നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Onam 2021 | സദ്യ ഒരുക്കാൻ തയാറായോ? ഓണസദ്യ എങ്ങിനെ ഉണ്ണാം ; അറിയാം

  Onam 2021 | സദ്യ ഒരുക്കാൻ തയാറായോ? ഓണസദ്യ എങ്ങിനെ ഉണ്ണാം ; അറിയാം

  ഓണസദ്യ എങ്ങിനെ ഉണ്ണാം എന്നതിനെക്കുറിച്ച്‌ സുമ ശിവദാസ്

  ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

  ഓണസദ്യയുടെ പാചകക്കുറിപ്പുമായി സുമ ശിവദാസ്

  • Share this:
   'മലയാളിക്ക് ഓണമെന്നാല്‍ മറ്റെല്ലാത്തിനും ഉപരി സദ്യയാണ്. നാലോണത്തിനും സദ്യ വിളമ്പും. ഒന്നാമോണം ഉത്രാടം എന്നാല്‍ നല്ലോണമാണ്. ഒന്നുകില്‍ അമ്മ വീട്ടിലായിരിക്കും നല്ലോണം.അല്ലെങ്കില്‍ അച്ഛന്‍ വീട്ടില്‍. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍.അല്ലെങ്കില്‍ ഏതെങ്കിലും ബന്ധു വീടുകളില്‍. ഇനി പൊന്നോണമായ തിരുവോണവും അങ്ങനെ തന്നെ. അന്നാണ് സദ്യ കേമമാകുന്നത്.ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പഴവും തോരനും കിച്ചടിയും പച്ചടിയും അവിയലും കൂട്ടുകറിയും ഓലനും കാളനും പിന്നെ കുത്തരിച്ചോറും പരിപ്പും നെയ്യും സാമ്പാറും പുളിശേരിയും പിന്നെ പ്രഥമനും തൂശനിലയില്‍ കഴിച്ചാലേ പൊന്നോണം നിറയൂ.

   സദ്യ വിളമ്പുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടതു ഭാഗത്തു വേണം ഇലയുടെ തുമ്പിടാന്‍. തുമ്പില്‍ ഉപ്പേരിയും പപ്പടവും പഴവും ഉപ്പിലിട്ടതും വിളമ്പും ബാക്കി തൊടുകറികളെല്ലാം ശേഷമാണ് വിളമ്പുക. ഇതെല്ലാം വിളമ്പിക്കഴിഞ്ഞ് ചോറു വിളമ്പും. അഞ്ചു തിരിയിട്ട് വിളക്കത്ത് വിളമ്പിയതിനു ശേഷമാണ് വീട്ടുകാര്‍ പൊന്നോണമുണ്ണുക.

   ഇനി അടുത്ത ഓരോണമുണ്ട്. അവിട്ടം നാളില്‍. മൂന്നാം ഓണം, ഓണമൊന്ന് മുക്കിയും മൂളിയുമെന്നാണ് മധ്യതിരുവതാംകൂര്‍ പൊതുവേ മൂന്നാമോണത്തിനേ പറയുന്നത്. തലേദിവസത്തേ ബാക്കി വന്ന കറികളും ഉപ്പിലിട്ടതുമൊക്കെ കൂട്ടി അന്നും തൂശനിലയില്‍ ചോറു വിളമ്പും. അന്നു ഒന്നുകില്‍ നമ്മള്‍ വിരുന്നകാരാകും. അമ്മാവന്റെ വീട്ടിലോ. ചിറ്റയുടെ വീട്ടിലോ. അല്ലെങ്കില്‍ നമുക്ക് വിരുന്നുകാരുണ്ടാകും.എന്തായാലും അന്നും സദ്യ തന്നെ.

   ഇനി ചതയ ദിനത്തിലെ നാലാം ഓണം. അന്നത്തെ ഓണം നക്കിയും തുടച്ചുമാണത്രേ. അതായത് പൊന്നോണ നാളിലും അവിട്ട നാളിലുമൊക്കെ വെച്ചുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ച് തീര്‍ത്തെ അക്കൊല്ലത്തെ ഓണത്തെ പറഞ്ഞു വിടുന്ന ദിവസം. അന്നും വിരുന്നുകാരുണ്ടാകും.അങ്ങനെ അക്കൊല്ലത്തെ ഓണം കഴിയും.

   ഈ ഓണത്തിന് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരുപിടി രുചിക്കൂട്ടുകളും ഒപ്പം ഓണം ഉണ്ണുന്നതെങ്ങനെയെന്നും പ്രശസ്ത പാചക വിദഗ്ധയും അധ്യാപികയുമായ സുമ ശിവദാസ് ​.

   ഓണം ഉണ്ണുന്നതെങ്ങനെ

   സദ്യ വട്ടങ്ങള്‍
   നാലുകൂട്ടം വറുത്തുപ്പേരി, കായുപ്പേരി,വെള്ള ഉപ്പേരി,ചേന ഉപ്പേരി,ചേമ്പ് ഉപ്പേരി. നാല്  കൂട്ടം ഉപ്പിലിട്ടത് ഇഞ്ചിക്കറി,മാങ്ങാക്കറി,നാരങ്ങാക്കറി,കിച്ചടി (തൊടുകറികള്‍). നാലുകൂട്ടം തോരന്‍ കറികള്‍ തോരന്‍,ഓലന്‍,അവിയല്‍ പച്ചടി ഒപ്പം കൂട്ടു കറി. നാലുകൂട്ടം ഒഴിച്ചു കൂട്ടാന്‍ പരിപ്പ്,സാമ്പാര്‍,കാളന്‍,രസം മൂന്ന് പപ്പടം(രണ്ട് ചെറിയ പപ്പടവും ഒരു ചെറിയ പപ്പടവും) പിന്നെ കുത്തരിച്ചോറും.   തൂശനില വെട്ടി നന്നായി കഴുകിത്തുടച്ച് വേണം സദ്യ വിളമ്പാന്‍. ഇലയിടുന്നതും ശ്രദ്ധിക്കണം. ഉണ്ണുന്നയാളുടെ ഇടതു വശത്തു വേണം തൂശനിലയുടെ തുമ്പിടാന്‍. നാലു കൂട്ടം ഉപ്പിലിട്ടത് വിളമ്പുന്നത് ഇലയുടെ ഇടതു ഭാഗത്തിന് മുകളിലാണ്. ഇലയുടെ നടുഭാഗത്ത് (ഇരിയ്ക്കുന്ന ആളുടെ മധ്യഭാഗത്ത് അവിയല്‍ വരണം. പച്ചടിയും ഓലനും അവിയലിന് ഇടതു വശത്തും പച്ചടിയും ഓലനും തോരനും കൂട്ടുകറിയും അവിയലിന്റെ വലത്തു വശത്തു വിളമ്പണം. ആളിരുന്ന ശേഷം വേണം ചോറു വിളമ്പാന്‍. ചോറിടുമ്പോള്‍ മിച്ചം വരാതെ ശ്രദ്ധിക്കണം. കുറച്ച് ചോറ് മാറ്റി പരിപ്പും നെയ്യും വാങ്ങി ഒരു പപ്പടം എടുത്ത് കുഴച്ച് കഴിക്കുക. അതിന്റെ കൂടെ കഴിക്കേണ്ടത് പാവയ്ക്കാ വറുത്തരച്ച കിച്ചടിയാകണം.

   പിന്നെ സാമ്പാര്‍ വിളമ്പും .സാമ്പാര്‍ കഴിക്കുമ്പോള്‍ അവിയല്‍ ,തോരന്‍,കൂട്ടുകറി,പച്ചടി ,ഉപ്പിലിട്ടത് എല്ലാകൂട്ടാം. വേണമെങ്കില്‍ പപ്പടവും പൊടിച്ചിടാം.

   പിന്നെ കാളന്‍ വരും. കാളന്റെ കൂടെ ഓലനും പച്ചടിയും കൂട്ടണം.പിന്നെ പായസമാണ്. ഇലയില്‍ കഴിച്ചാല്‍ നന്നായി.പപ്പടം കൂട്ടി കുഴച്ച് കഴിക്കാം.പായസം കഴിക്കുമ്പോള്‍ നാരങ്ങാക്കറി തൊട്ടുകൂട്ടാം.ഇനി ഇത്തിരി രസം കൂട്ടാം.പിന്നെ സംഭാരം വരും .(ഇഞ്ചിയും പച്ചമുളകും നാരകത്തിലയും ഉപ്പും ചതച്ചിട്ട മോരാണ് കഴിക്കുക. എല്ലാം കഴിച്ച ശേഷം സദ്യ ഇഷ്ടമായെങ്കില്‍ ഇല നമുക്ക് നേരേ മടക്കി വെച്ച ശേഷം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാം.
   Published by:Karthika M
   First published: