ഒരു ഹൗസിംഗ് സൊസൈറ്റി ലിഫ്റ്റിന്റെ വാതിലിൽ ഒട്ടിച്ച നോട്ടീസ് ട്വിറ്ററിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഹിന്ദിയിൽ എഴുതിയിരിക്കുന്ന നോട്ടീസിൽ കെട്ടിടത്തിൽ താമസിക്കുന്നവരല്ലാതെ മറ്റാരും ലിഫ്റ്റ് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സ്വിഗ്ഗി, സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണക്കാരെയും, സാധനങ്ങൾ വിതരണം ചെയ്യാനെത്തുന്ന മറ്റ് ആളുകളെയും ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഈ പോസ്റ്റ്പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ഈ പോസ്റ്റർ എവിടെയാണ് പതിച്ചിരിക്കുന്നതെന്നും സംഭവം നടന്നത് എവിടെയാണെന്നും വ്യക്തമല്ല. ചിത്രം പങ്കുവെച്ച് കൊണ്ട് ‘അടിക്കുറിപ്പില്ല’ എന്നു മാത്രമാണ് ശരൺ ട്വിറ്ററിൽ കുറിച്ചിരുന്നത്. ഭൂരിഭാഗം പേരും ഈ പോസ്റ്ററിനെ വിവേചനപരമായ പെരുമാറ്റമായി കാണുമ്പോൾ ചിലർ ഇതിനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരുടെയും സമയം ലാഭിക്കുന്നതിനായി കെട്ടിടങ്ങൾക്ക് പ്രത്യേക സർവീസ് ലിഫ്റ്റുകളുണ്ടെന്നാണ് അനുകൂലികളുടെ വാദം. ഹൗസിങ് കോളനികളിലെ താമസക്കാരായ ആളുകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരം നോട്ടീസുകൾ പതിക്കുന്നതെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.
Also read: ‘ഫോൺസന്ദേശത്തിൽ പറഞ്ഞത് സംഭവിക്കും’; വീട്ടിലെ വിചിത്ര സംഭവങ്ങൾക്ക് പിന്നിൽ കൗമാരക്കാരന്റെ വിനോദം
ഇനി മുതൽ ലിഫ്റ്റ് സൌകര്യം ലഭ്യമല്ലാത്ത ഹൗസിംഗ് സൊസൈറ്റികളിൽ ഡെലിവറി ബോയ്സ് ഭക്ഷണം വീട്ടുപടിക്കൽ എത്തിക്കേണ്ടതില്ലെന്ന് ചിലർ പറഞ്ഞു. ഡെലിവറി കമ്പനികൾ തൊഴിൽ പെരുമാറ്റ ചട്ടത്തിൽ മാറ്റങ്ങൾ വരുത്തി ഈ പ്രശ്നം പരിഹരിക്കണമെന്നും ചിലർ പറഞ്ഞു. അഥവാ ഇത്തരത്തിൽ വീട്ടു പടിക്കൽ എത്തിച്ചാൽ ടിപ്പായി കൂടുതൽ പണം ആവശ്യപ്പെടണം. എല്ലാവർക്കും ലിഫ്റ്റുകൾ ഉപയോഗിക്കാൻ കഴിയുന്ന കെട്ടിടങ്ങളിൽ മാത്രം ഡെലിവറി എത്തിക്കാനുള്ള ധാർമ്മികതയൊക്കെ മതിയെന്നും വിലക്കിനെ എതിർത്തു കൊണ്ട് ഒരാൾ ട്വിറ്ററിൽ കുറിച്ചു. നമ്മുടെ സമൂഹം ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ടെന്നും ഇത്തിരി മനുഷ്യത്വമാണ് ആദ്യം വേണ്ടതെന്നും മറ്റൊരാൾ പോസ്റ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് കുറിച്ചു. ഇന്ത്യയിൽ ഒളിഞ്ഞും തെളിഞ്ഞും തൊട്ടുകൂടായ്മയും ജാതീയതയും നിൽക്കുന്നു എന്നതിന് തെളിവാണ് ഇത്തരണം സംഭവങ്ങളെന്നും മറ്റൊരാൾ വിമർശിച്ചു. 20 നിലയുള്ള കെട്ടിടത്തിന് മുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവുകൾ നടന്നു കയറണമെന്ന് പറയുന്നത് മനുഷ്യത്വരഹിതമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
No Caption. pic.twitter.com/T1I9JGXdYN
— Awanish Sharan (@AwanishSharan) November 22, 2022
ഇതാദ്യമായല്ല ഇത്തരമൊരു പോസ്റ്റർ വൈറലാകുന്നതും രോഷത്തിന് ഇടയാക്കുന്നതും. അടുത്തിടെ ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ മെയിൻ ലിഫ്റ്റുകൾ ഉപയോഗിച്ചാൽ വേലക്കാരോടും ഡ്രൈവർമാരോടും ഡെലിവറി ബോയ്സിനോടും 300 രൂപ പിഴ ഈടാക്കുമെന്ന നോട്ടീസ് പ്രതിഷേധത്തിന് കാരണമായിരുന്നു. സമാനമായി പൂനെ ഹൗസിംഗ് സൊസൈറ്റിയും സമീപകാലത്ത് ഇന്ത്യയിൽ ആഴത്തിൽ വേരൂന്നിയ വർഗീയതയും ജാതീയതയും ഉയർത്തിക്കാട്ടുന്ന ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. നഗരത്തിലെ ഒരു ആഡംബര ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റുകളിൽ പതിച്ച രണ്ട് പോസ്റ്ററുകളും ട്വിറ്ററിൽ പ്രചരിച്ചിരുന്നു. ആദ്യത്തെ നോട്ടീസിൽ വീട്ടു ജോലിക്കാർ പ്രത്യേക എലവേറ്ററുകൾ ഉപയോഗിക്കണമെന്നും, രണ്ടാമത്തേതിൽ പാൽ വിതരണക്കർ, പത്രം-കൊറിയർ വിതരണക്കാർ, അലക്കുകാർ, തൊഴിലാളികൾ, പെയിന്റിംഗ് ജോലിക്കാർ, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർ എന്നിവർ പ്രത്യേക എലിവേറ്റർ ഉപയോഗിക്കണമെന്നും പ്രത്യേകം നിർദ്ദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.