ന്യൂയോര്‍ക്ക്: യൂട്യൂബ് ചാനലിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് ഒരു എട്ടുവയസ്സുകാരനാണ്. പേര് റിയാന്‍ ഗുവാന്‍. വിളിപ്പേര് റിയാൻ കാജി എന്നാണ്. ലക്ഷക്കണക്കിന് ആളുകള്‍ വിവിധ വിഷയങ്ങളില്‍ യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അവരെയെല്ലാം നിഷ്ടപ്രഭരാക്കിക്കൊണ്ട് കളിപ്പാട്ടങ്ങള്‍ പരിചയപ്പെടുത്തുന്ന റിയാന്‍ യൂട്യൂബില്‍ സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടി ഉയർത്തിക്കഴിഞ്ഞു.
2019 ല്‍ റിയാന്‍ കാജി എന്നു വിളിപ്പേരുള്ള താരം ചാനലിലൂടെ നേടിയത് 26 ദശലക്ഷം ഡോളറാണെന്ന് ഫോര്‍ബ്സ് മാഗസിന് കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷവും യൂട്യൂബ് പ്ലാറ്റ്ഫോമില്‍ നിന്നും 22 ദശലക്ഷം ഡോളര്‍ നേടിക്കൊണ്ട് ആ അമേരിക്കന്‍ ബാലന് തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചിരുന്നു.
Also Read- മഞ്ജുവാര്യരുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ പോയി; അമ്മയുടെ കാര്യം മകൻ മറന്നു
‘റിയാന്ഡ് വേള്‍ഡ്’ എന്ന പേരില്‍ മാതാപിതാക്കളുടെ സഹായത്തോടെ ഈ കൊച്ചു സംരംഭകന് തന്റെ മൂന്നാം വയസിലാണ് ചാനലിന് തുടക്കമിട്ടത്. 2015ലാണ് ചാനലിന്റെ തുടക്കം. പ്രാരംഭഘട്ടത്തില്‍ റിയാന്‍ ടോയ്സ്റിവ്യൂ എന്ന പേരില്‍ തുടങ്ങിയ ചാനലില്‍ കളിപ്പാട്ടങ്ങള്‍ അടങ്ങിയ ബോക്സ് തുറന്ന് കളിക്കുന്ന റിയാന്റെ വിവിധ വീഡിയോകളാണ് അപ്ലോഡ് ചെയ്തിരുന്നത്. മിക്ക വീഡിയോകള്‍ക്കും ഒരു ബില്യണിലേറെ കാഴ്ചക്കാരെയും ലഭിച്ചു. ചാനല്‍ തുടങ്ങി ഇതുവരെ 35 ബില്യണ്‍ വ്യൂസ് ആണ് ചാനലിന് ലഭിച്ചിരിക്കുന്നതെന്ന് വിപണി ഗവേഷകരായ സോഷ്യല്‍ ബ്ലേഡ് രേഖപ്പെടുത്തുന്നു. നിലവില്‍ ചാനലിലെ വരിക്കാരുടെ എണ്ണം 22.9 ദശലക്ഷം പിന്നിട്ടുകഴിഞ്ഞു.
മൂന്നു വയസുകാരന് വളരുന്നതിന് അനുസരിച്ച് ചാനലിലെ വീഡിയോകളുടെ നിലവാരത്തിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. കളിപ്പാട്ടങ്ങള്‍ അവലോകനം ചെയ്യുന്നതിനു പുറമെ വിദ്യാഭ്യാസ സംബന്ധമായ വീഡിയോകളും ഇപ്പോള്‍ കൂടുതലായി പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി വരുന്നു. ടെക്സസിലെ ഒരു സംഘം സുഹൃത്തുക്കള്‍ ചേര്‍ന്ന് ബാസ്ക്കറ്റ്ബോള്‍ കളിയില്‍ സാഹസിക പ്രകടനം നടത്തുന്ന 'ഡ്യൂഡ് പെര്‍ഫെക്റ്റ്’ എന്ന പേരിലുള്ള ചാനലിനെ മറികടന്നാണ് റിയാന്‍സ് വേള്‍ഡ് ഒന്നാമതെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Forbes list, Youtube