പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള കോംസാറ്റ്സ് (COMSATS) യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പർ വിവാദത്തിൽ. കൃത്യമായ അജണ്ടകളോടു കൂടിയാണ് ചോദ്യപ്പേപ്പർ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിമർശകരുടെ ആരോപണം. ചോദ്യപേപ്പർ തയ്യാറാക്കിയ പ്രൊഫസർ ഖൈർ ഉൾ ബാഷറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്‌ലാമാബാദിലെ ഷെഹ്‌സാദ് ടൗൺ പോലീസ് സ്‌റ്റേഷനിൽ പ്രൊഫസറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഒന്നാം വർഷ ബിഎസ് എഞ്ചിനീയറിംഗ് പരീക്ഷയിലെ ചോദ്യപ്പേപ്പറാണ് വിവാദമായത്. ഒരു സഹോദരനും സഹോദരിയും പ്രണയിക്കുന്നതായി സങ്കൽപിക്കുക എന്നും ഈ സാഹചര്യത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ കാഴ്ചപ്പാടുകൾ വിവരിക്കാനും അതു ശരിയായോണോ എന്ന് ചിന്തിക്കുന്നുണ്ടോ എന്നുമായിരുന്നു ചോദ്യം. 300 വാക്കുകളിൽ കുറയാതെയാണ് ചോദ്യത്തിന് ഉത്തരം എഴുതേണ്ടിയിരുന്നത്.
”ജൂലിയും മാർക്കും സഹോദരനും സഹോദരിയുമാണ്. കോളേജിലെ വേനൽക്കാല അവധിക്ക് അവർ ഒരുമിച്ച് ഫ്രാൻസിലേക്ക് ഒരു യാത്ര പോയി. ഒരു രാത്രി അവർ ബീച്ചിനടുത്തുള്ള ഒരു ക്യാബിനിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നു. ഒന്ന് പ്രണയിക്കാൻ ശ്രമിച്ചാലോ എന്നും അത് രസകരമായിരിക്കുമെന്നും അവർ പരസ്പരം സംസാരിച്ചു. ഓരോരുത്തർക്കും അതൊരു പുതിയ അനുഭവമായിരിക്കും എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. ജൂലി ഗർഭനിരോധന ഗുളികകൾ കഴിച്ചിരുന്നു. മാർക്ക് കോണ്ടവും ഉപയോഗിച്ചിരുന്നു. ഇരുവരും പ്രണയം ആസ്വദിച്ചു. എന്നാൽ ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അവർ തീരുമാനിക്കുന്നു. അവർ ആ രാത്രിയിൽ നടന്നതെല്ലാം രഹസ്യമായി സൂക്ഷിക്കുന്നു. അത് അവരെ പരസ്പരം കൂടുതൽ അടുപ്പിക്കുന്നു. ജൂലിയും മാർക്കും തമ്മിൽ പ്രണയിക്കുന്നത് ശരിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുക. വ്യക്തിപരമായ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുക”, എന്നതായിരുന്നു ചോദ്യം.
വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കുമിടയിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന തരത്തിലുള്ള ചോദ്യമാണിതെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഇതിന് ഉത്തരവാദിയായ വ്യക്തിക്കെതിരെ കർശന നടപടിയെടുക്കാനും അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും കോംസാറ്റ്‌സ് സർവകലാശാല റെക്ടറോട് സർക്കാർ ആവശ്യപ്പെട്ടു. ചോദ്യപ്പേപ്പർ തയ്യാറാക്കിയ പ്രൊഫസർ ഖൈർ ഉൾ ബാഷറിനെ ജനുവരി 5 ന് പിരിച്ചുവിടുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തതായി സർവകലാശാല സർക്കാരിനെ അറിയിച്ചു.
”സംഭവം സത്യമാണ്. ഞങ്ങൾ ഇക്കാര്യത്തിൽ കർശന നടപടിയെടുത്തിട്ടുണ്ട്. ഇതിനു കാരണക്കാരനായ അധ്യാപകനെ പുറത്താക്കി. ഒരു കേസ് സ്റ്റഡിയിൽ നിന്നുള്ള ഭാഗം ശരിയായി വായിക്കാതെ കോപ്പി പേസ്റ്റ് ചെയ്തതായാണ് അധ്യാപകൻ അന്വേഷണ സമിതിയോട് പറഞ്ഞത്”, കോംസാറ്റ് യൂണിവേഴ്സിറ്റി അഡീഷണൽ രജിസ്ട്രാർ നവീദ് ഖാൻ പറഞ്ഞു.
സംഭവം വിവാദമായതിനെത്തുടർന്ന് സർവ്വകലാശാലകളിലെ ഒരു ചോദ്യപേപ്പർ സാധാരണയായി എങ്ങനെയാണ് തയ്യാറാക്കുന്നത്, ഏത് തരത്തിലുള്ള അംഗീകാരങ്ങളിലൂടെയാണ് അത് കടന്നുപോകുന്നത് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പാക്കിസ്ഥാനിൽ ചൂടു പിടിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.