സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി അധികൃതര്‍ രാജ്യത്തുടനീളം നിരവധി പൊതു ടോയ്ലറ്റുകള് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവ ശരിയായ രീതിയില്‍ പരിപാലിക്കാത്തതിനെ തുടര്‍ന്ന് പല സ്ത്രീകളും പൊതു ടോയ്ലറ്റുകള് ഉപയോഗിക്കാറില്ല. വൃത്തിയില്ലാത്ത ടോയ്ലറ്റുകളാണ് ഇതിന് കാരണം. ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്നതിന്, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭക സുഷ്മ കല്ലെംപുടി ഒരു 'മൊബൈല്‍ ഷീ ടോയ്ലറ്റിന്റെ' പ്രവര്‍ത്തന മാതൃകയാണ് തയ്യാറാക്കിയിരിക്കുന്നത്. വൃത്തിയുള്ള ടോയ്ലറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി.
ഹൈദരാബാദ് നഗരത്തില്‍ ധാരാളം പൊതു ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ പലതും ശുചിത്വമില്ലാത്തതിനാല്‍ പലരും ഉപയോഗിക്കാന്‍ മടിക്കുന്നതായി അറിഞ്ഞതോടെയാണ് ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് ആലോചിച്ചതെന്ന് സുഷ്മ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിശാഖ് സ്വദേശിയാണ് സംരംഭകയായ സുഷ്മ. നഗരത്തിലെ ശുചിത്വമില്ലാത്ത ടോയ്ലറ്റുകളുടെ പ്രശ്നം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നും 2017 ല്‍ യുഎസില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് ഈ പ്രശ്നത്തിന് പരിഹാരം തേടാന്‍ ആരംഭിച്ചതെന്നും സുഷ്മ കല്ലെംപുടി ടിഎന്‍ഐഇയോട് പറഞ്ഞു.
ആദ്യം സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് സുഷ്മ ചിന്തിച്ചിരുന്നുവെങ്കിലും നിരവധി എന്‍ജിഒകള്‍ ഇതേ കാര്യം ചെയ്യുന്നതിനാല്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സുഷ്മ വ്യക്തമാക്കി.
''നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു, തിരക്കേറിയ പ്രദേശങ്ങളിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മൊബൈല്‍ ഷീ ടോയ്ലറ്റുകള് അവതരിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി, ഡിസൈന്‍ തയ്യാറാക്കിയ ശേഷം ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ അധികൃതരില്‍ നിന്നും ഫണ്ട് തേടിയിരുന്നു. അധികൃതര്‍ക്ക് ഈ ആശയം വളരെ ഇഷ്ടപ്പെട്ടതിനാല് നഗരത്തിലെ സിവിക് സംഘടനയും തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും പഴയ വാഹനങ്ങള്‍ ഇത്തരം മൊബൈല്‍ ടോയ്ലറ്റുകളാക്കി മാറ്റുന്നതിന് ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു'' സുഷ്മ വ്യക്തമാക്കി.
ആറുമാസത്തിനുള്ളില്‍ 25 'മൊബൈല്‍ ഷീ ടോയ്ലറ്റുകള്' ജി.എച്ച്.എം.സിക്ക് കൈമാറാനാണ് സുഷ്മ ഒരുങ്ങുന്നത്. ഒരു ഇന്ത്യ നഗരത്തില്‍ ഇത്തരമൊരു ആശയം അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. നേരത്തെ ഒരു സംരംഭക സംഘം പൂനെയിലെ ഓടാത്ത ബസുകള്‍ ടോയ്ലറ്റുകളാക്കി മാറ്റിയിരുന്നു. അഞ്ച് രൂപ നിരക്ക് ഈടാക്കിയാണ് ഈ സേവനം നല്‍കുന്നത്. സ്ത്രീകള്‍ക്ക് ടോയ്ലറ്റില് പോകാനും കുഞ്ഞുങ്ങളെ മുലയൂട്ടാനും സാനിറ്ററി നാപ്കിനുകളും ഡയപ്പറും വാങ്ങാനും ഈ സേവനം ഉപയോഗിക്കാം.
സംരംഭകരായ ഉല്‍ക്ക സഡാല്ക്കറും രാജീവ് ഖേറും ചേര്‍ന്ന് 2016 ല്‍ ആരംഭിച്ച ''ടി ടോയ്ലറ്റ്'' പദ്ധതിയ്ക്ക് കീഴില്‍ 12 മൊബൈല്‍ വാഷ്റൂമുകളുണ്ട്. ശരാശരി 200 ലധികം സ്ത്രീകള്‍ ദിവസവും ഈ സേവനം ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) 'സ്ത്രീ ടോയ്ലറ്റ്' സംരംഭത്തിന് കഴിഞ്ഞ വര്‍ഷം 'സി.എസ്.ആര് ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ്' വിഭാഗത്തില്‍ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.