ഏത് നായയ്ക്കും അതിന്റേതായ ഒരു ദിവസം വരുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്.വാരണാസിയിലെ തെരുവിൽ അലഞ്ഞ് നടന്ന രണ്ട് നായ്ക്കളുടെ കാര്യത്തിൽ ആ പഴഞ്ചൊല്ല് യാഥാർത്ഥ്യമായി എന്ന് വേണം പറയാൻ. ഇന്ത്യൻ ഇനത്തിൽ പെട്ട നായ്ക്കളായമോത്തിയും ജയയും ആണിപ്പോൾ താരങ്ങൾ. ഏകദേശം അഞ്ച് മാസം മുമ്പ് രണ്ട് വിദേശ വിനോദ സഞ്ചാരികൾ ഇവരെ തെരുവിൽ നിന്ന് രക്ഷപ്പെടുത്തുകയും പിന്നീട് ദത്തെടുക്കുകയും ചെയ്തു. മോത്തി ഇറ്റലിയിലെയും ജയ നെതർലാൻഡിലെയും അവരുടെ പുതിയ വീടുകളിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ്.
രണ്ട് നായ്ക്കളുടെയും പാസ്പോർട്ട് തയ്യാറായി കഴിഞ്ഞു. ഇറ്റലിയിലെയും നെതർലൻഡിലെയും സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അനുസരിച്ച് നായ്ക്കളിൽ ഘടിപ്പിച്ച മൈക്രോചിപ്പിൽ നിന്ന് ഒരു ഡിജിറ്റൽ നമ്പറും സൃഷ്ടിച്ചു കഴിഞ്ഞു. വിമാനത്താവളത്തിൽ തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം ഈ നമ്പർ ആവശ്യമാണ്. നായ്ക്കളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും വേർതിരിച്ചെടുക്കാൻ കഴിയുന്ന 15 അക്ക നമ്പർ ആ ചിപ്പിൽ അടങ്ങിയിട്ടുണ്ട്.
മോത്തിയുടെ രക്തസാമ്പിളുകൾ പോർച്ചുഗലിലെ ഒരു ലാബിൽ പരിശോധിച്ചു. വാക്സിനേഷനുകൾ നടത്തി നായ്ക്കളെ ഇപ്പോൾ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. മോത്തി ജൂലൈ 13ന് ഇറ്റലിയിലേക്കും ജയ ഓഗസ്റ്റിൽ നെതർലൻഡിലേക്കും പോകും. എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയായിക്കഴിഞ്ഞു. നായ്ക്കളെ ദത്തെടുക്കാൻ സഹായിച്ച വാരണാസി ആസ്ഥാനമായുള്ള എൻജിഒയായ അനിമോട്ടലിന്റെ നടത്തിപ്പിക്കാരായ ഡയബറ്റോളജിസ്റ്റും മൃഗസ്നേഹിയുമായ ഡോ. ഇന്ദ്രനീൽ ബസു പറഞ്ഞു.
ഏകദേശം അഞ്ച് മാസം മുമ്പാണ് വാരണാസിയിലേക്കുള്ള തീർത്ഥാടന യാത്രയ്ക്കിടെ ഇറ്റാലിയൻ വനിത വെരാ ലാസറെറ്റി വാരണാസിയിലെ ഘട്ടിൽ മോത്തിയെ കണ്ടെത്തിയത്. അന്ന് നായക്കുട്ടിയായിരുന്ന മോത്തിയെ ചണച്ചാക്കിനുള്ളിൽ കെട്ടി ആരോ ഉപേക്ഷിച്ച നിലയിലായിരുന്നു. ഭാഗ്യവശാൽ വെരാ മോത്തിയെ കാണുകയും ചാക്ക് അഴിച്ച് മോത്തിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. തുടർന്ന് സഹായം തേടി വെരാ മോത്തിയുമായി അനിമോട്ടലിലെത്തി. അതിന് ശേഷം മോത്തിയെ വെരാ തന്നെ ദത്തെടുക്കുകയും ചെയ്തു. മോട്ടിയെ കൂടെ കൊണ്ടുപോകാനുള്ള സന്നദ്ധത പ്രകടിപ്പിച്ച വെരയ്ക്ക് നായയെ തന്റെ രാജ്യത്തേക്ക് കൊണ്ട് പോകാനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഒരുപിടിയും ഇല്ലായിരുന്നു. അടുത്ത മാസം വീണ്ടും ഇന്ത്യാ സന്ദർശനത്തിന് വരുമെന്ന് വെരാ പറഞ്ഞു. എന്നാൽ അപ്പോൾ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന് ഡോ. ബസു പറഞ്ഞു.
മോത്തിയെ കൂടാതെ ജയ എന്ന നായയും നെതർലാൻഡിലെ തന്റെ പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. ഏകദേശം ഒരു മാസം മുമ്പ് മറ്റൊരു വിനോദസഞ്ചാരിയായ മെറൽ ബോണ്ടെൽബലും നെതർലാൻഡിൽ നിന്നുള്ള മറ്റൊരു സുഹൃത്തും വാരണാസിയിലെ മുൻഷി ഘട്ടിൽ നിന്നാണ് ജയയെ രക്ഷിച്ചത്. അവരും ജയയെ ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും അവർക്കുവേണ്ടി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആനിമോട്ടലിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ജയയെയും അവളുടെ പുതിയ മാതാപിതാക്കൾ ദത്തെടുക്കാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റിലാണ് അവരുടെ ഇന്ത്യാ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് അനിമോട്ടലിലെ ഡോ. ബസു കൂട്ടിച്ചേർത്തു.
ബസുവും ഭാര്യയും അനിമോട്ടൽ എൻജിഒയുടെ സഹസ്ഥാപകയുമായ സുധേഷ്‌ന ബസുവും കഴിഞ്ഞ മൂന്ന് വർഷമായി തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച് വരികയാണ്. “മൂന്ന് വർഷം മുമ്പാണ് എന്റെ ഭാര്യ ഒരു ഇന്ത്യൻ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ എനിക്ക് ഇന്ത്യൻ നായകളെ ഇഷ്ടമല്ലായിരുന്നു, പക്ഷേ ക്രമേണ ഞാൻ അവരുടെ വലിയ ആരാധകനായി മാറുകയായിരുന്നു. ഇന്ത്യൻ നായകൾ മറ്റ് ഇനത്തിൽപ്പെട്ട നായ്ക്കളെക്കാൾ ബുദ്ധിയുള്ളവരാണ്. ലോക്ക്ഡൗൺ കാലത്ത് ഒരു ദിവസം 750 തെരുവ് നായ്ക്കൾക്ക് വരെ ഭക്ഷണം നൽകിയിരുന്നു. ഞങ്ങളുടെ വീടിന്റെ ബേസ്‌മെന്റിൽ തെരുവ് നായ്ക്കൾക്കായി ഒരു ഷെൽട്ടർ ഹോം തുറന്നു. ഇപ്പോൾ ഞങ്ങളുടെ ഷെൽട്ടർ ഹോമിൽ 26 നായ്ക്കളുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ നായ്ക്കൾക്കായി പ്രത്യേക ഓപ്പറേഷൻ തിയേറ്ററും ഞങ്ങൾക്കുണ്ട്. നായ്ക്കളെ പരിപാലിക്കാൻ മൃഗഡോക്ടർമാരുമുണ്ടെന്ന്” സുധേഷ്‌ന ബസു പറഞ്ഞു. ഇവിടെ എല്ലാ സൗകര്യങ്ങളും സൗജന്യമാണെന്നും അവർ വ്യക്തമാക്കി.
തെരുവുനായ്ക്കളോടുള്ള ജനങ്ങളുടെ സമീപനം മാറ്റാനുള്ള തങ്ങളുടെ ചെറിയ ശ്രമമാണിതെന്ന് ദമ്പതികൾ പറയുന്നു. “ഞങ്ങളുടെ ഈ ചെറിയ ശ്രമം തെരുവുനായ്ക്കളോടുള്ള മനോഭാവത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുണ്ട്. അവരും മനുഷ്യരെപ്പോലെ വളരെ സെൻസിറ്റീവ് ആണെന്നും അവർക്കും സ്നേഹവും കരുതലും ആവശ്യമാണെന്നും ആളുകളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ബസു കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.