തെരഞ്ഞെടുപ്പായതോടെ എങ്ങും രാഷ്ട്രീയം മാത്രമാണ് ചർച്ച. പണ്ട് നാൽക്കവലകളിലും ചായക്കടകളിലും ആയിരുന്നു രാഷ്ട്രീയ ചർച്ചകൾ സജീവമായിരുന്നതെങ്കിൽ ഇന്ന് അത് സാമൂഹ്യമാധ്യമങ്ങളിലേക്ക് മാറിയിരിക്കുന്നു. ഫേസ്ബുക്കിലാണ് ഏറ്റവും കൂടുതൽ രാഷ്ട്രീയചർച്ചകൾ നടക്കുന്നത്. അതേസമയം, നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലാണ് ഫേസ്ബുക്കിൽ വ്യാജവാർത്തകളുടെ പ്രളയവും. എന്നാൽ, ഫേസ്ബുക്ക് ലോകത്തു നിന്ന് പുതിയൊരു വാർത്തയാണ് കേൾക്കുന്നത്. നിങ്ങൾ ഫേസ്ബുക്കിൽ എഴുതിയിടുന്ന പോസ്റ്റുകൾ നിങ്ങൾ തന്നെ എഴുതിയിട്ടതാണോ എന്നറിയാൻ ഫേസ്ബുക്ക് ഉപയോക്താവിന്റെ വീട്ടിലേക്ക് ഫേസ്ബുക്ക് പ്രതിനിധിയെ അയയ്ക്കും.
ഡൽഹിയിലുള്ള ഒരു ഫേസ്ബുക്ക് ഉപയോക്താവിനാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായത്. താൻ ഫേസ്ബുക്കിൽ എഴുതിയിട്ട കുറിപ്പ് യഥാർത്ഥത്തിൽ താൻ തന്നെ എഴുതിയതാണോ എന്നറിയാൻ ഫേസ്ബുക്ക് പ്രതിനിധി ഡൽഹിയിലെ ഇയാളുടെ വീട്ടിലെത്തി. അതേസമയം, പാസ്പോർട് വേരിഫിക്കേഷന് ഉദ്യോഗസ്ഥൻ വീട്ടിലെത്തുന്നതു പോലെയായിരുന്നു ഇത്. വീട്ടിലെത്തിയ ഫേസ്ബുക്ക് പ്രതിനിധികൾ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ചോദിച്ചു. ഫേസ്ബുക്കിൽ താൻ തന്നെയാണ് ഈ രാഷ്ട്രീയ സ്വഭാവമുള്ള കുറിപ്പ് പോസ്റ്റ് ചെയ്തതെന്ന് ഉറപ്പാക്കാൻ വേണ്ടി ആയിരുന്നു അത്" - പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇയാൾ വാർത്ത ഏജൻസിയോട് പറഞ്ഞു.
ഫേസ്ബുക്ക് പ്രതിനിധിയെ വീട്ടിൽ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഇയാൾ പറഞ്ഞു. ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം എങ്ങനെയാണ് അതിന്റെ ഉപയോക്താവിനോട് എന്താണ് ചെയ്യുന്നതെന്നും ഉപയോക്താവിന്റെ സ്വകാര്യത എന്താണെന്നും ഇയാൾ ചോദിക്കുന്നു. ഇത്തരത്തിലൊരു സംഭവം ഇതിവരെ എവിടെയെങ്കിലും ഉണ്ടായതായി താൻ കേട്ടിട്ടില്ലെന്നും ഇയാൾ പറയുന്നു. സർക്കാരിന്റെ കൽപന പ്രകാരമാണോ ഇത്തരത്തിലൊരു നീക്കമെന്നും അദ്ദേഹം ചോദിക്കുന്നു.
ഇത്തരത്തിലൊരു സംഭവം ഇതിനുമുമ്പ് ലോകത്തെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഇത്തരത്തിൽ ഒരു ഉപയോക്താവിനെ വേരിഫൈ ചെയ്യുന്നത് നിയമപരമായി കടുത്ത നടപടികൾ സ്വീകരിക്കുന്നതിന് കാരണമാകുമെന്ന് നിയമ വിദഗ്ദർ പറയുന്നു. ഇത്തരത്തിലൊരു നീക്കം ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നുണ്ടായി എന്നത് സത്യമാണെങ്കിൽ ഒരു ഉപയോക്താവിന്റെ സ്വകാര്യതാലംഘനമാണ് അതെന്ന് രാജ്യത്തെ ഏറ്റവും മികച്ച സൈബർ ലോ വിദഗ്ധരിൽ ഒരാളായ പവൻ ദഗ്ഗൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.