• HOME
 • »
 • NEWS
 • »
 • buzz
 • »
 • ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബില്‍ഡര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി ഇന്ത്യക്കാരന്‍

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബില്‍ഡര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി ഇന്ത്യക്കാരന്‍

പ്രതീക് ജനിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞത്, പ്രതീകിന് ഒരിക്കലും നടക്കാനോ തനിയെ നീങ്ങാനോ പോലും കഴിയില്ല എന്നായിരുന്നു.

News18

News18

 • Share this:
  ''നിങ്ങളുടെ ഉയരം ചെറുതായിരിക്കാം, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങള്‍ വലുതായിരിക്കണം'' മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതീക് വിത്തല്‍ മൊഹിതെയ്ക്ക് ഈ വാക്കുകള്‍ പറയാന്‍ എന്തുക്കൊണ്ടും അര്‍ഹതയുണ്ട്. കാരണം ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബില്‍ഡര്‍ (പുരുഷ വിഭാഗം) എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി പ്രതീക് തന്റെ വാക്കുകളും ലക്ഷ്യവും യഥാര്‍ത്ഥ്യമാക്കി കഴിഞ്ഞു. ''ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടം നേടുക എന്നത് എന്റെ സ്വപ്നമായിരുന്നു, അത് നേടിയെടുക്കുക എന്നത് ഒരു ബഹുമതിയാണ്. ഞാന്‍ വളരെ സന്തോഷവാനാണ്, ഇത് എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായിരിക്കും'' അദ്ദേഹം പറഞ്ഞു.

  പ്രതീക് ജനിച്ചപ്പോള്‍, അവന്റെ കൈകളും കാലുകളും വളരെ ചെറുതായിരുന്നു. അതുകണ്ട് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞത്, പ്രതീകിന് ഒരിക്കലും നടക്കാനോ തനിയെ നീങ്ങാനോ പോലും കഴിയില്ല, ജീവിതത്തിലുടനീളം മറ്റൊരാളുടെ സഹായവും പിന്തുണയും ആവശ്യമാണ് എന്നാണ്. എന്നാല്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ പ്രതീക് അതിനെയെല്ലാം മറകടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തുടക്കത്തില്‍, അദ്ദേഹത്തിന് തന്റെ ചെറിയ കൈകള്‍ക്കൊണ്ട് വ്യായാമ ഉപകരണങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അദ്ദേഹം സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ച് തന്റെ ലക്ഷ്യത്തിലെത്തി.

  തന്റെ അമ്മാവന്‍ ബോഡി ബില്‍ഡിംഗ് ചെയ്യുന്നത് കണ്ടപ്പോഴാണ് അദ്ദേഹവും അത് ആരംഭിച്ചത്. ''ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, എന്റെ ധാരാളം സുഹൃത്തുക്കളും ഗ്രാമീണരും എന്നെ വിമര്‍ശിച്ചു. 'നിനക്കത് നേടാനാകില്ല' എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ലോകത്തിന് എന്നെ കാണിച്ചുകൊടുക്കാന്‍, ഞാന്‍ അത് സ്വയം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ബോഡി ബില്‍ഡിംഗില്‍ ഒരു ദിവസം ലോക റെക്കോര്‍ഡ് നേടാന്‍ ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കുകയും പരിശ്രമിപ്പിക്കുകയും ചെയ്തു.'' പ്രതീക് പറയുന്നു.

  2016ലാണ് പ്രതീക് ആദ്യമായി ഒരു ബോഡി ബില്‍ഡിംഗ് മത്സരത്തിൽ പങ്കെടുക്കുന്നത്. അന്നു മുതലുള്ള പരിശ്രമത്തിന്റെ ഫലമായി പ്രതീക് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ 40ലധികം ബോഡി ബില്‍ഡിംഗ് മത്സരങ്ങളില്‍ പങ്കെടുത്തു. മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍, മറ്റ് ബോഡി ബില്‍ഡര്‍മാര്‍ തന്നെ കണ്ട് 'ഞെട്ടാറുണ്ടെന്ന്' അദ്ദേഹം പറയുന്നു. എന്നാൽ അതിനെയൊക്കെ മറികടന്ന് അയാള്‍ തന്റെ ലക്ഷ്യത്തിനായി ഉറച്ച് പരിശ്രമിച്ചുക്കൊണ്ടേയിരുന്നു.

  ഉയരമില്ലാത്ത തന്നെപ്പോലെ സമാന ബുദ്ധിമുട്ടുകള്‍ നേരിടുന്ന മറ്റ് ആളുകളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും തനിക്ക് കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ലോകത്തില്‍ അസാധ്യമായി ഒന്നുമില്ല എന്ന സന്ദേശമാണ് പ്രതീകിന് എല്ലാവരോടുമായി പങ്കുവയ്ക്കാനുള്ളത്. സമര്‍പ്പണത്തിലൂടെ നമുക്ക് എന്തും നേടാമെന്ന് തന്റേതിന് സമാനമായ ശരീരമുള്ളവരോട് അദ്ദേഹം പറയുന്നു. ''ലോകത്ത് 'അസാധ്യമായത്' ഒന്നുമില്ല, നമ്മള്‍ അര്‍പ്പണബോധത്തോടെ കഠിനാധ്വാനം ചെയ്താല്‍ 'അസാധ്യമായത്' എന്ന് കരുതുന്നതിനെ 'സാധ്യമായത്' എന്നതിലേക്ക് മാറ്റാന്‍ സാധിക്കും,'' പ്രതീക് പറയുന്നു.

  ഗിന്നസ് റെക്കോര്‍ഡ്‌സ് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത് അനുസരിച്ച് അദ്ദേഹം കര്‍ശനമായ പരിശീലന വ്യവസ്ഥ പാലിക്കുന്നുണ്ടെന്നാണ്. പ്രതീകിന്റെ ഒരു ദിവസം ആരംഭിക്കുന്നത് 30 മിനിറ്റ് ഓട്ടത്തോടെയാണ്. പ്രത്യേക ആഹാരക്രമം അടങ്ങിയ ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് ശേഷം, പ്രതീക് രണ്ട് മണിക്കൂറോളം ജിമ്മില്‍ പരിശീലം നടത്താറുണ്ട്. വൈകുന്നേരത്തെ മറ്റൊരു 30 മിനിറ്റ് ഓട്ടത്തോടെ തന്റെ ഒരു ദിവസം പ്രതീക് അവസാനിപ്പിക്കുന്നു. പരിശീലനത്തിനിടെ അദ്ദേഹം ഇന്‍സ്റ്റാഗ്രാം ആരാധകര്‍ക്കായി ചിത്രങ്ങള്‍ എടുക്കുകയും തന്റെ പരിശീലന പുരോഗതിയെക്കുറിച്ച് ഫോളോവേഴ്‌സിനെ അറിയിക്കുകയും ചെയ്യാറുണ്ട്.

  ഒക്ടോബര്‍ ആറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍, മൂന്ന് അടി നാലിഞ്ച് മാത്രം ഉയരമുള്ള ഈ മനുഷ്യന്റെ പ്രചോദനാത്മകമായ ജീവിത യാത്ര വ്യക്തമാക്കുന്നുണ്ട്.
  Published by:Sarath Mohanan
  First published: