ഇന്റർഫേസ് /വാർത്ത /Buzz / Video| നടന്നുപോകുമ്പോൾ പാഞ്ഞുവന്ന വാന്‍ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ലോകം തിരഞ്ഞ ഭാഗ്യവാൻ ഇതാണ്

Video| നടന്നുപോകുമ്പോൾ പാഞ്ഞുവന്ന വാന്‍ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ലോകം തിരഞ്ഞ ഭാഗ്യവാൻ ഇതാണ്

News18 Malayalam

News18 Malayalam

പിന്നാലെ വന്ന മിനിവാൻ ചീറിപ്പാഞ്ഞ് പോയത് മാത്രമാണ് കുമാറിന് ഓർമയുള്ളത്.

  • Share this:

കൊല്ലം: കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ഒരു ദൃശ്യമുണ്ട്.

നിയന്ത്രണം വിട്ട് പാഞ്ഞുവന്ന മിനിവാൻ കാൽനടക്കാരന്‍റെ പിന്നിലൂടെ പാഞ്ഞ് പോകുന്നതും കാൽനടക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും. ശ്വാസമടക്കിപ്പിടിച്ച് കണ്ട ഈ ദൃശ്യങ്ങളിലെ ഭാഗ്യവാൻ ആരെന്ന തിരച്ചിലിലായിരുന്നു സോഷ്യൽമീഡിയ. ഒടുവിൽ വലിയൊരപകടത്തിൽ നിന്ന് രക്ഷപ്പെട്ട് രണ്ടാം ജൻമം ലഭിച്ച ആ ഭാഗ്യവാനെ കണ്ടെത്തി.

കൊല്ലം ചവറ സ്വദേശി കുമാറാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ ഭാഗ്യവാൻ. വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം ഉണ്ടായത്. നിർമാണ തൊഴിലാളിയായ കുമാർ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൻറെ ഞെട്ടലിലാണ് ഇപ്പോഴും കുമാർ.

അമ്പലത്തിൽ തൊഴുത ശേഷം ജോലിക്കു പോകുന്നതിനായി റോഡിലേക്ക് കയറിയതായിരുന്നു കുമാർ. പിന്നാലെ വന്ന മിനിവാൻ ചീറിപ്പാഞ്ഞ് പോയത് മാത്രമാണ് കുമാറിന് ഓർമയുള്ളത്. എന്താണ് സംഭവിച്ചതെന്ന് കുമാറിന് അറിയില്ല. സംഭവത്തിന്റെ ഞെട്ടലിൽ തിരിഞ്ഞോടിയ തനിക്ക് കുറച്ചു സമയത്തേക്ക് തലകറങ്ങുന്ന പോലെയാണ് തോന്നിയതെന്ന് കുമാർ പറഞ്ഞു.

ദേശീയപാതയിൽ വിജയപാലസിനു മുന്നിലൂടെ കൈയ്യിലൊരു സഞ്ചിയും മുഴക്കോലുമായി ശങ്കരമംഗലം ഭാഗത്തേക്ക് റോഡിന്റെ വശം ചേർന്ന് നടന്നു പോവുകയായിരുന്നു കുമാർ. പെട്ടെന്ന് കുമാറിന്റെ പിന്നിൽ നിന്നും ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം മിനി വാൻ നിയന്ത്രണം വിട്ട് റോഡും കടന്ന് കുമാറിന്റെ ഇടതു വശത്തു കൂടി കടന്നുപോയി.

ഇതൊന്നുമറിയാതെ നടന്നു നീങ്ങിയ കുമാർ മുന്നിലെ ക്യാമറത്തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. പെട്ടെന്നുണ്ടായ ഷോക്കിൽ തിരിഞ്ഞോടിയ ശേഷം നിൽക്കുകയും അൽപ്പ നേരം നിന്നശേഷം വന്നവഴിക്ക് തിരിച്ച് നടക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം.

വാൻ പൊലീസ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് മറിയാതെ അത്ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നതും വീഡിയോയിൽ കാണാം.

കുറച്ചു മുന്നോട്ട് പോയശേഷം നിർത്തിയ വാനിൽ നിന്നു രണ്ടു പേരെ പുറത്തിറക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു. സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു ചങ്ങനാശേരിയിലുള്ള വാൻ. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പൊലീസ് പറഞ്ഞു.

First published:

Tags: Accident, Chavara, Kollam, Viral video