നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Onam 2021 | സദ്യ ഒരുക്കാൻ തയാറായോ? ഇതാ വിഭവങ്ങൾ തയാറാക്കാം

    Onam 2021 | സദ്യ ഒരുക്കാൻ തയാറായോ? ഇതാ വിഭവങ്ങൾ തയാറാക്കാം

    ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

    ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

    ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

    • Share this:
      'മലയാളിക്ക് ഓണമെന്നാല്‍ മറ്റെല്ലാത്തിനും ഉപരി സദ്യയാണ്. നാലോണത്തിനും സദ്യ വിളമ്പും. ഒന്നാമോണം ഉത്രാടം എന്നാല്‍ നല്ലോണമാണ്. ഒന്നുകില്‍ അമ്മ വീട്ടിലായിരിക്കും നല്ലോണം.അല്ലെങ്കില്‍ അച്ഛന്‍ വീട്ടില്‍. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍.അല്ലെങ്കില്‍ ഏതെങ്കിലും ബന്ധു വീടുകളില്‍. ഇനി പൊന്നോണമായ തിരുവോണവും അങ്ങനെ തന്നെ. അന്നാണ് സദ്യ കേമമാകുന്നത്.ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പഴവും തോരനും കിച്ചടിയും പച്ചടിയും അവിയലും കൂട്ടുകറിയും ഓലനും കാളനും പിന്നെ കുത്തരിച്ചോറും പരിപ്പും നെയ്യും സാമ്പാറും പുളിശേരിയും പിന്നെ പ്രഥമനും തൂശനിലയില്‍ കഴിച്ചാലേ പൊന്നോണം നിറയൂ.

      സദ്യ വിളമ്പുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടതു ഭാഗത്തു വേണം ഇലയുടെ തുമ്പിടാന്‍. തുമ്പില്‍ ഉപ്പേരിയും പപ്പടവും പഴവും ഉപ്പിലിട്ടതും വിളമ്പും ബാക്കി തൊടുകറികളെല്ലാം ശേഷമാണ് വിളമ്പുക. ഇതെല്ലാം വിളമ്പിക്കഴിഞ്ഞ് ചോറു വിളമ്പും. അഞ്ചു തിരിയിട്ട് വിളക്കത്ത് വിളമ്പിയതിനു ശേഷമാണ് വീട്ടുകാര്‍ പൊന്നോണമുണ്ണുക.

      ഇനി അടുത്ത ഓരോണമുണ്ട്. അവിട്ടം നാളില്‍. മൂന്നാം ഓണം, ഓണമൊന്ന് മുക്കിയും മൂളിയുമെന്നാണ് മധ്യതിരുവതാംകൂര്‍ പൊതുവേ മൂന്നാമോണത്തിനേ പറയുന്നത്. തലേദിവസത്തേ ബാക്കി വന്ന കറികളും ഉപ്പിലിട്ടതുമൊക്കെ കൂട്ടി അന്നും തൂശനിലയില്‍ ചോറു വിളമ്പും. അന്നു ഒന്നുകില്‍ നമ്മള്‍ വിരുന്നകാരാകും. അമ്മാവന്റെ വീട്ടിലോ. ചിറ്റയുടെ വീട്ടിലോ. അല്ലെങ്കില്‍ നമുക്ക് വിരുന്നുകാരുണ്ടാകും.എന്തായാലും അന്നും സദ്യ തന്നെ.

      ഇനി ചതയ ദിനത്തിലെ നാലാം ഓണം. അന്നത്തെ ഓണം നക്കിയും തുടച്ചുമാണത്രേ. അതായത് പൊന്നോണ നാളിലും അവിട്ട നാളിലുമൊക്കെ വെച്ചുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ച് തീര്‍ത്തെ അക്കൊല്ലത്തെ ഓണത്തെ പറഞ്ഞു വിടുന്ന ദിവസം. അന്നും വിരുന്നുകാരുണ്ടാകും.അങ്ങനെ അക്കൊല്ലത്തെ ഓണം കഴിയും.

      ഈ ഓണത്തിന് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരുപിടി രുചിക്കൂട്ടുകളും ഒപ്പം ഓണം ഉണ്ണുന്നതെങ്ങനെയെന്നും പ്രശസ്ത പാചക വിദഗ്ധയും അധ്യാപികയുമായ സുമ ശിവദാസ് ​.

      പച്ച സാമ്പാര്‍ (അരച്ചുവെച്ച സാമ്പാര്‍) തയ്യാറാക്കുന്ന വിധം

      ആവശ്യമുള്ള സാധനങ്ങള്‍

      1.തുവര പരിപ്പ്- 1 കപ്പ്
      2. ചെറിയുള്ളി -അര കിലോ
      3. തക്കാളി -1 എണ്ണം
      4. പച്ചമുളക്- 3-4 എണ്ണം
      5.വഴുതനങ്ങാ-1 കപ്പ്
      6.ഉരുളക്കിഴങ്ങ്-1 എണ്ണം
      7.മത്തങ്ങാ-1/2 കപ്പ്
      9.പപ്പായ-1/2 കപ്പ്
      9. മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
      10. ഉപ്പ് -ആവശ്യത്തിന്
      11. പുളി-ആവശ്യത്തിന്
      12. സാമ്പാര്‍ പൊടി -1/2 കപ്പ്
      13. എണ്ണ -1 ടീസ്പൂണ്‍(നല്ലെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിക്കാം)
      14..ഉലുവ -1/2 ടീസ്പൂണ്‍
      15. കടുക് -2 ടീസ്പൂണ്‍
      16.. വറ്റല്‍ മുളക് - 3-4 എണ്ണം
      17. കറിവേപ്പില -3 തണ്ട്
      18. നെയ്യ് 1-2 ടീസ്പൂണ്‍
      19. മല്ലിയില -അര ടീസ്പൂണ്‍
      20.കായം-കായക്കട്ട ആവശ്യത്തിന്
      21.കൊത്തമല്ലി-1 ടീസ്പൂണ്‍
      22.തേങ്ങാ ചിരണ്ടിയത്-ആവശ്യത്തിന്



      തയ്യാറാകുന്ന വിധം

      ആവശത്തിന് വെള്ളവും കായവും ചേര്‍ത്ത് തൂവരപരിപ്പ് കുക്കറില്‍ വേവിക്കുക.ഒരു വിസില്‍ വരുമ്പോള്‍ തീയണയ്ക്കുക.ചെറിയുള്ളിയും പച്ചമുളകും നുറുക്കിവെച്ച പച്ചക്കറികളും പാകത്തിന് ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും േആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക.വെന്തു വരുമ്പോള്‍ പിഴിഞ്ഞു വെച്ചിരിക്കുന്ന പുളി കഷണത്തിലേക്ക് ചേര്‍ക്കുക.

      തുടര്‍ന്ന് വെന്ത പച്ചക്കറിയും പരിപ്പും ചേര്‍ത്ത് യോജിപ്പിച്ച ശേഷം വീണ്ടും തിളപ്പിക്കുക.തിളച്ച കഷണത്തിലേക്ക് അരച്ചു വെച്ചിരിക്കുന്ന മസാല ചേര്‍ക്കുക.ആവശ്യത്തിന് വെള്ളം ചേര്‍ത്തു വീണ്ടും തിളപ്പിക്കുക.അതിലേക്ക് മല്ലിയില ചേര്‍ക്കത്തിളക്കുക .കുറച്ച് നെയ്യും ചേര്‍ക്കുക.തുടര്‍ന്ന് കടുക് വറുത്ത് ചേര്‍ക്കുക.ചൂടായിരിക്കുന്ന ചീനച്ചട്ടിയിലേക്ക് എണ്ണ, കടുക്, കറിവേപ്പില ആവശ്യമെങ്കില്‍ ഉള്ളി അരിഞ്ഞത് എന്നിവ ചേര്‍ത്ത് കടുക് വറത്ത് സാമ്പാറില്‍ ചേര്‍ക്കുക.നല്ലെണ്ണയോ വെളിച്ചെണ്ണയോ കടുകു വറുക്കാനായി ഉപയോഗിക്കാം.അതിലേക്ക് കറിവേപ്പില തിരുമ്മിയിടുക.

      മസാല തയ്യാറാക്കുന്ന വിധം

      വറ്റല്‍ മുളക്, പച്ച കൊത്തമല്ലി, കായം (കായം വെള്ളത്തിലിട്ട് ആ വെള്ളം അരയ്ക്കാനെടുക്കുക) ഉലുവ ഒരു തണ്ട് കറിവേപ്പില കാല്‍ കപ്പ് തേങ്ങാ എന്നിവ ചേര്‍ത്ത് അരച്ചെടുക്കു.

      അവിയല്‍

      1. ആവശ്യമുള്ള സാധനങ്ങള്‍

      2. കുമ്പളങ്ങ/വെള്ളരിക്ക-3 കപ്പ് (

      3. ചേന-11/2 കപ്പ്

      4. പച്ച ഏത്തയ്ക്ക-1എണ്ണം

      5. പടവലങ്ങ-1 1/2 കപ്പ്

      6. മുരിങ്ങക്കാ-3,4 എണ്ണം

      7 പച്ചപ്പയര്‍- 1 1/2 കപ്പ്

      8. വഴുതനങ്ങ-1 1/2 കപ്പ്

      9. പച്ചമുളക്-10-12 എണ്ണം

      10. തേങ്ങ(ചിരണ്ടിയത് )-3കപ്പ്

      11. മുളകുപൊടി-1/4 ടീസ്പൂണ്‍

      12. മഞ്ഞപ്പൊടി-ഒരു നുള്ള്

      13. ജീരകം-ഒന്നര ടീസ്പൂണ്‍

      14. ചുവന്നുള്ളി-2,3 എണ്ണം

      15. കറിവേപ്പില-രണ്ട് തണ്ട്

      16. വാളന്‍ പുളി-ആവശ്യത്തിന്

      17. ഉപ്പ് -ആവശ്യത്തിന്

      18. വെള്ളം -ആവശ്യത്തിന്



      തയ്യാറാക്കുന്ന വിധം

      പച്ചക്കറികള്‍ നീളത്തില്‍ അരിയുക.അതിലേക്ക് കുറച്ച തേങ്ങാ ചിരവിയത്,കറിവേപ്പില,ഉപ്പ്,മഞ്ഞള്‍ പൊടി,മുളകുപൊടി വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് കൂട്ടിയിളക്കിയ ശേഷം പത്ത് മിനിറ്റ് വെയ്ക്കുക.തുടര്‍ന്ന് ഉരുളിയിലേക്ക് വെള്ളം ഒഴിച്ച് കറിവേപ്പില ചേര്‍ത്ത് യോജിപ്പിച്ച് വെച്ചിരിക്കുന്ന പച്ചക്കറി ചേര്‍ത്തിളക്ക വേവാന്‍ വെയ്ക്കുക.പത്തു മിനിറ്റിനു ശേഷം മൂടി തുറന്ന് ഒന്നു കൂടി ഇളക്കിക്കൊടുക്കുക.വെന്തു തുടങ്ങുന്ന പച്ചക്കറികളിലേക്ക് ആവശ്യമെങ്കില്‍ കുറച്ച് ചൂട് വെള്ളം കൂടി ചേര്‍ത്ത് വീണ്ടും അടച്ച് ലെയ്ക്കുക.പത്തു മിനിറ്റു കഴിഞ്ഞ് വാളന്‍ പുളി പിഴിഞ്ഞത് ചേര്‍ക്കുക.വീണ്ടും ഇളക്കിക്കൊടുക്കുക.വെന്തു വരുമ്പോള്‍ തീ അണച്ച് അരപ്പ് ചേര്‍ത്തിളക്ുക.തുടര്‍ന്ന് ഒന്നര സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ഒഴിച്ചുകൊടുക്കുക.തുടര്‍ന്ന കുറച്ച് കറിവേപ്പില തിരുമ്മി തയ്യാറായിരിക്കുന്ന അവയിലിനു മുകളിലേക്ക് ഇടുക.

      അരപ്പ് തയ്യാറാക്കുന്ന വിധം

      തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാ, ജീരകം, ഉള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കറിവേപ്പില ആവശ്യത്തിന് ഉപ്പം ചേര്‍ത്ത് ചതച്ചെടുക്കുക.
      Published by:user_57
      First published:
      )}