• HOME
  • »
  • NEWS
  • »
  • buzz
  • »
  • വളര്‍ത്തുനായയെ തിരികെകിട്ടിയത് പത്തു വർഷത്തിനുശേഷം; ഹൃദയസ്പർശിയായ സ്നേഹ ബന്ധത്തിന്റെ കഥ

വളര്‍ത്തുനായയെ തിരികെകിട്ടിയത് പത്തു വർഷത്തിനുശേഷം; ഹൃദയസ്പർശിയായ സ്നേഹ ബന്ധത്തിന്റെ കഥ

സി സാംസണു മുന്നിൽ മുട്ടുകുത്തി നിന്ന് അവനോട് "സാംസൺ, ഇത് ഞാനാണ്. നീ എന്നെ ഓർമ്മിക്കുന്നുണ്ടോ?" എന്ന് ചോദിച്ചു. യജമാനന്റെ ശബ്ദം കേട്ട് സാംസണ്‍ അദ്ദേഹത്തിന്റെ അരികിലേയ്ക്ക് നടന്ന് അടുക്കുകയായിരുന്നു.

Credits: Facebook/ City of San Antonio Animal Care Services

Credits: Facebook/ City of San Antonio Animal Care Services

  • Share this:
നഷ്ടപ്പെട്ട വളര്‍ത്തുനായ 10 വർഷത്തിനുശേഷം തന്റെ യജമാനനെ വീണ്ടും കണ്ടുമുട്ടി. ഹൃദയസ്പർശിയായ ഈ സ്നേഹ ബന്ധത്തിന്റെ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. സിറ്റി ഓഫ് സാൻ അന്റോണിയോ അനിമൽ കെയർ സർവീസസിന്റെ ഫെയ്‌സ്ബുക്ക് പേജ് പങ്കിട്ട ഈ കഥ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു.

സാംസൺ എന്ന പേരുള്ള നായയെ 10 വർഷം മുമ്പാണ് യജമാനനായ സിയ്ക്ക് നഷ്ടപ്പെട്ടത്. വളര്‍ത്തുനായയെ കണ്ടെത്താൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചെങ്കിലും നായയെ കണ്ടെത്താനായില്ല. എന്നാൽ ടെക്സസ് ആസ്ഥാനമായുള്ള അനിമൽ ഷെൽട്ടർ എസി‌എസ് ഒരു മാസം മുമ്പ് ഉപേക്ഷിക്കപ്പെട്ട മറ്റ് ആറ് നായ്ക്കൾക്കൊപ്പം സാംസണെയും കണ്ടെത്തുകയായിരുന്നു. സാംസണെ ഉടന്‍ തന്നെ ഷെൽട്ടർ ഹോമിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു.

ഷെൽട്ടർ ഹോമുകാർക്ക് കിട്ടിയപ്പോൾ നായ അഴുക്കുപിടിച്ച് ഈച്ചകൾ കൊണ്ട് പൊതിഞ്ഞ അവസ്ഥയിലായിരുന്നു. “ചികിത്സയ്ക്ക് മുമ്പ് നായയെ സ്കാന്‍ ചെയ്തപ്പോള്‍, അവന്റെ ശരീരത്തിൽ മൈക്രോചിപ്പ് ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും അതിലൂടെ ഉടമസ്ഥനെ പേര് കണ്ടെത്താൻ സാധിക്കുകയും ചെയ്തു“ ഷെൽട്ടർ ഹോം അധികൃതർ വ്യക്തമാക്കി.

സാംസണെ കണ്ടെത്തിയ വാർത്ത കേട്ടപാതി, സി തന്റെ നായയെ കാണാൻ എസി‌എസിലേക്ക് പാഞ്ഞു. വർഷങ്ങൾക്കുശേഷം സാംസണെ കണ്ടുമുട്ടിയതോടെ സന്തോഷം കൊണ്ട് ഉടമയുടെ കണ്ണുകൾ നിറഞ്ഞു. സി സാംസണു മുന്നിൽ മുട്ടുകുത്തി നിന്ന് അവനോട് "സാംസൺ, ഇത് ഞാനാണ്. നീ എന്നെ ഓർമ്മിക്കുന്നുണ്ടോ?" എന്ന് ചോദിച്ചു. യജമാനന്റെ ശബ്ദം കേട്ട് സാംസണ്‍ അദ്ദേഹത്തിന്റെ അരികിലേയ്ക്ക് നടന്ന് അടുക്കുകയായിരുന്നു. ഈ പുന:സമാഗമം സാധ്യമായത് അവന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് കാരണമാണ്‌. ഇത്തരം സംഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നത് വളർത്തുമൃഗങ്ങളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ്‌. അതുകൊണ്ട് തന്നെ മൈക്രോചിപ്പ് ലൈസൻസിംഗ് ഇപ്പോള്‍ സാൻ അന്റോണിയോയിലെ ഒരു നിയമമായി മാറിയിട്ടുണ്ട്. സാംസണുമായി വീണ്ടും ഒന്നിച്ചതിനുശേഷം അവന്റെ ഉടമസ്ഥന്‍  സി എത്ര സന്തോഷവാനാണെന്ന് എസി‌എസ് പങ്കിട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.ചിത്രങ്ങൾ ഓൺലൈനിൽ പങ്കിട്ടതോടെ ഈ പോസ്റ്റ് 8,000ത്തിലധികം പേർ കണ്ടു. നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ നായ്ക്കളെ ഇഷ്ടപ്പെടുന്നവർ ഹൃദയസ്പർശിയായ ഈ പോസ്റ്റ് ഏറ്റെടുത്തതോടെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു.

“ഒരു മാസത്തിനുള്ളിൽ നായയുടെയും ഉടമയുടെയും അപ്‌ഡേറ്റുചെയ്‌ത ഒരു ഫോട്ടോ ഞങ്ങൾക്ക് കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉപഭോക്താവ് കുറിച്ചു.

“ഉടമസ്ഥൻ സാംസണെ വീണ്ടെടുത്തതിൽ വളരെ സന്തോഷമുണ്ട്, അവൻ തന്റെ ജീവിതകാലം മുഴുവൻ ഇനിയീ കരുതലിന്റെ കരങ്ങളിലാണല്ലോ ജീവിക്കുക” മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു,

“വീണ്ടും ഒരുമിച്ച് ജീവിച്ച് ധാരാളം പുതിയ നല്ല ഓർമ്മകൾ സൃഷ്ടിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു." എന്ന് മറ്റൊരാൾ കുറിച്ചു. നഷ്ടപ്പെട്ടുപോയി എന്ന് നാം കരുതുന്ന കാര്യങ്ങൾ തിരികെ കിട്ടുന്നത് തീർച്ചയായും അനുഗ്രഹീതമായ നിമിഷം തന്നെയാണ്.
Published by:Naveen
First published: