• HOME
  • »
  • NEWS
  • »
  • buzz
  • »
  • Screen Time | 2021ൽ നിങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ എത്ര സമയം ചെലവഴിച്ചു? അറിയാൻ ഓൺലൈൻ കാൽക്കുലേറ്റർ 

Screen Time | 2021ൽ നിങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ എത്ര സമയം ചെലവഴിച്ചു? അറിയാൻ ഓൺലൈൻ കാൽക്കുലേറ്റർ 

ശരാശരി ഒരു വ്യക്തി ഇപ്പോള്‍ ഒരു ദിവസം 145 മിനിറ്റ് സ്മാര്‍ട്ട്ഫോണില്‍ ചെലവഴിക്കുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു.

  • Share this:
ഈ വര്‍ഷം നിങ്ങള്‍ എത്ര സമയം സ്‌ക്രീനുകളില്‍ (Screen) ചെലവഴിച്ചിട്ടുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ആളുകള്‍ കഴിഞ്ഞ ഒരു വര്‍ഷം ചെലവഴിച്ച സമയം മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെ കൂടുതലാണ്.

സ്മാര്‍ട്ട്ഫോണ്‍ (Smartphone) കൈയ്യില്‍ ഇല്ലാത്തപ്പോള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പലരും. എന്നാല്‍ 2021ല്‍ നിങ്ങള്‍ എത്ര സ്‌ക്രീന്‍ സമയം ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുന്ന ഒരു ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററാണ് (Online Calculator) സോര്‍ട്ട്ലിസ്റ്റ്വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സോര്‍ട്ട്ലിസ്റ്റിന്റെ (Sortlist) ഈ കാല്‍ക്കുലേറ്ററില്‍ നിങ്ങളുടെ പ്രതിദിന സ്‌ക്രീന്‍ സമയം നല്‍കാന്‍ ആവശ്യപ്പെടും. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം എത്ര സമയം നിങ്ങള്‍ സ്‌ക്രീനില്‍ ചെലവഴിച്ചു എന്ന് മനസ്സിലാക്കാം.

ഈ വര്‍ഷത്തെ 16-64 വയസ് പ്രായമുള്ളവരുടെ ശരാശരി സ്‌ക്രീന്‍ സമയവുമായി നിങ്ങളുടെ ഫലങ്ങള്‍ താരതമ്യം ചെയ്യാം. 52,925 മിനിറ്റാണ് ഒരു വര്‍ഷത്തെ ശരാശരി സ്‌ക്രീന്‍ സമയം അതായത് 36 ദിവസവും 18 മണിക്കൂറും അഞ്ച് മിനിറ്റും.

'നമ്മള്‍ അറിയാതെ തന്നെ സ്‌ക്രീനില്‍ നാം ധാരാളം സമയം ചെലവഴിക്കുന്നു. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ ജീവിതത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് മനസ്സിലാക്കാനും ഉപയോക്താക്കളെ പ്രാപ്തരാക്കാനും ഒരു കാല്‍ക്കുലേറ്റര്‍ സൃഷ്ടിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.' സോര്‍ട്ട്ലിസ്റ്റിന്റെ സഹസ്ഥാപകനും സിഎംഒയുമായ നിക്കോളാസ് ഫിനറ്റ് പറഞ്ഞു.

ഗവേഷണത്തിന്റെ ഭാഗമായി, ഹൂട്ട് സ്യൂട്ട്‌സ് ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021 റിപ്പോര്‍ട്ടില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി, ആളുകള്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ചെലവഴിക്കുന്ന ദൈനംദിന സമയം സോര്‍ട്ട്ലിസ്റ്റ് വിശകലനം ചെയ്തു.

ശരാശരി ഒരു വ്യക്തി ഇപ്പോള്‍ ഒരു ദിവസം 145 മിനിറ്റ് സ്മാര്‍ട്ട്ഫോണില്‍ ചെലവഴിക്കുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു. 2020ല്‍ ഇത് ശരാശരി 142 മിനിറ്റ് ആയിരുന്നു. ഇത് പ്രകാരം ആഴ്ചയില്‍ 1,015 മിനിറ്റും മാസത്തില്‍ 4,410 മിനിറ്റും വര്‍ഷത്തില്‍ 52,925 മിനിറ്റും ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു. കഴിഞ്ഞ 18 മാസങ്ങളില്‍ ആളുകള്‍ എന്നത്തേക്കാളും കൂടുതല്‍ സമയം സ്‌ക്രീനുകളില്‍ ചെലവഴിച്ചുവെന്ന് ഫിനറ്റ് പറയുന്നു.

'മഹാമാരിയെ തുടര്‍ന്ന്, പലരും വീട്ടിലിരുന്ന് ജോലി ചെയ്യാനും സൂം കോളുകളില്‍ ധാരാളം സമയം ചെലവഴിക്കാനും ഒഴിവു സമയത്ത് കൂടുതല്‍ സമയം സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ ചെലവഴിക്കാനും നിര്‍ബന്ധിതരായി. ഇതാണ് ഈ വര്‍ഷം ആളുകളുടെ സ്‌ക്രീന്‍ സമയം വര്‍ദ്ധിക്കാന്‍ കാരണം.'

ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ആപ്പ് യൂട്യൂബ് (YouTube) ആണെന്ന് സോര്‍ട്ട്ലിസ്റ്റ് കണ്ടെത്തി. പ്രതിമാസം ശരാശരി 23 മണിക്കൂറും 12 മിനിറ്റുമാണ് ആളുകള്‍ യൂട്യൂബ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് (പ്രതിമാസം 19 മണിക്കൂര്‍, 30 മിനിറ്റ്), വാട്ട്സ്ആപ്പ് (പ്രതിമാസം 19 മണിക്കൂര്‍, 24 മിനിറ്റ്), (പ്രതിമാസം 113 മണിക്കൂര്‍, 54 മിനിറ്റ്), ടിക് ടോക്ക് (പ്രതിമാസം 13 മണിക്കൂര്‍, 18 മിനിറ്റ്) എന്നിവയാണ് യൂട്യൂബിന് തൊട്ടുപിന്നിലുള്ളത്.

രാജ്യം തിരിച്ചുള്ള ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍, ഫിലിപ്പൈന്‍സിലെ ആളുകളാണ് ഏറ്റവും കൂടുതല്‍ സമയം സ്‌ക്രീനുകളില്‍ ചെലവഴിക്കുന്നതെന്നും സോര്‍ട്ട്ലിസ്റ്റ് കണ്ടെത്തി (പ്രതിദിനം 10 മണിക്കൂര്‍, 56 മിനിറ്റ്).

ബ്രസീല്‍ (പ്രതിദിനം 10 മണിക്കൂര്‍, 8 മിനിറ്റ്), കൊളംബിയ (പ്രതിദിനം 10 മണിക്കൂര്‍, 7 മിനിറ്റ്), ദക്ഷിണാഫ്രിക്ക (പ്രതിദിനം 10 മണിക്കൂര്‍, 6 മിനിറ്റ്) എന്നിവയാണ് മറ്റ് രാജ്യങ്ങളുടെ കണക്കുകള്‍.

'ഇന്നത്തെ ലോകത്ത് ദൈനംദിന ജോലികളില്‍ ഭൂരിഭാഗവും ഓണ്‍ലൈനായാണ് നടക്കുന്നത്. ഇത് ഒരു മോശം കാര്യമല്ല, എന്നാല്‍ സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ബ്രൗസിംഗും മാത്രമല്ല ആസ്വദിക്കാന്‍ മറ്റ് അനേകം കാര്യങ്ങള്‍ ഉണ്ടെന്ന് നാം സ്വയം ഓര്‍മ്മിക്കേണ്ടത് വളരെ പ്രധാനമാണ്,' ഫിനറ്റ് കൂട്ടിച്ചേര്‍ത്തു.
Published by:Jayashankar Av
First published: