• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

കൂട്ടുകാരിയുടെ വരന് കൊടുത്തുവിട്ട അച്ചാർ ഹിറ്റ്; ശ്രീലക്ഷ്മിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല

How Sreelekshmi carved a niche for herself in entrepreneurship | സൈക്കോളജിസ്റ്റ്, അധ്യാപിക, ഇപ്പോൾ ഉയരങ്ങളിലേക്കു കുതിക്കുന്ന സംരംഭക. ശ്രീലക്ഷ്മി സതീഷിന്റെ വിജയം വെറുതേ ഇരുന്നു നേടിയതല്ല

News18 Malayalam | news18-malayalam
Updated: November 11, 2019, 2:59 PM IST
കൂട്ടുകാരിയുടെ വരന് കൊടുത്തുവിട്ട അച്ചാർ ഹിറ്റ്; ശ്രീലക്ഷ്മിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല
ശ്രീലക്ഷ്മി
 • Share this:
#എൻ.എം. ഉണ്ണികൃഷ്ണൻ

തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ കലവറ ഫുഡ് പ്രൊഡക്ട്സിലേക്ക് ഒരു ഫോൺ വന്നു. നിങ്ങളുടെ അച്ചാറുകൾ ചോദിച്ച് ഇവിടെ ആളുകൾ വരുന്നു. എന്തു ചെയ്യണമെന്നായിരുന്നു ചോദ്യം. സംഭവം മറ്റൊന്നുമല്ല, ഹോട്ടലിനും അച്ചാറിനും ഒരേ പേര്. കലവറ. സദ്യവട്ടങ്ങളുടെയും പാചകത്തിന്റെയും കാര്യമെടുക്കുമ്പോൾ കലവറ എന്ന പേര് വലിയ പുതുമയൊന്നുമല്ല. എന്നാൽ, ശ്രീലക്ഷ്മി എന്ന തിരുവനന്തപുരത്തുകാരി തൃപ്പൂണിത്തുറയിൽ തുടക്കമിട്ട കലവറ ഒരു പുതുമ തന്നെയാണ്. സൈക്കോളജിസ്റ്റായും അധ്യാപികയായും എഡ്യുക്കേഷണൽ കൗൺസിലറായും ഒക്കെ ജോലി നോക്കിയ ശേഷം വളരെ അവിചാരിതമായി ഉണ്ടാക്കിയ അച്ചാറാണ് ഈ പുതുമ നിറഞ്ഞ കലവറയുടെ രഹസ്യം.

കൂട്ടുകാരിയുടെ ഗൾഫിലെ വരനും അച്ചാറും

ശ്രീലക്ഷ്മിയുടെ കൂട്ടുകാരിക്ക് കല്യാണം നിശ്ചയിച്ചതാണ് കലവറ അച്ചാറുകൾ പിറക്കാൻ യഥാർഥ കാരണം. കല്യാണത്തിന് വിളമ്പാനുള്ള അച്ചാറല്ല കാര്യം. വിവാഹനിശ്ചയം കഴിഞ്ഞു ഗൾഫിലേക്കു മടങ്ങുന്ന വരന് അച്ചാർ കൊടുത്തുവിടണമെന്ന് കൂട്ടുകാരിക്കു തോന്നിയ ആഗ്രഹം. കാര്യം ശ്രീലക്ഷ്മിയോടു പറഞ്ഞു. രണ്ടു പേരും പാചക പുസ്തകങ്ങളും യൂട്യൂബും ഒക്കെ തിരഞ്ഞ് അച്ചാർ എങ്ങനെ ഉണ്ടാക്കാമെന്നു കണ്ടെത്തി. സ്വന്തം പരീക്ഷണം കൂടി ആയപ്പോൾ അച്ചാർ റെഡി. ഗൾഫിലേക്ക് ഒരു കിലോ അച്ചാർ കൊടുത്തുവിട്ടു.

അച്ചാർ കഴിക്കാൻ കൊള്ളുമോ എതോ നാവിൽ വച്ചപാടെ കളഞ്ഞോ എന്നൊക്കെയുള്ള ആശങ്കകളുമായി ശ്രീലക്ഷ്മിയും കൂട്ടുകാരിയും നാട്ടിൽ കാത്തിരുന്നു. സംഗതി ജോറാക്കി. അച്ചാർ ഗൾഫിലെ വരനും കൂട്ടുകാർക്കുമിടയിൽ സൂപ്പർ ഹിറ്റ്. കൂട്ടുകാരി വീണ്ടും ശ്രീലക്ഷ്മിയെ കാണാനെത്തിയത് അ‍ഞ്ചു കിലോ അച്ചാറുണ്ടാക്കണമെന്നു പറ‍ഞ്ഞാണ്. ഗൾഫിലേക്ക് അടുത്ത ദിവസം പോകുന്നയാളുടെ കൈയിൽ കൊടുത്തുവിടണം. എന്തിലും പരീക്ഷണം നടത്താൻ അസാമാന്യ ധൈര്യവതിയായ ശ്രീലക്ഷ്മി പിന്നെ കരുതിയത് ഇത്തിരി ബിസിനസാണ്. കൂട്ടുകാരിയും അതു തന്നെ ചിന്തിച്ചപ്പോൾ പിന്നെ എന്ത് ആലോചിക്കാൻ.

തൃപ്പൂണിത്തുറയിലെ ഇത്തിരിപ്പോന്ന ഫ്ലാറ്റ് അച്ചാർ നിർമാണ ശാലയായി. മീൻ അച്ചാറും ബീഫ് അച്ചാറും റെഡി. നന്നായി പായ്ക്ക് ചെയ്ത് ഗൾഫിലേക്ക് അയച്ചു. പിന്നെ, കൂടുതൽ കൂടുതൽ അച്ചാറുണ്ടാക്കിത്തുടങ്ങി. സംഭവം ജോറാകുന്നുണ്ടെന്ന് പ്രതികരണം കിട്ടിയതോടെ കലവറ എന്നു പേരിട്ടു. ആദ്യമൊക്കെ ശ്രീലക്ഷ്മിയുടെ സുഹൃത്തുക്കളായിരുന്നു വാങ്ങിയിരുന്നത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിൽപന. പിന്നെ പിന്നെ നിരവധി ആവശ്യക്കാരായി.ഫേസ്ബുക്കിലൂടെ വളർന്ന കലവറ

ദിവസം പത്തും മുപ്പതും ബോട്ടിൽ അച്ചാറുകൾ ഉണ്ടാക്കി ഫേസ്ബുക്കിൽ അറിയിപ്പിടും. അന്നുതന്നെ ഗൂഗിൾ പേയിൽ പണം വരും. അച്ചാറുകൾ പായ്ക്ക് ചെയ്ത് കൊറിയർ ചെയ്യും. ഇതാണ് കലവറയുടെ തുടക്കം. ആവശ്യക്കാരും ബോട്ടിലുകളുടെ എണ്ണവും വർധിച്ചപ്പോൾ ഇതൊരു മുഴുവൻ സമയ പണിയാക്കിയാൽ എന്തെന്നായി ശ്രീലക്ഷ്മിയുടെ ചിന്ത. കൊച്ചിയിൽ എഡ്യൂക്കേഷണൽ കൗൺസിലറായിരുന്ന സമയം.

കലവറ ഒരു സ്ഥാപനമായി വളർന്നത് ഇങ്ങനെയാണ്. അത്രയും നാൾ ഫ്ലാറ്റിലെ അടുക്കളയിലാണ് അച്ചാറുണ്ടാക്കിയിരുന്നത്. അളവു കൂടിയപ്പോൾ അടുക്കളയും പായ്ക്ക് ചെയ്യാൻ ഫ്ലാറ്റിലെ സ്വീകരണമുറിയും പോരാതെയായി. മരട് ക്ഷേത്രത്തിന് അടുത്ത് കലവറയ്ക്കായി സ്ഥലം വാടകയ്ക്കെടുത്തു. ദിവസേന തയാറാക്കുന്ന അച്ചാർ ബോട്ടിലുകളുടെ എണ്ണം നൂറായി. രണ്ടു ജീവനക്കാരെ ജോലിക്കു വച്ചു. എന്നും ഉണ്ടാക്കുന്ന അച്ചാറുകൾക്ക് അന്നുതന്നെ ഓർഡറെടുത്ത് നേരമിരുട്ടും മുമ്പ് കൊറിയർ ചെയ്യുക അതാണ് കലവറയുടെ രീതിയെന്ന് ശ്രീലക്ഷ്മി പറയുന്നു.

പരസ്യമില്ല, ഫേസ്ബുക്കിൽ നിറയെ കലവറ

സമൂഹമാധ്യമങ്ങളെക്കൊണ്ട് ഒരു സംരംഭം ഗംഭീരമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. ഇതുവരെ ഒരു പരസ്യം പോലും നൽകിയിട്ടില്ല. ഫേസ്ബുക്കിൽ അച്ചാറുണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമൊക്കെ ലൈവിൽ കാണിക്കും. ഓരോ ദിവസവും ഉണ്ടാക്കിയ ബോട്ടിലുകളുടെ അളവ് പറയും. ആവശ്യക്കാർക്ക് ഉടനടി കലവറയുടെ പേജിൽ കയറി ഓർഡർ നൽകാം. ഇതാണു രീതി. അച്ചാർ നിർമാണത്തിൽ മാത്രം ഒതുങ്ങുന്നില്ല കലവറ. കഴിഞ്ഞ ഓണക്കാലത്ത് ഓണസദ്യയും ഉണ്ടാക്കിക്കൊടുത്തു.

ജോലിക്കിടയിൽ സംരംഭവും മുന്നോട്ടു കൊണ്ടുപോവുകയെന്ന ചോദ്യം ഉയർന്നപ്പോൾ സഹോദരൻ ശ്രീരാജ് ആണ് ശ്രീലക്ഷ്മിക്കു തുണയായത്. കലവറ തുടങ്ങാനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിന്നു. സ്റ്റിക്കർ ഡിസൈൻ അടക്കമുള്ള കാര്യങ്ങൾ ഏറ്റെടുത്തു. ഇപ്പോൾ ട്രേഡ്മാർക്കിനുള്ള ശ്രമമാണ്. നടപടികൾ മുന്നോട്ടു നീങ്ങുന്നു. വിദേശരാജ്യങ്ങളിൽനിന്ന് അടക്കം ഓർഡറുകൾ കിട്ടിത്തുടങ്ങിയിട്ടുണ്ട്.

വിജയരഹസ്യമെന്തെന്ന് ശ്രീലക്ഷ്മി

സ്വന്തം കഥ പറയുന്നതിനേക്കാൾ ശ്രീലക്ഷ്മിക്കു താൽപര്യം എങ്ങനെ ഒരു സംരംഭം തുടങ്ങാമെന്നു പറയാനാണ്. തിരുവനന്തപുരത്തും കണ്ണൂരിലും അധ്യാപികയായിരുന്നു കുറച്ചുകാലം. അതിനിടയിൽ എഡ്യുക്കേഷണൽ കൗൺസിലറായും ജോലി നോക്കി. അവിചാരിതമായി വന്ന ബിസിനസിൽ എല്ലാം ഇട്ടെറിഞ്ഞു ചാടിയിറങ്ങിയില്ലെന്നതുതന്നെയാണ് തന്റെ വിജയരഹസ്യമെന്ന് ശ്രീലക്ഷ്മി പറയുന്നു.

'സാധാരണ ബിസിനസിലേക്ക് ഇറങ്ങുന്നവർക്ക് മറ്റൊന്നും മുന്നിൽ ഉണ്ടാകില്ല. ബിസിനസ് തുടങ്ങുക എന്നതു മാത്രമായിരിക്കും മനസിൽ. സ്വന്തം സ്ഥിതി പരിഗണിക്കാതെയുള്ള ഒരു എടുത്തുചാട്ടം. ഞാൻ അങ്ങനെയായിരുന്നില്ല. ജോലി ചെയ്തുകൊണ്ടാണ് അച്ചാറുണ്ടാക്കി വിറ്റു തുടങ്ങിയത്. വേണമെങ്കിൽ ഈ ബിസിനസ് തുടങ്ങുമ്പോൾ എനിക്ക് ജോലി വേണ്ടെന്നു വയ്ക്കാമായിരുന്നു. അച്ചാർ വിറ്റും ജീവിക്കാമെന്നു വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം കലവറയിലിറങ്ങിയത്.

'ഇതുവരെ വായ്പകളൊന്നും എടുത്തിട്ടില്ല. ബിസിനസ് തുടങ്ങാൻ വായ്പ തരാൻ നിരവധി ബാങ്കുകളുണ്ടാകും. തിരിച്ചടവു മുടങ്ങിയാൽ കഷ്ടപ്പെടാൻ അവരവർ മാത്രമേ ഉണ്ടാകൂ എന്ന് ഓർക്കണം. പലർക്കും പറ്റുന്ന വീഴ്ച ഇവിടെയാണ്. വായ്പ കിട്ടുമ്പോൾ അതെടുത്തു ബിസിനസ് തുടങ്ങും. എന്താണ് വിപണി എന്നു മനസിലാക്കാതെയായിരിക്കും ഇത്. ഒടുവിൽ വിറ്റുവരവില്ലാതെ വായ്പ തിരിച്ചടയ്ക്കാൻ പണമില്ലാതെയാകും. കടത്തിനു മേൽ കടം കയറും. പരാജയപ്പെടുമ്പോൾ ബിസിനസിന് പഴി പറയും. ബിസിനസ് തുടങ്ങി എല്ലാം തകർന്നു എന്ന്.

'ഒരു വരുമാനം ഒരു വശത്തുള്ളപ്പോൾ മാത്രമേ സ്വന്തമായി സംരംഭത്തിലേക്ക് ഇറങ്ങാവൂ. നിത്യവൃത്തി മുട്ടാതിരിക്കാനുള്ള മാർഗം നോക്കണം. ബിസിനസ് ആദ്യം ഒരിക്കലും ലാഭകരമാകില്ല. സ്വന്തംകാലിൽ ബിസിനസ് നിൽക്കുമെന്ന ഘട്ടത്തിൽ മാത്രം വരുമാനമാർഗം ഉപേക്ഷിക്കാം. വലിയ യന്ത്രസാമഗ്രികളും ഓഫീസും ഫാക്ടറിയുമൊന്നുമല്ല ബിസിനസിന്റെ ആണിക്കല്ല്. കഠിനാധ്വാനവും വിപണിയെ പഠിക്കലുമാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍