുഞ്ചമ്മ തനിച്ചായി. അവര്‍ വയലിലെ ജോലി തുടരുകയും ലളിതമായ ജീവിതം നയിക്കുകയും ചെയ്തു.

    ആ സമയത്താണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ (School) പണിയാന്‍ സ്ഥലം തേടുകയാണെന്ന് അറിഞ്ഞത്. അവര്‍ ഉടനടി ഒന്നര ഏക്കര്‍ സ്ഥലം സ്‌കൂളിനുവേണ്ടി വിട്ടുകൊടുത്തു. കുറച്ചു കാലത്തിനുശേഷം, കുട്ടികള്‍ക്കായി ഒരു കളിസ്ഥലം നിര്‍മ്മിക്കാന്‍ സ്‌കൂള്‍ കമ്മിറ്റി സമീപത്ത് സ്ഥലം അന്വേഷിച്ചു.

    ഹുഞ്ചമ്മ ഒരിക്കല്‍ക്കൂടി നിറഞ്ഞ സന്തോഷത്തോടെ ബാക്കിയുള്ള ഭൂമി കൂടി സ്‌ക്കൂളിലേക്കുള്ള കളിസ്ഥലത്തിനായി സമ്മാനിച്ചു. ഹുഞ്ചമ്മ ഇപ്പോള്‍ അതേ സ്‌കൂളില്‍ പ്രധാന പാചകക്കാരിയായി ജോലി ചെയ്യുകയാണ്. സ്‌കൂള്‍ അടയ്ക്കുന്ന സമയത്ത് അവര്‍ മറ്റുള്ളവരുടെ പറമ്പില്‍ കര്‍ഷകത്തൊഴിലാളിയായും ജോലി ചെയ്യുന്നു.

    ''ഞാന്‍ പ്രസവിച്ചില്ല. എന്നാല്‍ ഈ കുട്ടികളെല്ലാം എന്നെ മുത്തശ്ശി എന്നാണ് വിളിക്കുന്നത്. ഓരോ ദിവസവും 300 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍പരം സന്തോഷം മറ്റെന്തുണ്ട്. 300 കുട്ടികളെ സ്വന്തം മക്കളായി കാണാൻ കഴിയുമ്പോൾ ഒന്നോ രണ്ടോ കുട്ടികള്‍ വേണമെന്ന് ചിന്തിക്കുന്നതെന്തിനാണ്?'', ഹുഞ്ചമ്മ ചോദിക്കുന്നു.

    Viral video |'ഇത് മനുഷ്യന്‍ തന്നെയാണോ?' ജനലഴിയിലൂടെ നൂഴ്ന്നിറങ്ങി കള്ളന്‍; മോഷണരീതി കണ്ട് ഞെട്ടി പോലീസ്

    ലോഹനിര്‍മ്മാതാക്കളുടെ പ്രിയപ്പെട്ട ഭൂപ്രദേശമായി കുനിക്കേരി മാറിയതോടെ ഇവിടെ ഭൂമിയുടെ വില കുത്തനെ ഉയർന്നു. സ്‌കൂള്‍ കെട്ടിടത്തിനും കളിസ്ഥലത്തിനുമായി ഹുഞ്ചമ്മ സംഭാവന നല്‍കിയ ഭൂമിക്ക് ഒരു കോടി രൂപയെങ്കിലും വിപണിവില ലഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരുപക്ഷേ അതിലും മുകളില്‍ ലഭിച്ചേക്കാമെന്നും പറയുന്നു.

    Tigers | ഇന്ത്യയിൽ ഒരു വർഷം ബ്രിട്ടീഷുകാർ കൊന്നൊടുക്കിയത് 1,579 കടുവകളെ: ട്വീറ്റുമായി ഐഎഫ്എസ് ഓഫീസർ

    ഹുഞ്ചമ്മയോട് സംഭാവന നല്‍കിയ ഭൂമിയുടെ മൂല്യം അറിയാമോ എന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരിയോടെയുള്ള അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''എനിക്ക് വേണ്ടത് വിശപ്പകറ്റാനുള്ള ഭക്ഷണം മാത്രമാണ്. അതെനിക്ക് ലഭിക്കുന്നുണ്ട്. ഇനി ആ പണം കൊണ്ട് ഞാന്‍ എന്ത് ചെയ്യും? ഇപ്പോൾ ഈ കുട്ടികള്‍ എന്നെ എക്കാലവും ഓര്‍ക്കും, അല്ലേ? അത് തന്നെ ധാരാളം''.
    Published by:Jayashankar AV
    First published: