പല തരം ദോശകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഐസ്ക്രീം ദോശയെക്കുറിച്ച് അധികമാരും കേൾക്കാനിടയില്ല. അത്തരമൊരു ഐസ്ക്രീം ദോശയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദോശക്കൊപ്പം ഐസ്ക്രീമോ? അതെന്തൊരു കോമ്പിനേഷനാണ് എന്നു ചിന്തിച്ച് പലരും മൂക്കത്തു വിരൽ വെയ്ക്കുന്നുണ്ടാകാം. പക്ഷേ, സംഗതി സത്യമാണ്.
ദോശയുണ്ടാക്കുന്നയാൾ ആദ്യം നെയ്യും പിന്നീട് പല തരം ഐസ്ക്രീമുകളും ദോശക്കു മുകളിൽ തേയ്ക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. അതു കൊണ്ടും തീർന്നില്ല. അതിനു മുകളിൽ ഒരു ലെയർ ജാം കൂടി തേയ്ക്കുന്നതും കാണാം. അതിനു മുകളിൽ ഗ്രേറ്റ് ചെയ്ത ക്യാരറ്റും വിതറുന്നു.
South Indian dish dosa ko Gujarat me survive karne k liye icecream se dosti karna pad ja raha hai 😭😭😹 pic.twitter.com/Pq2UBuHriE
— Byomkesh (@byomkesbakshy) January 28, 2023
പരമ്പരാഗത രീതിയിൽ വാഴയിലയിൽ തന്നെയാണ് ദോശ വിളമ്പുന്നത്. ദോശക്കരികെ വീണ്ടും വിവിധ ഫ്ളേവറുകളിലുള്ള ഐസ്ക്രീമുകളും മിഠായികളും വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമൻറുകളുമായി എത്തുന്നുണ്ട്. ദോശ പ്രേമികളിൽ ചിലർക്ക് ഈ പരീക്ഷണം അത്ര സുഖിച്ചില്ല എന്നാണ് കമന്റ് ബോക്സിൽ നിന്നും വ്യക്തമാകുന്നത്. ഇങ്ങനൊരു പരീക്ഷണം വേണ്ടായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം.
ചോക്ലേറ്റ് മാഗി, ചോക്ലേറ്റ് മോമോസ്, രസഗുള ബിരിയാണി, ഗുലാബ് ജാമുൻ പാൻകേക്ക് തുടങ്ങി വിചിത്രമായ പല ഭക്ഷ്യ കോമ്പിനേഷനുകളും ഇതിന് മുമ്പ് വൈറലായിട്ടുണ്ട്. ഭക്ഷണപ്രേമികളെ വരെ ‘വെറുപ്പിക്കുന്ന’ഇത്തരം കോമ്പിനേഷനുകൾ വലിയ ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്. ഈ ‘വിചിത്ര കോമ്പിനേഷനുകളെ’ വെല്ലുന്ന ഒരു ഐറ്റവും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ചിക്കൻ ബർഗർ ഐസ്ക്രീം’ആണ് നെറ്റിസൺസിനെ മനംമടുപ്പിച്ച ആ ഫ്യൂഷൻ ഫുഡ്. മക്ഡൊണാൾസിൻറെ ചിക്കൻ ബർഗർ ഐസ്ക്രീം ആയി ‘പരിണാമം’സംഭവിക്കുന്ന ഒരു വീഡിയോ ആണ് വൈറലായത്. ‘ഭീകരമായ’ ഈ കോമ്പിനേഷൻ പലരെയും ഞെട്ടിച്ചു. കടുത്ത പ്രതികരണങ്ങളാണ് പലരും നടത്തിയത്. ഈ ഭീകരകൃത്യം നടത്തിയ ആളെ കയ്യിൽ കിട്ടിയാൽ ചെകിട് അടിച്ചു പൊട്ടിക്കുമെന്നായിരുന്നു ഒരു ഉപയോക്താവിൻറെ കമൻറ്.
Also read-ലോകത്തിലെ ഏറ്റവും വലിയ വാഴക്കുല; ഒറ്റക്കുലയിൽ 300 എണ്ണം; 50 അടി ഉയരം
മക്ഡൊണാൾഡ്സിൻറെ ചിക്കൻ ബർഗറിൽ നിന്നാണ് വൈറൽ വീഡിയോയുടെ ദൃശ്യങ്ങൾ ആരംഭിക്കുന്നത്. പാക്കറ്റിൽ നിന്നും ചിക്കൻ ബർഗർ പുറത്തെടുത്ത് ചോപ്പ് ചെയ്ത് അത് പൾപ്പ് രൂപത്തിലാക്കുകയാണ്. അതിന് മുമ്പ് തന്നെ അതിലെ ചേരുവകൾ ഓരോന്നായി എടുത്തു കാണിക്കുന്നുമുണ്ട്. ചിക്കൻ പാറ്റി, മയോണൈസ്, ലെറ്റ്യൂസ്, കെച്ചപ്പ് തുടങ്ങി എല്ലാം ക്യാമറയ്ക്ക് മുന്നിൽ വ്യക്തമായി കാട്ടുന്നു. ഇതിനു ശേഷമാണ് ബർഗർ അതേപടി വച്ച് രണ്ട് മെറ്റൽ സ്ലൈസറുകൾ ഉപയോഗിച്ച് ചോപ്പ് ചെയ്യാൻ ആരംഭിച്ചത്. ഇത് നല്ല പൾപ്പ് രൂപത്തിലാകുമ്പോൾ പാലും ക്രീമും ചേർത്ത് വീണ്ടും മയത്തിൽ വരുന്നത് വരെ വീണ്ടും മിക്സ് ചെയ്യും. തുടർന്ന് മുറിച്ച് ചെറിയ റോളുകളാക്കി ഒരു കപ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വീഡിയോ ആദ്യമായി ഷെയർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷകണക്കിന് പേരാണ് കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.