• HOME
  • »
  • NEWS
  • »
  • buzz
  • »
  • Patek Philippe Nautilus platinum 5711: ഹാര്‍ദിക് പാണ്ഡ്യയുടെ അത്യപൂര്‍വ്വമായ മരതക വാച്ചിന്റെ വില അഞ്ച് കോടി രൂപ

Patek Philippe Nautilus platinum 5711: ഹാര്‍ദിക് പാണ്ഡ്യയുടെ അത്യപൂര്‍വ്വമായ മരതക വാച്ചിന്റെ വില അഞ്ച് കോടി രൂപ

5 കോടി രൂപ വില വരുന്ന അപൂര്‍വ ശ്രേണിയില്‍ ഉള്‍പ്പെട്ട ഒന്നാണ്‌  പട്ടേക് ഫിലിപ്പ് നോട്ടിലസ് പ്ലാറ്റിനം 5711.

  • Share this:
ഇന്‍സ്റ്റാഗ്രാമിലെ സജീവ സാന്നിദ്ധ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ആഡംബര സ്റ്റൈലുകളില്‍ ഹോളിവുഡ് താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളും ഹാര്‍ദിക് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഒരു വിദേശരാജ്യത്ത് ഒരു റോള്‍സ് റോയ്‌സ് കാറിനൊപ്പമുള്ള നില്‍ക്കുന്ന ഹാര്‍ദികിന്റെ ചിത്ര പരമ്പര ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. ഒരു വെള്ള വസ്ത്രവും, വട്ട തൊപ്പിയും ഒപ്പം സണ്‍ഗ്ലാസ്സും ധരിച്ച് ഉല്ലസിച്ചിരിക്കുന്ന ചിത്രങ്ങളില്‍ തന്റെ വാച്ചും താരം പ്രദര്‍ശിപ്പിച്ചിരുന്നു.

ആഡംബര ജീവിതശൈലിയുടെ ഫോട്ടോകള്‍ ഇടയ്ക്കിടെ ഹാര്‍ദിക് അപ് ലോഡ് ചെയ്യുന്നതിനാല്‍ ഈ ചിത്രങ്ങള്‍ സാധാരണമാണെന്ന് തോന്നുമെങ്കിലും ഇതിലൊരു അത്യാഡംബര 'ഐറ്റം' കുടെ ഉണ്ടായിരുന്നു. വേറെ ഒന്നുമല്ല ആ വാച്ച് തന്നെയാണ് സംഭവം. ഇത് സാധാരണ ഒരു ആഡംബര വാച്ച് മാത്രമല്ല, 5 കോടി രൂപ വില വരുന്ന അപൂര്‍വ ശ്രേണിയില്‍ ഉള്‍പ്പെട്ട ഒന്നാണ്‌  പട്ടേക് ഫിലിപ്പ് നോട്ടിലസ് പ്ലാറ്റിനം 5711.

അമേരിക്കന്‍ പുരുഷ മാഗസിന്‍ ജിക്യുവിന്റെ ഇന്ത്യന്‍ പതിപ്പായ 'ജിക്യു ഇന്ത്യ'യുടെ അഭിപ്രായത്തില്‍, ഈ വാച്ച് പൂര്‍ണ്ണമായും പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതും 32 ബാഗെറ്റ്കട്ട് മരതകം അടങ്ങിയതുമാണ്. 5711ല്‍ മണിക്കൂര്‍ സൂചി അടയാളപ്പെടുത്തുന്ന മാര്‍ക്കറുകള്‍ മരതകങ്ങളാണ്.

5711 ഒരു അപൂര്‍വ ശ്രേണിയാണ്. പക്ഷെ അതിലും അപൂര്‍വ്വമായ പ്രത്യേകതരം മരതകമാണ് വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. അപൂര്‍വ ശ്രേണിയില്‍പ്പെട്ട ഈ അത്യാഡംബര വാച്ച് സ്വന്തമാക്കിയത്തോടെ അമേരിക്കന്‍ നടനായ കെവിന്‍ ഹാര്‍ട്ട്, റാപ്പര്‍ ഡ്രേക്ക് തുടങ്ങിയ പ്രമുഖരുടെ ക്ലബില്‍ ഹാര്‍ദികും ഇപ്പോള്‍ ചേര്‍ന്നിരിക്കുകയാണ്

ഈ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ആഡംബര വാച്ചുകളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് ഇതാദ്യമായല്ല. 2019ല്‍ ഹാര്‍ദികിന് നട്ടെല്ലിന് ശസ്ത്രക്രിയയെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതമായി മാറി നില്‍ക്കേണ്ടി വന്നിരുന്നു. ലണ്ടനില്‍ നടത്തിയ വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ച് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ ആരാധകരെ അപ്‌ഡേറ്റ് ചെയ്തിരുന്നു.

ഹാര്‍ദിക് പങ്കുവച്ച ആശുപത്രി കിടക്കയ്ക്കയില്‍ നിന്നുള്ള ആ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൈത്തണ്ടയിലുണ്ടായിരുന്ന വ്യത്യസ്തമായ ഒരു വാച്ച് പെട്ടെന്ന് ശ്രദ്ധനേടി. സോഷ്യല്‍ മീഡിയ തിരഞ്ഞ ആ വാച്ചിന്റെ മോഡല്‍ അവസാനം വെളിപ്പെട്ടു. സെല്‍ഫ് വൈന്‍ഡിംഗ് റോസ് ഗോള്‍ഡ് നോട്ടിലസ് (18K റോസ് ഗോള്‍ഡ് കെയ്സില്‍) റഫറന്‍സ് നമ്പര്‍ 5980/1R, കാലിബര്‍ സി.എച്ച് 28520 സി എന്ന മോഡലായിരുന്നു ആ വാച്ച്.

ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് ഹാര്‍ദിക് പാണ്ഡ്യ. ഇതിനായി താരം യുഎഇയില്‍ എത്തിയിട്ടുണ്ട്. താരം മുംബൈ ഇന്ത്യന്‍സ് ക്യാമ്പിനൊപ്പം ചേര്‍ന്നുവെന്ന് ടീമിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ടീമിലെ മറ്റ് അംഗങ്ങളൊക്കെ നേരത്തെ തന്നെ അബുദാബിയിലെ ക്യാമ്പിനൊപ്പം ചേര്‍ന്നിരുന്നു.

ഐപിഎല്‍ പതിനാലാം സീസണിന്റെ രണ്ടാം പാദം മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ ദുബായിലാണ് ആരംഭിക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. മത്സരങ്ങള്‍ മൂന്ന് വേദികളിലായിട്ടായിരിക്കും നടക്കുകയെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
Published by:Karthika M
First published: