ഇന്ത്യൻ വിവാഹങ്ങൾ മോടിയുടെയും തിളക്കത്തിന്റെയും അവസരങ്ങൾ കൂടിയാണ്. വലിയ തോതിലുള്ള ഇന്ത്യൻ വിവാഹങ്ങൾ ദിവസങ്ങൾ നീണ്ട ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടു കൂടിയാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. ഇത്തരം പ്രത്യേകതകൾ മൂലം പല വിവാഹങ്ങളുടെയും ദൃശ്യങ്ങൾ വൈറലായി പ്രചരിക്കാറുമുണ്ട്. സൽമാൻ ഖാൻ സ്റ്റൈലിലുള്ള, ബോളിവുഡിനെ അനുസ്മരിപ്പിക്കുന്ന വിവാഹഘോഷയാത്രയുടെ വീഡിയോ സമാനമായ രീതിയിൽ അടുത്തിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ആ വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നത്.
ഒരു വെള്ള ഷെർവാണിയും കുങ്കുമനിറമുള്ള തലക്കെട്ടും അണിഞ്ഞ് രംഗപ്രവേശം നടത്തുന്ന വരനെയാണ് ആ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. കാജോൾ മുഖർജി, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർ വേഷമിട്ട് 1998-ൽ പുറത്തിറങ്ങിയ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിരയിൽ ഇടം പിടിച്ച 'കുച്ച് കുച്ച് ഹോത്താ ഹേ' എന്ന ചലച്ചിത്രത്തിലെ 'സാജൻ ജി ഘർ ആയെ ദുൽഹൻ ക്യോം ശർമായെ' എന്ന ഗാനത്തിന് ചുവടു വെച്ചുകൊണ്ടാണ് വരന്റെ വരവ്. ചിത്രത്തിൽ കാജോൾ അവതരിപ്പിക്കുന്ന കഥാപാത്രവും സൽമാൻ ഖാനും തമ്മിലുള്ള വിവാഹവേളയിലെ ഗാനമാണ് ഇത്.
സൽമാൻ ഖാനെ അനുസ്മരിപ്പിക്കുന്ന ചുവടുകളുമായി എത്തുന്ന വരന് ചുറ്റും ഒരു സംഘം ആളുകൾ ആനന്ദനൃത്തം ചവിട്ടുന്നത് വീഡിയോയിൽ കാണാം.'ദി വെഡ്ഡിങ് മാനിയ' എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലാണ് ഈ വീഡിയോ സമൂഹ മാധ്യമത്തിൽ ആദ്യമായി പങ്കുവെച്ചത്. നിരവധി ഇൻസ്റ്റഗ്രാം ഉപയോക്താക്കളാണ് വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തുന്നത്.
ഇന്ത്യൻ വിവാഹങ്ങൾ അവിടെ അരങ്ങേറുന്ന വ്യത്യസ്തമായ കലാപരിപാടികൾ കൊണ്ട് എല്ലാക്കാലത്തും നമ്മളെ രസിപ്പിക്കാറുണ്ട്. രസകരമായ മറ്റൊരു വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും അടുത്തിടെ വൈറലായി മാറിയിരുന്നു. തമിഴ്നാട്ടിലെ മധുരയിൽ നിന്നുള്ള ദമ്പതികൾ ആകാശത്ത് വെച്ച് വിവാഹം കഴിച്ചുകൊണ്ടാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവാഹാഘോഷങ്ങളിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ദമ്പതികൾ വിമാനത്തിൽ വെച്ച് വിവാഹച്ചടങ്ങ് നടത്താൻ തീരുമാനിച്ചത്.
രാകേഷ്, ദക്ഷിണ എന്നീ ദമ്പതികൾ രണ്ടു മണിക്കൂർ നേരത്തേക്ക് ഒരു ചാർട്ടേർഡ് ഫ്ലൈറ്റ് വാടകയ്ക്കെടുക്കുകയും അതിൽ വെച്ച് 161 അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവാഹം നടത്തുകയുമായിരുന്നു. എല്ലാ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം കഴിക്കണമെന്ന ആഗ്രഹം സാക്ഷാത്കരിക്കാനാണ് ദമ്പതികൾ വ്യത്യസ്തമായ ഈ മാർഗം തിരഞ്ഞെടുത്തത്.
വിവാഹത്തിന് ശേഷം ഉല്ലാസയാത്ര നടത്താനായി ഒരു സംഘം യാത്രികർക്ക് 2021 മെയ് 23-ന് മധുരയിലെ ഒരു ട്രാവൽ ഏജന്റ് ഒരു സ്പൈസ്ജെറ്റ് ബോയിങ് 737 വിമാനം ചാർട്ടർ ചെയ്തു നൽകി. വിമാനത്തിനകത്ത് പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ക്ലയന്റിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയും അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. വിവാഹസംഘത്തിന് ഉല്ലാസയാത്ര നടത്താനാണെന്ന കാരണം നൽകിയാണ് വിമാനയാത്രയ്ക്കുള്ള അനുമതി നേടിയെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.