ചൈനയിലെ വുഹാനിൽ (Wuhan) നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് (Corona Virus) ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചിരിക്കുകയാണ്. വാക്‌സിൻ (Covid Vaccine) കണ്ടുപിടിച്ചതിനു ശേഷവും ഈ മഹാമാരിയിൽ നിന്നും പല രാജ്യങ്ങൾക്കും കരകയറാൻ കഴിഞ്ഞിട്ടില്ല. കൊറോണയിൽ നിന്ന് കരകയറാനുള്ള ഏകമാർഗമാണ് വാക്‌സിൻ. എന്നാൽ കോവിഡ്-19 വാക്സിൻ നിങ്ങളെ കോടീശ്വരനാക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
എന്നാൽ കോവിഡ് വാക്സിൻ സ്വീകരിച്ചതിലൂടെ ഓസ്‌ട്രേലിയയിലെ ഒരു യുവതി കോടീശ്വരിയായി മാറിയിരിക്കുകയാണ്. 7,39,685 ഓസ്ട്രേലിയൻ ഡോളർ ആണ് ഈ യുവതിയെ തേടിയെത്തിയത് അതായത് ഏകദേശം 5.49 കോടി രൂപ. ഓസ്‌ട്രേലിയയിലെ ജോവാൻ ഷു എന്ന യുവതിയെയാണ് ഈ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിൽ നടത്തിയ വാക്സിൻ ക്യാമ്പൈയിനിൽ പങ്കെടുത്താണ് ജോവാൻ ഷു കോടീശ്വരിയായത്. വാക്‌സിൻ ക്യാമ്പൈനിൽ പങ്കെടുക്കുന്നവർക്ക് നടത്തിയ ഭാഗ്യ നറുക്കെടുപ്പിൽ ജോവാൻ ഷു വിജയിക്കുകയായിരുന്നു. 2.74 ദശലക്ഷം ഓസ്‌ട്രേലിയക്കാർക്കിടയിൽ നിന്നാണ് ഭാഗ്യ നറുക്കെടുപ്പിൽ വിജയിയായി ഈ ഇരുപത്തിയഞ്ചുകാരി തെരഞ്ഞെടുക്കപ്പെട്ടത്.
കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നത് തടയാൻ വാക്‌സിൻ ആണ് പ്രധാന മാർഗം. ഇതിനായി ആളുകളെ ആകർഷിക്കാനും ബോധവത്കരിക്കാനും വേണ്ടിയാണ് ഇങ്ങനെ ഒരു ഭാഗ്യ നറുക്കെടുപ്പ് ഏർപ്പെടുത്തിയത്. കൂടുതൽ ഓസ്ട്രേലിയക്കാരെ ആകർഷിക്കുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് ഒക്ടോബറിൽ ഭാഗ്യ നറുക്കെടുപ്പ് ആരംഭിച്ചത്. മില്യൺ ഡോളർ വാക്‌സ് അലയൻസ് എന്നറിയപ്പെടുന്ന കമ്പനിയും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഈ ഭാഗ്യ നറുക്കെടുപ്പിനായുള്ള പണം കണ്ടെത്തിയത് എന്ന് ദി ഓസ്‌ട്രേലിയൻ റിപ്പോർട്ട് ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, നവംബർ 5 വരെ ഓസ്‌ട്രേലിയയിൽ 1,75,813 വൈറസ് കേസുകളും 1,781 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read-
Brain Function | തല വെട്ടി മാറ്റിയാലും മനുഷ്യരിൽ ബോധം നിലനിൽക്കും; 30 സെക്കന്റ് വരെ തലച്ചോർ പ്രവർത്തിക്കുമെന്ന് പഠന റിപ്പോർട്ട്തനിക്ക് ലോട്ടറി അടിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നൈൻസ് വീക്കെൻഡ് ടുഡേ പ്രോഗ്രാമിനോട് പ്രതികരിക്കവേ ജോവാൻ ഷു പറഞ്ഞു. ഭാഗ്യ നറുക്കെടുപ്പിൽ വിജയി ആയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഇതിന്റെ സംഘാടകർ ആദ്യമായി തന്നെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ താൻ ജോലിസ്ഥലത്തായതിനാൽ കോൾ എടുക്കാനായില്ലെന്നും പിന്നീട് ആ നമ്പറിലേക്ക് തിരികെ വിളിച്ചപ്പോഴാണ് സന്തോഷ വാർത്ത അറിഞ്ഞതെന്നും ഷൂ വ്യക്തമാക്കി. വിജയി ആയതിന്റെ സന്തോഷം പങ്കുവയ്ക്കാൻ ഷു അവളുടെ സുഹൃത്തുക്കളോടൊപ്പം ഒരു റെസ്റ്റോറന്റിൽ പോയി ആഘോഷം നടത്തി. ഈ പണം ഉപയോഗിച്ച് തന്റെ കുടുംബത്തെ നന്നയി പരിപാലിക്കാൻ ആഗ്രഹിക്കുന്നതായി ഷൂ പറഞ്ഞു.
കുടുംബത്തെ ഈ പുതുവത്സരത്തിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്ത് വിമാനത്തിൽ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ഷു വ്യക്തമാക്കി. കൂടാതെ തന്റെ കുടുംബാംഗങ്ങൾക്കായി സമ്മാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഭാവിയിൽ കൂടുതൽ പണം സമ്പാദിക്കുന്നതിനായി ബാക്കി തുക നിക്ഷേപിക്കുമെന്നും ഷു വെളിപ്പെടുത്തി. തനിക്ക് കഴിയുന്നതു പോലെ തീർച്ചയായും ആളുകളെ സാമ്പത്തികമായി സഹായിക്കുമെന്നും ഷു സൂചിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.