ഇന്ന് ഡിസംബർ 21 ന് ആകാശത്ത് ഒരുങ്ങുന്നത് അത്ഭുത കാഴ്ച്ച. സൂര്യാസ്തമയം കഴിഞ്ഞ് പടിഞ്ഞാറു ഭാഗത്ത് ഗ്രഹങ്ങളായ വ്യാഴാവും ശനിയും ഒന്നിച്ച് നിൽക്കുന്നതായി കാണാം. ഒറ്റനോട്ടത്തിൽ ഒന്നിച്ചാണെന്ന് തോന്നുമെങ്കിലും രണ്ട് ഗ്രഹങ്ങളേയും രണ്ടായി കാണാൻ കഴിയൂ. അപൂർവമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്.
'ഗ്രേറ്റ് കൺജങ്ഷൻ' അഥവാ മഹാ സംയോജനം എന്നാണ് ഇത് അറിയപ്പെടുന്നത്. ഏകദേശം ഓരോ ഇരുപത് വർഷം കൂടുമ്പോഴും വ്യാഴവും ശനിയും ഈ രീതിയിൽ 'ഒന്നിക്കാറുണ്ട്''. ഇതിന് മുമ്പ് 2000 ലായിരുന്നു ഇത് സംഭവിച്ചത്. എന്നാൽ ഇത്രയും അടുത്ത് രണ്ട് ഗ്രഹങ്ങളേയും കാണുന്നത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. 1623 ലാണ് അവസാനമായി ഇരു ഗ്രഹങ്ങളും ഇത്രയും അടുത്ത് ചേർന്നത്.
മാസങ്ങളായി ഇരു ഗ്രഹങ്ങളും പരസ്പരം അടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിൽ വൈകിട്ട് 5.28 മുതൽ 7.12 വരെയാണ് മഹാസംഗമം നടക്കുക. ചക്രവാളത്തിന് അടുത്തായി തിളക്കം കൂടി നക്ഷത്രമായി വ്യാഴത്തിനെയും തൊട്ടുമുകളിൽ അൽപ്പം തെക്കുമാറി ശനിയേയും കാണാം. ആദ്യത്ത അരമണിക്കൂറാണ് അപൂർവ കാഴ്ച്ച ഏറ്റവും വ്യക്തമായി ദൃശ്യമാകുക. തുടർന്ന് രണ്ട് മണിക്കൂറോളം ഇവ ഇതേ രീതിയിൽ ഉണ്ടാകും.
ബൈനാക്കുലറിന്റെ സഹായത്തോടെ മഹാസംഗമം കൃത്യമായി കാണാൻ സാധിക്കും. ഭൂമിയിൽ നിന്നും 735 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഇരു ഗ്രഹങ്ങളും സ്ഥിതി ചെയ്യുകയെങ്കിലും ഭൂമിയോട് ഏറ്റവും അടുത്തുള്ളതായി തോന്നും. ഇനി വീണ്ടും ഇവയെ ഇത്രയും അടുത്ത് ഒന്നിച്ച് കാണണമെങ്കിൽ അറുപത് വർഷങ്ങൾ കാത്തിരിക്കണം.
സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ഏറ്റവും വലിയവയാണ് വ്യാഴവും ശനിയും. ഭൂമിയെ അപേക്ഷിച്ച് സൂര്യനിൽ നിന്ന് വളരെ അകലെയായതിനാൽ പതുക്കെയാണ് ഇരു ഗ്രഹങ്ങളുടെയും സഞ്ചാരം. വ്യാഴം ഒരു തവണ സൂര്യനെ വലംവെയ്ക്കാൻ 12 വർഷമെടുക്കും. ശനി മുപ്പത് വർഷമെടുത്താണ് സൂര്യനെ ഒരു തവണ വലം വെക്കുന്നത്. ഇതിനിടയിൽ മൂന്ന് തവണയാണ് വ്യാഴം ശനിയെ മറികടക്കുന്നത്.
1623 ലെ ഗ്രേറ്റ് കൺജങ്ഷന്‍ സാക്ഷിയാകാൻ ഗലീലിയോ അടക്കമുള്ളവർ ഉണ്ടായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.