മാസം തികയാതെ പ്രസവിച്ച (Premature Labour) ഒരു യുവതിയിൽ നിന്ന് ഫ്ലോറിഡയിലെ (Florida) ആശുപത്രി (Hospital) ഈടാക്കിയ തുകയറിഞ്ഞാൽ നിങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടും. 5 ലക്ഷം ഡോളർ അഥവാ 4.12 കോടി രൂപയാണ് ആശുപത്രി ജീവനക്കാർ മാസം തികയാതെയുള്ള പ്രസവത്തിന്റെ പേരിൽ യുവതിയിൽ നിന്ന് ഈടാക്കിയത്.
ഒരു ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയായ ബിസി ബെനറ്റ് (38) ആണ് കഴിഞ്ഞ വർഷം നവംബറിൽ മാസം തികയാതെ പ്രസവിച്ചത്. ആശുപത്രിയിലേക്കുള്ള വഴിയിൽ കാറിൽ വെച്ച് അവർ ഡോറിയൻ (Dorian) എന്ന ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവം നേരത്തെ ആയത് കാരണം ജനനസമയത്തെ കുഞ്ഞിന്റെ സ്ഥാനം സാധാരണ നിലയിലായിരുന്നില്ല. സാധാരണ പ്രസവത്തിൽ നിന്ന് വ്യത്യസ്തമായി കുഞ്ഞിന്റെ തല അവസാനമാണ് പുറത്തുവന്നത്. കുഞ്ഞ് കരയാത്തത് ബിസിയിലും ഭർത്താവിലും ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.
"എന്നെയും കുഞ്ഞിനേയും ഒരുമിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവന്ന സമയത്ത് പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല", ബെന്നറ്റ് പറഞ്ഞു. രണ്ട് മാസം ആശുപത്രിയിൽ ചെലവഴിച്ച ശേഷം ഈ വർഷം ജനുവരി 7 ന് വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഇത്രയും ഭീമമായ തുകയുടെ ബില്ല് ആശുപത്രി അധികൃതർ ബിസിക്ക് നൽകിയത്.
താൻ ജോലി ചെയ്യുന്ന ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ കീഴിൽ വരുന്ന ആശുപത്രിയായിരുന്നു ബിസി തെരെഞ്ഞെടുത്ത അഡ്വന്റ്ഹെൽത്ത് ഒർലാൻഡോ (AdventHealth Orlando) ഹോസ്പിറ്റൽ. ഇൻഷുറൻസ് ഉണ്ടായിട്ടു പോലും ഭീമമായ തുകയാണ് ആശുപത്രി അധികൃതർ അവരിൽ നിന്ന് ഈടാക്കിയത്.
2020 ൽ ജനിച്ച കുഞ്ഞിന് 2021 വരെ ആശുപത്രിയിൽ പരിചരണം ആവശ്യമായി വന്നതിനാലാണ് അത്രയും വലിയ തുക ആശുപത്രിക്ക് ഈടാക്കേണ്ടി വന്നത്. ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങളുടെ സഹായവും, ജീവൻ നിലനിർത്താനുള്ള സംവിധാനങ്ങളും കുഞ്ഞിന്റെ അവയവങ്ങൾക്ക് പക്വത പ്രാപിക്കുന്നതു വരെ ആവശ്യമായി വന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ഡോറിയൻ ചികിത്സയിലായിരുന്ന സമയത്ത് ബിസിയുടെ ഇൻഷുറൻസ് കമ്പനി യുണൈറ്റഡ് ഹെൽത്ത് കെയറിൽ നിന്ന് യുഎംആറിലേക്ക് (United Medical Resources) ഹെൽത്ത് പ്ലാൻ മാറ്റിയിരുന്നു. ഇത് മൂലമുണ്ടായ ആശയക്കുഴപ്പം ബില്ലിങ്ങിൽ വലിയ പിശക് സംഭവിക്കാനും കാരണമായി. ആശുപത്രി അധികൃതർ രണ്ടു വർഷങ്ങളിലും രണ്ട് പോളിസികളും അബദ്ധവശാൽ ബില്ലിൽ ചേർത്തു. ഈ പിശക് മൂലം രണ്ട് ഇൻഷുറൻസ് കമ്പനികളും ബിൽ അടയ്ക്കാൻ വിസമ്മതിച്ചു. അങ്ങനെയാണ് ബിസിക്ക് ഭീമൻ തുക അടക്കേണ്ടി വന്നത്.
ആശുപത്രിയുമായി പല തവണ ബന്ധപ്പെടുകയും അവരുടെ തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടും അധികൃതർ വീണ്ടും ബിൽ അയച്ചതായി ബിസി പറയുന്നു. ഭാഗ്യവശാൽ ഈ വർഷം ഒക്ടോബറിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. കൈസർ ഹെൽത്ത് ന്യൂസ് ആശുപത്രിയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ബിസിക്ക് പണം അടയ്‌ക്കേണ്ടി വന്നില്ല. ഒടുവിൽ യുണൈറ്റഡ് ഹെൽത്ത് കെയർ ആശുപത്രിയുമായി ബന്ധപ്പെട്ട് അന്തിമ ബിൽ ₹22,471 രൂപ വരെയാക്കി കുറയ്ക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, Florida Woman