അത്ഭുതപ്പെടുത്തുന്ന പല കണ്ടുപിടിത്തങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ടാകും. ഇപ്പോളിതാ ബിയർ നിറച്ച (beer shoe) ഷൂസ് പുറത്തിറക്കിയിരിക്കുകയാണ് പ്രശസ്ത ഡച്ച് മദ്യക്കമ്പനിയായ ഹെയ്നകെന്‍ (Heineken). ഷൂസിന്റെ സോളിലാണ് ബിയര്‍ നിറച്ചിരിക്കുന്നത്. ബിയർ പുറത്തുനിന്ന് കാണാവുന്ന തരത്തിൽ ട്രാന്‍സ്പേരന്റ് ആയാണ് ഷൂസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹെയ്നകെന്‍ ബ്രാന്‍ഡിന്റെ ട്രേഡ്മാര്‍ക്ക് നിറങ്ങളായ പച്ചയും ചുവപ്പും ഈ ഷൂസിലും ചേര്‍ത്തിട്ടുണ്ട്. ഷൂസിന്റെ മുകളില്‍ ഒരു ബോട്ടില്‍ ഓപ്പണറും ഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള 32 ജോഡികളാണ് കമ്പനി നിർമിച്ചിരിക്കുന്നത്. 'ഹെയ്നെകിക്സ്' എന്ന പേരിലാണ് ഷൂസ് പുറത്തിറക്കിയിരിക്കുന്നത്.
"ഹെയ്നെകിക്ക്സ് നിങ്ങളുടെ ദൈനംദിന ഉപയോഗത്തിനു പറ്റിയ ഷൂ അല്ല. എല്ലാ ദിവസവും നിങ്ങൾക്ക് ബിയർ കുടിച്ച് നടക്കാൻ പറ്റില്ലല്ലോ," ലിമിറ്റഡ് എഡിഷൻ ഷൂവിന്റെ വീഡിയോ പ്രൊമോയ്ക്കൊപ്പം കമ്പനി ട്വിറ്ററിൽ കുറിച്ചു.
ഷൂ ഡിസൈനറായി ഡൊമിനിക് സിയാംബ്രോണുമായി (Dominic Ciambrone) സഹകരിച്ചാണ് ഈ ഷൂസ് രൂപകൽപന ചെയ്തിരിക്കുന്നത്. രസകരവും എന്നാൽ വെല്ലുവിളി നിറഞ്ഞതുമായ ജോലിയായിരുന്നു ഇതെന്ന് ഡൊമിനിക് പറയുന്നു. "പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും കണ്ടുശീലിച്ച മോഡലുകൾ ഒന്ന് മാറ്റിപ്പിടിക്കാനും ഇരുവർക്കും ആഗ്രഹമുണ്ടായിരുന്നു. അത് പ്രതിഫലിപ്പിക്കുന്ന ഒരു ഡിസൈൻ സൃഷ്ടിക്കുകയായിരുന്നു," ഡൊമിനിക് സിയാംബ്രോൺ പറഞ്ഞു.
read also: "അമ്മയ്ക്കും മകനും ഇടയിൽ ഡ്രാമാ-ക്വീൻ വരുന്നു"; വിജയ് ദേവരകൊണ്ടയുടെ സെക്സിസ്റ്റ് ക്യാപ്ഷൻ; വിമർശിച്ച് സോഷ്യൽമീഡിയ
സോഷ്യൽ മീഡിയയിൽ വൻ വരവേൽപാണ് ഈ ഷൂവിന് ലഭിക്കുന്നത്. ഇത് എങ്ങനെയെങ്കിലും ഒരെണ്ണം ഒപ്പിക്കണമെന്നാണ് പലരും പറയുന്നത്. ആ ബിയര്‍ കുടിക്കാന്‍ വേണ്ടി മാത്രം ഷൂസ് വാങ്ങുമെന്നും ചിലര്‍ കുറിച്ചു.
ലഹരിപാനീയങ്ങളിൽ, ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയം ബിയർ (beer) ആണെന്നാണ് പറയപ്പെടുന്നത്. ഗോത്രവർഗക്കാർ കഴിച്ചിരുന്ന പുളിപ്പിച്ച പാനീയങ്ങളിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. രുചി കയ്പാണെങ്കിലും ബിയർ ഇഷ്പ്പെടുന്നവർ നിരവധിയുണ്ട്. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര ബിയർ ദിനമായി (International Beer Day) ആഘോഷിക്കുന്നത്. ഈ വർഷം, ഓഗസ്റ്റ് 5 നാണ് ലോക ബിയർ ദിനം. 2007ലാണ് അന്താരാഷ്ട്ര ബിയർ ദിനം ആരംഭിച്ചത്. ബിയറിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും എന്തൊക്കെയാണെന്ന് അറിയാം.
മാൾട്ട് ധാന്യങ്ങൾ (ധാന്യം കുതിർത്ത് ഉണക്കിയെടുക്കുന്നത്) യീസ്റ്റും വെള്ളവും ചേർത്ത് പുളിപ്പിച്ചാണ് ബിയർ നിർമിക്കുന്നത്. കോൺ ആകൃതിയിലുള്ള പുഷ്പമായ ഹോപ്സ് (Hops) ആണ് ബിയറിന് കയ്പു രുചി ഉണ്ടാകാനായി ചേർക്കുന്നത്. ഹോപ്പിൽ അടങ്ങിയിരിക്കുന്ന Xn എന്ന ഫ്ലേവനോയിഡിന് ആന്റിഓക്സിഡന്റ്, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറിഡയബറ്റിക്, ആൻറി കാൻസർ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിൽ ഹോമോസിസ്റ്റീന്റെ (homocysteine) അളവ് കൂടുന്നത് ഹൃദ്രോഗത്തിന് കാരണമാകും. എന്നാൽ ബിയറിൽ വിറ്റാമിൻ ബിയും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ഹോമോസിസ്റ്റീനെ സുരക്ഷിതമായ അളവിൽ നിലനിർത്തുന്നു. അതുകൊണ്ട് മിതമായ അളവിൽ ബിയർ കുടിക്കുന്നതു കൊണ്ട് കുഴപ്പങ്ങളില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.