'മലയാളിക്ക് ഓണമെന്നാല്‍ മറ്റെല്ലാത്തിനും ഉപരി സദ്യയാണ്. നാലോണത്തിനും സദ്യ വിളമ്പും. ഒന്നാമോണം ഉത്രാടം എന്നാല്‍ നല്ലോണമാണ്. ഒന്നുകില്‍ അമ്മ വീട്ടിലായിരിക്കും നല്ലോണം.അല്ലെങ്കില്‍ അച്ഛന് വീട്ടില്‍. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍.അല്ലെങ്കില്‍ ഏതെങ്കിലും ബന്ധു വീടുകളില്‍. ഇനി പൊന്നോണമായ തിരുവോണവും അങ്ങനെ തന്നെ. അന്നാണ് സദ്യ കേമമാകുന്നത്.ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പഴവും തോരനും കിച്ചടിയും പച്ചടിയും അവിയലും കൂട്ടുകറിയും ഓലനും കാളനും പിന്നെ കുത്തരിച്ചോറും പരിപ്പും നെയ്യും സാമ്പാറും പുളിശേരിയും പിന്നെ പ്രഥമനും തൂശനിലയില്‍ കഴിച്ചാലേ പൊന്നോണം നിറയൂ.
സദ്യ വിളമ്പുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടതു ഭാഗത്തു വേണം ഇലയുടെ തുമ്പിടാന്. തുമ്പില്‍ ഉപ്പേരിയും പപ്പടവും പഴവും ഉപ്പിലിട്ടതും വിളമ്പും ബാക്കി തൊടുകറികളെല്ലാം ശേഷമാണ് വിളമ്പുക. ഇതെല്ലാം വിളമ്പിക്കഴിഞ്ഞ് ചോറു വിളമ്പും. അഞ്ചു തിരിയിട്ട് വിളക്കത്ത് വിളമ്പിയതിനു ശേഷമാണ് വീട്ടുകാര്‍ പൊന്നോണമുണ്ണുക.
ഇനി അടുത്ത ഓരോണമുണ്ട്. അവിട്ടം നാളില്‍. മൂന്നാം ഓണം, ഓണമൊന്ന് മുക്കിയും മൂളിയുമെന്നാണ് മധ്യതിരുവതാംകൂര്‍ പൊതുവേ മൂന്നാമോണത്തിനേ പറയുന്നത്. തലേദിവസത്തേ ബാക്കി വന്ന കറികളും ഉപ്പിലിട്ടതുമൊക്കെ കൂട്ടി അന്നും തൂശനിലയില്‍ ചോറു വിളമ്പും. അന്നു ഒന്നുകില്‍ നമ്മള് വിരുന്നകാരാകും. അമ്മാവന്റെ വീട്ടിലോ. ചിറ്റയുടെ വീട്ടിലോ. അല്ലെങ്കില്‍ നമുക്ക് വിരുന്നുകാരുണ്ടാകും.എന്തായാലും അന്നും സദ്യ തന്നെ.
ഇനി ചതയ ദിനത്തിലെ നാലാം ഓണം. അന്നത്തെ ഓണം നക്കിയും തുടച്ചുമാണത്രേ. അതായത് പൊന്നോണ നാളിലും അവിട്ട നാളിലുമൊക്കെ വെച്ചുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ച് തീര്‍ത്തെ അക്കൊല്ലത്തെ ഓണത്തെ പറഞ്ഞു വിടുന്ന ദിവസം. അന്നും വിരുന്നുകാരുണ്ടാകും.അങ്ങനെ അക്കൊല്ലത്തെ ഓണം കഴിയും.
ഈ ഓണത്തിന് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരുപിടി രുചിക്കൂട്ടുകളും ഒപ്പം ഓണം ഉണ്ണുന്നതെങ്ങനെയെന്നും പ്രശസ്ത പാചക വിദഗ്ധയും അധ്യാപികയുമായ സുമ ശിവദാസ് .
കൂടുതല്‍ വിഭവങ്ങള്‍ക്കായി 'കുക്കിങ് വിത്ത് സുമ ടീച്ചര്‍' (cooking with suma teacher) എന്ന യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക
കൂട്ടുതോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. പച്ച ഏത്തയ്ക്കാ-1 എണ്ണം(ചെറുതായി അരിഞ്ഞത് )
2. ചേന-1 1/4 കപ്പ് ചെറുതായി അരിഞ്ഞത്
3. പച്ചപ്പയര്‍-കാല് കിലോ
4. തേങ്ങാ ചിരണ്ടിയത് -1/2 കപ്പ്
5. മുളക് പൊടി-2 ടീസ്പൂണ്‍
6. മഞ്ഞപ്പൊടി-കാല് ടീസ്പൂണ്‍
7. ചുവന്നുള്ളി-2 എണ്ണം
8. വറ്റല്‍ മുളക്-3 എണ്ണം
9. വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍
10. അരി-1 ടീസ്പൂണ്‍
11. കടുക്-1 ടീസ്പൂണ്‍
12. കറിവേപ്പില-ഒരു തണ്ട്
13. ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങായും മുളകുപൊടിയും മഞ്ഞപ്പൊടിയും ചുവന്നുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് ചതച്ച് അരപ്പ് തയ്യാറാക്കുക.അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികള്‍ ഒരു കുക്കറില്‍ ഇട്ട ശേഷം അതിലേക്ക് അരപ്പ് ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ മാത്രം വെള്ളം തളിച്ച് പ്രഷര്‍ കുക്ക് ചെയ്യുക.ഒരു വിസിലിനു ശേഷം തീയണയ്ക്കുക.ആവി മാറിയ ശേഷം കുക്കര്‍ തുറന്ന് കടുക് വറത്തിടുക.ചൂടായ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കറിവേപ്പില മൂപ്പിച്ചെടുക്കുക.വീണ്ടും ചീനിച്ചട്ടിയില്‍ എണ്ണയൊഴിച്ച് അരി പൊട്ടിച്ചെടുക്കുക.അതിലേക്ക് കടുക് ഇടുക.കടുക് പൊട്ടിയ ശേഷം വറ്റല്‍ മുളക് കൂടി ഇടുക.ശേഷം എല്ലാംകൂടി തോരനില്‍ ചേര്‍ത്തിളക്കുക.വേണമെങ്കില്‍ ഒന്നുകൂടി ചൂടാക്കി വിളമ്പാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.