ഗുജറാത്ത് സ്വദേശിനിയായ ഇരുപത്തിനാലുകാരി ക്ഷമ ബിന്ദു (Kshama Bindu)വിവാഹതിയായി. അടുത്ത സുഹൃത്തുക്കളെ സാക്ഷിയാക്കി ക്ഷമ സ്വയം വരണമാല്യം അണിഞ്ഞു, സിന്ദൂരം ചാർത്തി. ഇന്ത്യയിലെ ആദ്യത്തെ സ്വയം വിവാഹം ( sologamy)എന്ന പേരിൽ ഏതാനും ദിവസങ്ങളായി വാർത്തകളിൽ ഇടംനേടിയ യുവതിയാണ് ക്ഷമ ബിന്ദു.
ഗുജറാത്തിലെ വഡോദര സ്വദേശിയായ ക്ഷമ മറ്റൊരാളെ വിവാഹം കഴിക്കാൻ താത്പര്യമില്ലാത്തതിനാലാണ് സ്വയം വിവാഹം ചെയ്യുന്നത് എന്ന് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ക്ഷണക്കത്തും അതിഥികളും മുഹൂർത്തവുമൊക്കെയായി പരമ്പരാഗത രീതിയിൽ വിവാഹിതയാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. പറഞ്ഞതുപോലെ ക്ഷമ തന്റെ വിവാഹം സ്വയം നടത്തി.
ജൂൺ 11 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ തന്റെ തീരുമാനം വിവാദങ്ങൾക്ക് കാരണമായതോടെ അൽപം നേരത്തേ നടത്താൻ ക്ഷമ തീരുമാനിക്കുകയായിരുന്നു. നേരത്തേ നിശ്ചയിച്ചിരുന്ന ദിവസം വിവാഹം മുടക്കാൻ ആരെങ്കിലും ശ്രമിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നേരത്തേ ആക്കിയതെന്ന് ക്ഷമ പറയുന്നു.
Also Read-
'ഹിന്ദുത്വത്തിന് എതിര്; ക്ഷേത്രത്തില്‍വെച്ച് വിവാഹം അനുവദിക്കില്ല'; പെണ്‍കുട്ടി സ്വയം വിവാഹം കഴിക്കുന്നതിനെതിരെ BJP നേതാവ്
ക്ഷമയുടെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും അടക്കം ആകെ പത്ത് പേരാണ് വിവാഹത്തിന് എത്തിയത്. സ്വയം വിവാഹിതയാകാനുള്ള തീരുമാനത്തിലും തുടർന്നുണ്ടായ വിവാദങ്ങളിലും സുഹൃത്തുക്കളാണ് ക്ഷമയ്ക്കൊപ്പം ഉറച്ചു നിന്നത്. നാൽപ്പത് മിനുട്ടിൽ വിവാഹ ചടങ്ങുകൾ പൂർത്തിയായി. വിവാഹിതരായാൽ സാധാരണ വധുവിന് സ്വന്തം വീട്ടിൽ നിന്ന് പോകേണ്ടി വരും. എന്നാൽ തനിക്ക് തന്റെ വീട്ടിൽ തന്നെ തുടരാമെന്നും സന്തോഷത്തോടെ ക്ഷമ പറയുന്നു. സാധാരണ വിവാഹങ്ങൾ പോലെ ഹൽദി, മെഹന്ദി ചടങ്ങുകളും ക്ഷമയുടെ വിവാഹത്തിന് ഉണ്ടായിരുന്നു.
ക്ഷമയുടെ വിവാഹത്തിനെതിരെ ബിജെപി നേതാവ് സുനിത ശുക്ല രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തില്‍വെച്ച് വിവാഹം എന്ന ആഗ്രഹം നടക്കില്ലെന്നും അത് ഹിന്ദുത്വത്തിന് എതിരാണെന്നുമായിരുന്നു സുനിത ശുക്ലയുടെ വാദം. ഇത്തരം ആചാരങ്ങള്‍ ഹിന്ദുമതത്തില്‍ ഇല്ല. ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കാനേ ഇതുവഴി സാധിക്കൂ എന്നും ബി.ജെ.പി. നേതാവ് പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ സംഭവം എന്നാണ് ക്ഷമ സ്വന്തം വിവാഹ വാർത്ത പങ്കുവെച്ചു കൊണ്ട് നേരത്തേ പറഞ്ഞത്. രാജ്യത്ത് ഏതെങ്കിലും സ്ത്രീ ഇത്തരത്തിൽ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഗൂഗിളിൽ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആദ്യമായി ആത്മസ്നേഹത്തിന്റെ ഇത്തരമൊരു മാതൃക കാണിക്കുന്നത് താനായിരിക്കാം എന്നായിരുന്നു ക്ഷമ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.