ടെക് കമ്പനിയായ എച്ച്പിയിലെ (HP Inc) മുന്‍ ജീവനക്കാരി കമ്പനിയില്‍ നിന്ന് ഏകദേശം 5 മില്യണ്‍ ഡോളര്‍ (38 കോടിയിലധികം രൂപ) തട്ടിയെടുത്തതായി കണ്ടെത്തി. ഈ തുക ഉപയോഗിച്ച് ആഡംബര കാറുകളും (luxury cars) ആഭരണങ്ങളും വാച്ചുകളും വാങ്ങിയെന്നും ജീവനക്കാരി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരോട് (federal prosecutors) വെളിപ്പെടുത്തി. ഷെല്‍ബി സെറ്റോ എന്ന 30കാരിയാണ് കള്ളപ്പണം വെളുപ്പിച്ച് (money laundering) സ്വന്തം കമ്പനിയെ വഞ്ചിച്ചത്.
ബുധനാഴ്ച കാലിഫോര്‍ണിയയിലെ വടക്കന്‍ ജില്ലയിലെ യുഎസ് അറ്റോര്‍ണികള്‍ പങ്കുവെച്ച ഒരു പ്രസ്താവന പ്രകാരം, 2017 ഓഗസ്റ്റ് മുതല്‍ 2021 ജൂണ്‍ വരെ കമ്പനിയിലെ എക്സിക്യൂട്ടീവ് അസിസ്റ്റന്റും ഫിനാന്‍സ് പ്ലാനിംഗ് മാനേജരുമായി സെറ്റോ ജോലി ചെയ്തിട്ടുണ്ട്. എച്ച്പി വെണ്ടര്‍മാര്‍ക്ക് പേയ്മെന്റുകള്‍ നടത്തുന്നത് സെറ്റോ ആയിരുന്നു. കൂടാതെ എച്ച്പിയുടെ പേരില്‍ പേയ്മെന്റുകള്‍ നടത്തുന്നതിന് ഒന്നിലധികം എച്ച്പി കൊമേഷ്യൽ ക്രെഡിറ്റ് കാര്‍ഡുകളും സെറ്റോ നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ നയങ്ങള്‍ക്കനുസൃതമായി ആവശ്യമായ പേയ്മെന്റുകള്‍ നടത്തുന്നതിന് പകരം, സെറ്റോ കമ്പനിയെ കബളിപ്പിക്കുകയായിരുന്നു. തന്റെ നിയന്ത്രണത്തിലുള്ള നിരവധി സ്ക്വയര്‍, പേപാല്‍, സ്ട്രൈപ്പ് മര്‍ച്ചന്റ് അക്കൗണ്ടുകളിലേക്ക് തന്റെ എച്ച്പി ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് ഏകദേശം 4.8 മില്യണ്‍ ഡോളര്‍ അനധികൃത പേയ്മെന്റുകളായി കൈമാറ്റം ചെയ്തുകൊണ്ട് സെറ്റോ ഒരു പദ്ധതി ആവിഷ്കരിക്കുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ടെസ്ല സെഡാന്, പോര്‍ഷെ എന്നിവ പോലുള്ള ആഡംബര വാഹനങ്ങള്‍ വാങ്ങാനാണ് സെറ്റോ ഈ പണം ഉപയോഗിച്ചത്. ഡിയോര്‍, ഹെര്‍മ്സ്, ചാനല്‍ എന്നീ ബ്രാൻഡുകളുടെ നിരവധി ഹാന്‍ഡ്ബാഗുകളും പഴ്സുകളും, റോളക്സ്, ബള്‍ഗാരി, ഔഡെമര്‍സ് പിഗ്വെറ്റ്, കാര്‍ട്ടിയര്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളില്‍ നിന്നുള്ള നെക്ലേസുകള്‍, മോതിരങ്ങളും പെന്‍ഡന്റുകളും വാച്ചുകളും ഉള്‍പ്പെടെയുള്ള ഒരു ശേഖരം തന്നെ സെറ്റോ സ്വന്തമാക്കിയിട്ടുണ്ട്.
സെറ്റോ 161 ആഢംബര ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതായും അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ക്ലോവര്‍ ആകൃതിയിലുള്ള 7 നെക്ലേസുകള്‍, പെന്ഡന്റുകളോടു കൂടിയ 6 സ്വര്‍ണ്ണ നെക്ലേസുകള്‍, 26 ജോഡി കമ്മലുകള്‍ എന്നിങ്ങനെ നിരവധി ഇനങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
Also Read-U S Air Force | യുഎസ് വ്യോമസേനയിലെ ഇന്ത്യൻ വംശജന് യൂണിഫോമിനൊപ്പം നെറ്റിയിൽ കുറി തൊടാൻ അനുമതി
പേപാല്‍, സ്ട്രൈപ്പ്, സ്ക്വയര്‍ എന്നിവ ഉപയോഗിച്ചാണ് സെറ്റോ വ്യാജ വ്യാപാരി അക്കൗണ്ടുകള്‍ ഉണ്ടാക്കിയത്. പിന്നീട് അത് അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് വ്യാജ അക്കൗണ്ടുകളിലേക്കും സെറ്റോ പേയ്മെന്റുകള്‍ നടത്തി. എച്ച്പിയുടെ മുന്‍ ഫിനാന്‍സ് പ്ലാനിംഗ് മാനേജരും ഇതിലേക്ക് വ്യാജ ഇന്‍വോയ്സുകള്‍ അപ്ലോഡ് ചെയ്തിരുന്നു. സെറ്റോയ്ക്കുള്ള ശിക്ഷ ജൂലൈയില്‍ പ്രഖ്യാപിക്കും. കള്ളപ്പണം വെളുപ്പിച്ചതിന് പത്ത് വര്‍ഷം തടവും 2,50,000 ഡോളര്‍ (1.9 കോടി രൂപ) പിഴയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.