നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Onam 2021 | സദ്യ ഒരുക്കാൻ തയാറായോ? ഇതാ ഏത്തപ്പഴ പ്രഥമന്‍ (നേന്ത്രപ്പഴ പ്രഥമന്‍) തയാറാക്കാം

    Onam 2021 | സദ്യ ഒരുക്കാൻ തയാറായോ? ഇതാ ഏത്തപ്പഴ പ്രഥമന്‍ (നേന്ത്രപ്പഴ പ്രഥമന്‍) തയാറാക്കാം

    ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

    ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

    ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

    • Share this:
      'മലയാളിക്ക് ഓണമെന്നാല്‍ മറ്റെല്ലാത്തിനും ഉപരി സദ്യയാണ്. നാലോണത്തിനും സദ്യ വിളമ്പും. ഒന്നാമോണം ഉത്രാടം എന്നാല്‍ നല്ലോണമാണ്. ഒന്നുകില്‍ അമ്മ വീട്ടിലായിരിക്കും നല്ലോണം.അല്ലെങ്കില്‍ അച്ഛന്‍ വീട്ടില്‍. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍.അല്ലെങ്കില്‍ ഏതെങ്കിലും ബന്ധു വീടുകളില്‍. ഇനി പൊന്നോണമായ തിരുവോണവും അങ്ങനെ തന്നെ. അന്നാണ് സദ്യ കേമമാകുന്നത്.ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പഴവും തോരനും കിച്ചടിയും പച്ചടിയും അവിയലും കൂട്ടുകറിയും ഓലനും കാളനും പിന്നെ കുത്തരിച്ചോറും പരിപ്പും നെയ്യും സാമ്പാറും പുളിശേരിയും പിന്നെ പ്രഥമനും തൂശനിലയില്‍ കഴിച്ചാലേ പൊന്നോണം നിറയൂ.

      സദ്യ വിളമ്പുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടതു ഭാഗത്തു വേണം ഇലയുടെ തുമ്പിടാന്‍. തുമ്പില്‍ ഉപ്പേരിയും പപ്പടവും പഴവും ഉപ്പിലിട്ടതും വിളമ്പും ബാക്കി തൊടുകറികളെല്ലാം ശേഷമാണ് വിളമ്പുക. ഇതെല്ലാം വിളമ്പിക്കഴിഞ്ഞ് ചോറു വിളമ്പും. അഞ്ചു തിരിയിട്ട് വിളക്കത്ത് വിളമ്പിയതിനു ശേഷമാണ് വീട്ടുകാര്‍ പൊന്നോണമുണ്ണുക.

      ഇനി അടുത്ത ഓരോണമുണ്ട്. അവിട്ടം നാളില്‍. മൂന്നാം ഓണം, ഓണമൊന്ന് മുക്കിയും മൂളിയുമെന്നാണ് മധ്യതിരുവതാംകൂര്‍ പൊതുവേ മൂന്നാമോണത്തിനേ പറയുന്നത്. തലേദിവസത്തേ ബാക്കി വന്ന കറികളും ഉപ്പിലിട്ടതുമൊക്കെ കൂട്ടി അന്നും തൂശനിലയില്‍ ചോറു വിളമ്പും. അന്നു ഒന്നുകില്‍ നമ്മള്‍ വിരുന്നകാരാകും. അമ്മാവന്റെ വീട്ടിലോ. ചിറ്റയുടെ വീട്ടിലോ. അല്ലെങ്കില്‍ നമുക്ക് വിരുന്നുകാരുണ്ടാകും.എന്തായാലും അന്നും സദ്യ തന്നെ.

      ഇനി ചതയ ദിനത്തിലെ നാലാം ഓണം. അന്നത്തെ ഓണം നക്കിയും തുടച്ചുമാണത്രേ. അതായത് പൊന്നോണ നാളിലും അവിട്ട നാളിലുമൊക്കെ വെച്ചുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ച് തീര്‍ത്തെ അക്കൊല്ലത്തെ ഓണത്തെ പറഞ്ഞു വിടുന്ന ദിവസം. അന്നും വിരുന്നുകാരുണ്ടാകും.അങ്ങനെ അക്കൊല്ലത്തെ ഓണം കഴിയും.

      ഈ ഓണത്തിന് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരുപിടി രുചിക്കൂട്ടുകളും ഒപ്പം ഓണം ഉണ്ണുന്നതെങ്ങനെയെന്നും പ്രശസ്ത പാചക വിദഗ്ധയും അധ്യാപികയുമായ സുമ ശിവദാസ് ​.

      കൂടുതല്‍ വിഭവങ്ങള്‍ക്കായി 'കുക്കിങ് വിത്ത് സുമ ടീച്ചര്‍' (cooking with suma teacher) എന്ന യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക



      ഏത്തപ്പഴ പ്രഥമന്‍(നേന്ത്രപ്പഴ പ്രഥമന്‍)

      1. ഏത്തപ്പഴം/നേന്ത്രപ്പഴം-3 എണ്ണം (നന്നായി പഴുത്തത് )
      2. ശര്‍ക്കര-400 ഗ്രാം
      3. തേങ്ങാപ്പാല്‍-2 വലിയ പച്ചനാളികേരം
      4. നെയ്യ് -3 വലിയ ടീസ്പൂണ്‍

      പായസത്തില്‍ വറുത്തിടാന്‍

      1. ചുക്ക് -1 ടീസ്പൂണ്‍(പൊടിച്ചത്)
      2. ജീരകം-1 ടീസ്പൂണ്‍(പൊടിച്ചത്)
      3. തേങ്ങാക്കൊത്ത് -കാല്‍ കപ്പ്
      4. എള്ള് -1 ടീസ്പൂണ്‍



      തയ്യാറാക്കുന്ന വിധം

      ഏത്തപ്പഴം കുരുവും നാരും  മാറ്റി പുഴുങ്ങി ഉടച്ചെടുത്ത ശേഷം  കുറച്ച് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക.നന്നായി ചൂടായ ഓട്ടുരുളിയിലേക്ക് ഇടുക.അതിലേക്ക അരഗ്ലാസ് വെള്ളത്തില്‍ പൊട്ടിച്ചിട്ട് തിളപ്പിച്ച്   അരിച്ചെടുത്ത ശര്‍ക്കര ചേര്‍ക്കുക.ഏത്തപ്പഴവും ശര്‍ക്കരപ്പാനിയും ചേര്‍ത്തിളക്കുക.നന്നായി ഇളക്കിക്കൊടുക്കുക.നന്നായി കുറുകണം.ഉരുളി തെളിഞ്ഞുകാണുന്ന പാകമാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍  നെയ്യ് ചേര്‍ക്കുക.ഒന്ന് പാകമായി വരുമ്പോള്‍  മൂന്നാം പാല്‍ ചേര്‍ത്തിളക്കണം.(തേങ്ങാ ചിരണ്ടി തേങ്ങാപ്പാല്‍ തയ്യാറാക്കി വെയ്ക്കണം.ഒന്നാം പാല്‍ രണ്ടാം പാല്‍ മൂ്ന്നാം പാല്‍ ഇങ്ങനെയാണ് തേങ്ങാപ്പാല്‍ എടുത്തുവെയ്‌ക്കേണ്ടത്.)വീണ്ടും നന്നായി തിളച്ചു വറ്റണം.കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് വറ്റിയ്ക്കണം.നിരന്നു തിളച്ചു കഴിയുമ്പോള്‍ തീ അണയ്ക്കണം.തീ അണച്ച ശേഷം ഒന്നാം പാല്‍ ഒഴിക്കുക.

      പായസത്തില്‍ വറുത്തിടാന്‍

      ചുക്കും ജീരകവും പൊടിച്ചതും തേങ്ങാക്കൊത്തും എള്ളും നെയ്യില്‍ വറുത്ത് പായസത്തില്‍ ചേര്‍ക്കും.
      Published by:Karthika M
      First published:
      )}