നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Happy Birthday Ratan Tata | രത്തൻ ടാറ്റയ്ക്ക് ഇന്ന് ജന്മദിനം: ഇന്ത്യയിലെ പ്രമുഖ വ്യവസായി 2021ൽ വാർത്തകളിൽ ഇടം നേടിയത് എപ്പോഴൊക്കെ?

  Happy Birthday Ratan Tata | രത്തൻ ടാറ്റയ്ക്ക് ഇന്ന് ജന്മദിനം: ഇന്ത്യയിലെ പ്രമുഖ വ്യവസായി 2021ൽ വാർത്തകളിൽ ഇടം നേടിയത് എപ്പോഴൊക്കെ?

  രത്തൻ ടാറ്റയ്ക്ക് ഇന്ന് 84 വയസ്സ് തികയുമ്പോൾ, അദ്ദേഹം കഴിഞ്ഞ ഒരു വർഷത്തിനിടെ വാർത്തകളിൽ ഇടം നേടിയ സംഭവങ്ങളെക്കുറിച്ച് അറിയാം.

  രത്തൻ ടാറ്റ

  രത്തൻ ടാറ്റ

  • Share this:
   ഇന്ത്യയിലെ സമീപകാലത്തെ ഏറ്റവും മികച്ച ബിസിനസുകാരിൽ ഒരാളാണ് രത്തൻ ടാറ്റ (Ratan Tata). എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വം ഒരു ബിസിനസുകാരൻ എന്ന നിലയിൽ മാത്രം പരിമിതപ്പെടുന്നില്ല. ടാറ്റ ഒരു മനുഷ്യസ്‌നേഹിയും എഴുത്തുകാരനും നമ്മിൽ പലർക്കും പ്രചോദനമാകുന്ന വ്യക്തിത്വത്തിന് ഉടമയുമാണ്. ആളുകൾ വിരമിക്കുകയും വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന ഈ പ്രായത്തിലും രത്തൻ ടാറ്റ സജീവമാണ്.
   ബിസിനസിലുപരി മറ്റ് പല കാര്യങ്ങളിലും അദ്ദേഹം ഇന്നും മുൻപന്തിയിലാണ്. രത്തൻ ടാറ്റയ്ക്ക് ഇന്ന് (ഡിസംബർ 28) 84 വയസ്സ് തികയുമ്പോൾ, അദ്ദേഹം കഴിഞ്ഞ ഒരു വർഷത്തിനിടെ വാർത്തകളിൽ ഇടം നേടിയ സംഭവങ്ങളെക്കുറിച്ച് അറിയാം.

   ഒന്നിനും സമയം വൈകിയിട്ടില്ലെന്ന് തെളിയിച്ച് ടാറ്റ

   പുതിയ കാര്യങ്ങൾ പരീക്ഷിക്കാതിരിക്കാനുള്ള ഒഴിവ്കഴിവായി പലരും പറയാറുള്ള കാര്യം 'വളരെ വൈകിപ്പോയി' അല്ലെങ്കിൽ പ്രായം കടന്നു പോയി എന്നാണ്. എന്നാൽ ടാറ്റ അങ്ങനെ കരുതുന്നില്ല. 80കളിൽ, പിയാനോയോടും സംഗീതത്തോടുമുള്ള തന്റെ ഇഷ്ടം അവ പഠിക്കാൻ ടാറ്റയെ പ്രേരിപ്പിച്ചു. തന്റെ കുട്ടിക്കാലത്ത് പിയാനോ വായിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോൾ അത് വീണ്ടും പഠിക്കാൻ കൂടുതൽ സമയം നീക്കിവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ടാറ്റ ഇക്കാര്യം വെളിപ്പെടുത്തി. ടാറ്റ പിയാനോ വായിക്കുന്ന പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. അദ്ദേഹത്തിന്റെ വാക്കുകളെയും പ്രവ‍‍ർത്തികളെയും പ്രായം തള‍ർത്തിയിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.

   എയർ ഇന്ത്യ സ്വന്തമാക്കി ടാറ്റ ​ഗ്രൂപ്പ്

   എയർ ഇന്ത്യയെ ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്ത് ഏകദേശം 67 വർഷങ്ങൾക്ക് ശേഷം, എയർലൈൻ അതിന്റെ യഥാർത്ഥ ഉടമകളിലേക്ക് മടങ്ങുന്നു. എയർലൈൻ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ വിജയിച്ചു. ഇത് ടാറ്റ എന്ന ബിസിനസ് ഗ്രൂപ്പിന് മാത്രമല്ല, രാജ്യത്തിന് തന്നെ ഒരു ചരിത്ര നിമിഷമായിരുന്നു. തൻറെ പൂർവ്വികരോടുള്ള ടാറ്റയുടെ കടമയാണ് എയ‍ർ ഇന്ത്യയെ തിരിച്ച് പിടിച്ചതിന് പിന്നിൽ. 1932ൽ രണ്ട് ലക്ഷം രൂപ മൂലധനത്തിൽ ജെആർഡി ടാറ്റയാണ് എയർ ഇന്ത്യ സ്ഥാപിച്ചത്. 18,000 കോടി രൂപയ്ക്കാണ് ഇപ്പോൾ എയർ ഇന്ത്യ ടാറ്റയ്ക്ക് നൽകാൻ കേന്ദ്രം അനുമതി നൽകിയത്. ജനുവരിയോടെ കൈമാറൽ പ്രക്രിയ പൂർത്തിയാക്കുകയാണു ലക്ഷ്യം. എയർ ഇന്ത്യ വാങ്ങാനുള്ള ലേലത്തിൽ ഏറ്റവും ഉയർന്ന തുക വാഗ്‌ദാനം ചെയ്‌തത് ടാറ്റ ഗ്രൂപ്പാണ്. എയർ ഇന്ത്യയെ പൂർണമായി ഏറ്റെടുക്കുന്നതിനുള്ള തീയതികൾ നിശ്ചയിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് മുതലുള്ള കാര്യങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് കമ്പനി.

   വൃത്തിയുള്ള അന്തരീക്ഷം

   ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ, വൃത്തിയുള്ള അന്തരീക്ഷത്തിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടാറ്റ സംസാരിച്ചിരുന്നു. തന്റെ ട്വീറ്റിലൂടെ ആരോഗ്യകരവും കരുതലു‌മുള്ള ജീവിതശൈലി നയിക്കാൻ അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു. അത് സ്വന്തം ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല, ഭൂമിയിലെ മറ്റുള്ളവരുടെ ജീവിതം സു​ഗമമാക്കി കൊണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

   യുഎസിലെ റെസ്റ്റോറന്റുകളിൽ പാത്രം കഴുകിയിരുന്ന ടാറ്റ
   മഹാന്മാരുടെയെല്ലാം ജീവിത വിജയത്തിന് മിക്കപ്പോഴും ഒന്നുമില്ലായ്മയുടെയും എളിമയുടെയും കഥയുണ്ടാകും. രത്തൻ ടാറ്റയുടെ ജീവിതവും ഇതിന് ഒരു അപവാദമായിരുന്നില്ല. മുംബൈയിലും ഹിമാചൽ പ്രദേശിലെ ഷിംലയിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് ടാറ്റ യുഎസിലേക്ക് പോയത്. വിമാനം പറത്തുന്നത് പഠിക്കണമെന്നതായിരുന്നു ടാറ്റയുടെ ഏറ്റവും വലിയ സ്വപ്നം. എന്നാൽ അന്ന് ഇതിനായുള്ള കോഴ്സ് പഠിക്കുന്നതിനുള്ള ഫീസ് അടയ്ക്കാൻ മതിയായ പണമില്ലായിരുന്നു. അതിനാൽ, ഫ്ലൈയിംഗ് സ്‌കൂളിൽ ചേരുന്നതിനും ഫീസ് കണ്ടെത്തുന്നതിനുമായി റസ്റ്റോറന്റുകളിൽ പാത്രങ്ങൾ കഴുകുന്നത് ഉൾപ്പെടെയുള്ള പല ജോലികളും രത്തൻ ടാറ്റ ചെയ്തിരുന്നു.

   ആകാശത്ത് വച്ച് ഹെലികോപ്റ്ററിന്റെ എഞ്ചിൻ നിന്നുപോയപ്പോൾ
   ടാറ്റയുടെ ആകാശത്ത് വച്ചുള്ള ചില സാഹസിക കഥകൾ വളരെ കൗതുകകരമാണ്. ഒരിയ്ക്കൽ അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന്റെ എഞ്ചിൻ ആകാശത്ത് വച്ച് നിന്നുപോയി. എഞ്ചിനിൽ വെള്ളം കയറിയതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ സാഹചര്യത്തിൽ ടാറ്റ ഒരു യഥാർത്ഥ പൈലറ്റിനെപ്പോലെ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്തു. എഞ്ചിൻ വീണ്ടും പ്രവ‍ർത്തിപ്പിച്ചു. രണ്ടോ മൂന്നോ തവണ ഇത് ആവർത്തിച്ചെങ്കിലും സുരക്ഷിതമായ ലാൻഡിംഗ് നടത്താൻ ടാറ്റയ്ക്ക് കഴിഞ്ഞു.

   നായകളോടുള്ള സ്നേഹം

   കനത്ത മഴയിൽ തെരുവ് നായയെ കുട ചൂടിച്ച് നിൽക്കുന്ന ഹോട്ടൽ ജീവനക്കാരന്റെ ഫോട്ടോ ടാറ്റ പങ്കുവെച്ചത് അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ വാ‍ർത്തയായിരുന്നു. ഈ ഇൻസ്റ്റാഗ്രാം സ്റ്റോറിയ്ക്ക് നിരവധി അഭിനന്ദന പ്രതികരണങ്ങൾ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് ലഭിച്ചിരുന്നു. നായകളോടുള്ള ടാറ്റയുടെ സ്നേഹം മുമ്പും വാ‍ർത്തയായിട്ടുണ്ട്. ബോംബെ ഹൗസ് എന്നറിയപ്പെടുന്ന ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് തെരുവ് നായ്ക്കൾക്കായി ഒരു കൂടും ഉണ്ട്. അവിടെ അവർക്ക് കളിപ്പാട്ടങ്ങൾ, ഭക്ഷണം, വെള്ളം, കളിസ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓഫീസിനോട് ചേർന്നാണ് തെരുവ് നായ്ക്കൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. നായകളോടുള്ള സ്നേഹത്തിന് പേരുകേട്ട ടാറ്റയ്ക്ക് ഗോവ എന്ന് പേരുള്ള ഒരു വളർത്തു നായയുണ്ട്. ഗോവയിൽ വെച്ച് ടാറ്റയുടെ സഹപ്രവർത്തകന്റെ കാറിൽ കയറി മുംബൈയിലെത്തിയ തെരുവ് നായയാണിത്. അതോടെയാണ് അവന് 'ഗോവ' എന്ന് പേരിട്ടതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

   ടാറ്റയുടെ കാറിന്റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച സ്ത്രീ

   നിയമ ലംഘനം നടത്താതെ തന്നെ ട്രാഫിക് നിയമലംഘനത്തിന് ടാറ്റയ്ക്ക് ഇ-ചലാൻ ലഭിച്ചതും വാ‍ർത്തയായിരുന്നു. ന്യൂമറോളജി വിശ്വാസ പ്രകാരം ടാറ്റയുടെ വ്യാജ കാർ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ഒരു മുംബൈ സ്വദേശിയായ വനിത നിയമലംഘനം നടത്തിയതിനെ തുട‍ർന്നാണ് ടാറ്റയ്ക്ക് പിഴ അടയ്ക്കാൻ ചെലാൻ എത്തിയത്.
   Published by:Rajesh V
   First published:
   )}