ഹോട്ടലുകളിലെ താമസം പലർക്കും ഇഷ്ടമുള്ള കാര്യമാണ്. മിക്ക ഹോട്ടലുകളും (hotel) തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം പരമാവധി നൽകാൻ ശ്രമിക്കാറുമുണ്ട്. എന്നാല്‍ ചിലര്‍ക്ക് ചില ദുരനുഭവങ്ങളും ഹോട്ടലുകളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാകും. അടുത്തിടെയുണ്ടായ ഒരു സംഭവം ഇത്തരത്തിൽ ഒന്നാണ്. ഹോട്ടലിലെ താമസത്തിനിടെ ചെവിയില്‍ പാറ്റ (cockroach) കയറിയ ഒരാളുടെ കേള്‍വി ശക്തിയാണ് (hearing) നഷ്ടപ്പെട്ടിരിക്കുന്നത്. ടോഡ് വാന്സിക്കിൾ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചിനടുത്തുള്ള ഹോട്ടലിൽ വെച്ചാണ് അദ്ദേഹത്തിന് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഹോട്ടലിനെതിരെ പരാതി നൽകി.
മര്‍ട്ടില്‍ ബീച്ചിലെ സാന്‍ഡ്സ് ഓഷ്യന്‍ ക്ലബ് റിസോര്‍ട്ട് നടത്തുന്ന സാന്‍ഡ്സ് ഓഷ്യന്‍ ക്ലബ് ഹോംഓണേഴ്സ് അസോസിയേഷന്, ഓഷ്യന്‍ ആനീസ് ഓപ്പറേഷന്‍സ് ഇന്ക്. എന്നിവയ്ക്കെതിരെയാണ് വാന്സിക്കിൾ പരാതി നൽകിയിരിക്കുന്നത്. 2021 ജൂലൈയിലാണ് വാന്സിക്കിള് ഹോട്ടലില്‍ താമസിച്ചത്. ഹോട്ടലിലെ താമസത്തിനിടെ ഒരു പാറ്റ തന്റെ ചെവിയില്‍ കയറുകയും ഇത് തന്റെ കേള്‍വിശക്തിയെ ബാധിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരൻ വ്യക്തമാക്കിയിരിക്കുന്നത്. ഇത് വീട്ടിലും ജോലിസ്ഥലത്തും തനിയ്ക്ക് പ്രയാസങ്ങളുണ്ടാക്കുമെന്നാണ് സിക്കിൾ പരാതിയിൽ പറയുന്നു.
ന്യൂസ് വീക്കിന് ലഭിച്ച കോടതി രേഖകള്‍ അനുസരിച്ച്, വാന്സിക്കിളിന് ഈ സംഭവത്തെ തുടര്‍ന്ന് ഒരുപാട് വേദനയും ദുരിതവും അനുഭവിക്കേണ്ടി വന്നു. വലിയ തുക ചികിത്സാ ചെലവുകള്ക്കായുംവഹിക്കേണ്ടി വന്നു. കൂടാതെ, തനിക്ക് ജോലി ചെയ്യാനും പണം സമ്പാദിക്കാനുമുള്ള ശേഷി നഷ്ടപ്പെട്ടുവെന്നും വാന്സിക്കിള് പറയുന്നു. വാന്സിക്കിള് താമസിച്ച മുറിയിലെ ശുചിത്വം പരിപാലിക്കുന്നതില്‍ ഹോട്ടല്‍ അങ്ങേയറ്റം അശ്രദ്ധ കാണിച്ചുവെന്നും കേസില്‍ ആരോപിക്കുന്നു.
നേരത്ത, ചൈനയില്‍ ചെവി വേദനയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ ഒരാളുടെ ചെവിയില്‍ നിന്ന് പാറ്റയെയും പത്ത് കുഞ്ഞുങ്ങളെയും ജീവനോടെ കണ്ടെത്തിയിരുന്നു. ഉറക്കത്തിനിടെ വലത് ചെവിയില്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 24കാരനായ ലൂ ചികിത്സ തേടി എത്തിയത്. ഹുയാങിലെ സാന്‍ഹെ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടി എത്തിയത്. ചെവിക്കുള്ളില്‍ എന്തോ ഇഴയുന്നതായി തോന്നുന്നുവെന്ന് ഇഎന്‍ടി വിദഗ്ധനെ യുവാവ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെവിക്കുള്ളില്‍ നിന്ന് പാറ്റക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
പത്തോളം കുഞ്ഞുങ്ങളെയും അമ്മ പാറ്റയെയും യുവാവിന്റെ ചെവിയില്‍ നിന്ന് നീക്കം ചെയ്തു. കിടക്കുന്നതിന് മുമ്പ് പായ്ക്കറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്ന സ്വഭാവം ഇയാള്‍ക്കുണ്ട്. കഴിച്ചു തീരാത്ത ഭക്ഷണം ഇയാള്‍ ബെഡിനു സമീപത്താണ് വയ്ക്കാറ്. ഇങ്ങനെ ഭക്ഷണം കഴിക്കാനെത്തിയ പാറ്റകളാണ് യുവാവിന്റെ ചെവിയില്‍ കയറിയതെന്ന് ആശുപത്രിയിലെ ഇഎന്‍ടി മേധാവി ലീ ജിന്യുവാന് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.