• HOME
  • »
  • NEWS
  • »
  • buzz
  • »
  • Guinness Record | 64 മിനിറ്റില്‍ ചൊല്ലിയത് ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍; ഒൻപത് വയസുകാരന് ഗിന്നസ് റെക്കോർഡ്

Guinness Record | 64 മിനിറ്റില്‍ ചൊല്ലിയത് ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍; ഒൻപത് വയസുകാരന് ഗിന്നസ് റെക്കോർഡ്

കോവിഡ്-19 മഹാമാരിയുടെ കാലത്താണ് ഈ ബാലന്‍ ഭഗവദ്ഗീത പഠിക്കാന്‍ തുടങ്ങിയത്.

  • Share this:
ഭഗവദ്ഗീതയിലെ (Bhagavad Gita) 700 ശ്ലോകങ്ങള്‍ 64 മിനിറ്റുകൊണ്ട് ചൊല്ലി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (Guinness World Record)സൃഷ്ടിച്ചിരിക്കുകയാണ് ഗുജറാത്തിലെ (Gujarat) ഒമ്പത് വയസുകാരന്‍. അഹമ്മദാബാദിലെ തല്‍തേജ് പ്രദേശത്ത് നിന്നുള്ള ദ്വിജ് ഗാന്ധി എന്നാണ് ബാലനാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. കോവിഡ്-19 മഹാമാരിയുടെ കാലത്താണ് ഈ ബാലന്‍ ഭഗവദ്ഗീത പഠിക്കാന്‍ തുടങ്ങിയത്. ''ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എനിക്ക് ഏഴ് വയസ്സായിരുന്നു. എനിക്ക് ഗീത പഠിക്കാൻ വലിയ താല്‍പ്പര്യമുണ്ടായിരുന്നു. അതിനാല്‍ ലോക്ക്ഡൗൺ സമയം പ്രയോജനപ്പെടുത്തി ശ്ലോകങ്ങൾ പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു,'' ദ്വിജ് പറയുന്നു.

ദ്വിജിന്റെ ആഗ്രഹത്തിന് കുടുംബാംഗങ്ങളും മികച്ച പിന്തുണ നല്‍കി. വലുതാകുമ്പോള്‍ ഒരു ശാസ്ത്രജ്ഞനാകാനാണ് ദ്വിജ് ആഗ്രഹിക്കുന്നത്. ''സുഹൃത്തുക്കളില്‍ നിന്ന് വ്യത്യസ്തമായി ദ്വിജിന് എന്തെങ്കിലും ചെയ്യാൻ കഴിയണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു,'' ദ്വിജിന്റെ അമ്മ ന്യൂസ്18നോട് പറഞ്ഞു.

സമാനമായ റെക്കോര്‍ഡുകള്‍ നേടിയ മറ്റു കുട്ടികളും രാജ്യത്തുണ്ട്. കഴിഞ്ഞ വര്‍ഷം ഒഡീഷയില്‍ നിന്നുള്ള ആറു വയസ്സുകാരി 24 മിനിറ്റും 50 സെക്കന്‍ഡും കൊണ്ട് 108 മന്ത്രങ്ങള്‍ ഉരുവിട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. ജഗത്സിംഗ്പൂര്‍ ജില്ലയിലെ താരദപദ ഗ്രാമത്തില്‍ നിന്നുള്ള പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തക രശ്മി രഞ്ജന്‍ മിശ്രയുടെ ചെറുമകളായ ഡി സായ് ശ്രേയാന്‍സിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. വീട്ടില്‍ ആഴ്ച തോറും നടക്കാറുള്ള പൂജയ്ക്കിടെ പൂജാരി ചൊല്ലുന്നത് കേട്ടാണ്  മന്ത്രങ്ങൾ പഠിച്ചതെന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സായി പറയുന്നു. മാതാപിതാക്കളും മുത്തച്ഛനും തനിക്ക് വേണ്ട സഹായം നൽകിയെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

സംസ്‌കൃത ശ്ലോകങ്ങള്‍ ജപിച്ചുക്കൊണ്ട് 15 റൂബിക്‌സ് ക്യൂബുകള്‍ ശരിയായ രീതിയില്‍ പരിഹരിച്ചതിന് മലയാളിയായ ഏഴു വയസുകാരി കഴിഞ്ഞ വര്‍ഷം നവംബറില്‍ കലാം ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിരുന്നു. ഏഴ് മിനിറ്റും 12 സെക്കന്‍ഡും സമയമെടുത്ത് 18 സംസ്‌കൃത ശ്ലോകങ്ങള്‍ ജപിച്ച് 15 റുബിക്‌സ് ക്യൂബുകള്‍ പരിഹരിച്ചതിനാണ് ഹംസിക എന്ന എറണാകുളം സ്വദേശിനിക്ക് അംഗീകാരം ലഭിച്ചത്. ആറാം വയസ്സില്‍ റൂബിക്‌സ് ക്യൂബിനോട് തോന്നിയ അഭിനിവേശം ഹംസികയെ 3 ബൈ 3, 2 ബൈ 2, 4 ബൈ 4, ഫ്‌ലോപ്പി ക്യൂബ്, ക്ലോക്ക്, ബീഡ് പിരമിക്‌സ്, കോണ്‍കേവ് ക്യൂബുകള്‍, മിറര്‍ ക്യൂബുകള്‍, മേപ്പിള്‍ ലീഫ് എന്നിവ പരിഹരിക്കാന്‍ പ്രാപ്തയാക്കി. മുത്തശ്ശി സുഭദ്ര ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങള്‍ കേട്ടാണ് ഹംസിക ശ്ലോകങ്ങള്‍ ആദ്യം പഠിച്ചത്. ഹംസികയുടെ അച്ഛന്‍ എം ഡി പ്രിന്‍സ് ഒരു റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റും അമ്മ രാധിക വീട്ടമ്മയുമാണ്.
Published by:Sarath Mohanan
First published: