കിഷോർ ഇന്ദുകുരി എന്ന ഐഐടിക്കാരനായ യുവ സംരംഭകന്റെ കഥ തീർച്ചയായും നിങ്ങൾക്ക് ആവേശം പകരും. അമേരിക്കയിൽ ഇന്റൽ എന്ന കോർപറേറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു കിഷോർ. ഉയർന്ന ശമ്പളം കൈപറ്റിയിരുന്ന ഇദ്ദേഹം അമേരിക്കയിലെ തന്റെ സുഖകരമായ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി എത്തുക. ഒരു പശു ഫാം ആരംഭിക്കുകയും ചെയ്തു. ഹൈദരാബാദിലെ സിദ്ദ്സ് ഡയറി ഫാം(Sid’s Dairy Farm)ഇന്ന് നഗരത്തിലെ ഏറ്റവും മികച്ച സംരംഭങ്ങളിൽ ഒന്നാണ്.
ഹൈദരാബാദിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കിഷോർ ഇന്ദുകുരി ജനിച്ചത്. അച്ഛൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായിരുന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലക്കാരനാണിദ്ദേഹം. ഐഐടി ഖരഗ്പൂരിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ കിഷോർ തുടർന്ന് മസാച്യുസെറ്റ്‌സ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ഇതേ സ്ഥാപനത്തിൽ നിന്ന് പിഎച്ച്ഡിയും പൂർത്തിയാക്കി. അതിന് ശേഷം അരിസോണയിൽ എഞ്ചിനീയറായി ഇന്റൽ കോർപ്പറേഷനിൽ ചേർന്നു. ചാൻഡലറിൽ വീട് വാങ്ങി സുഖജീവിതം നയിക്കുകയായിരുന്നു. പക്ഷെ അപ്പോഴും തന്റെ ജീവിതത്തിൽ നഷ്ടപ്പെട്ട എന്തോ ഒന്ന് തിരയുകയായിരുന്നു കിഷോറിന്റെ മനസ്സ്. കൃഷിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും ആഗ്രഹിച്ചിരുന്നു.
പല ബിസിനസ്സുകളും തുടങ്ങി അതെല്ലാം പരാജയപ്പെട്ടു. അദ്ദേഹം വിദ്യാർത്ഥികൾക്ക് GRE, TOEFEL ട്യൂഷനുകളും നൽകിയിരുന്നു. പലയിനം പച്ചക്കറികൾ വളർത്തുകയും വിൽക്കുകയും ചെയ്തു. ഈ ബിസിനസ്സുകളിൽ തന്റെ സമ്പാദ്യത്തിൽ നിന്ന് എത്ര തുക നിക്ഷേപിച്ചിട്ടും എന്തുകൊണ്ടോ കിഷോറിന് താൻ ചെയ്യുന്നത് ആസ്വദിക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ 2012 ൽ ചില വ്യവസായ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച് അദ്ദേഹം 20 പശുക്കളെ വാങ്ങി ഒരു ഡയറി ഫാം ആരംഭിച്ചു.
ഒരു ലിറ്റർ പാലിന്റെ ഉൽപ്പാദനച്ചെലവ് 26 രൂപ ആയിട്ടും ലിറ്ററിന് 15 രൂപയ്ക്ക് അദ്ദേഹം തന്റെ പാൽ ഒരുമിച്ച് വാങ്ങുന്നവർക്ക് വിറ്റു. പശുക്കളെ കറക്കുന്നത് മുതൽ പാൽ ആവശ്യക്കാർക്ക് എത്തിക്കുന്നത് വരെ മിക്കവാറും എല്ലാ ജോലികളും കിഷോർ തന്നെ ചെയ്യും. വെള്ളം ചേർക്കലോ, ആൻറിബയോട്ടിക്കുകൾ, പ്രിസർവേറ്റീവുകൾ, സിന്തറ്റിക് ഹോർമോണുകൾ എന്നിവ കലർത്തുകയോ ചെയ്യാതെ കിഷോർ തന്റെ പാൽ വില്പന നടത്തി. തന്റെ ഫാമിലെ പാൽ ഒരു തവണ ഉപയോഗിച്ചതിന് ശേഷം പണം നൽകിയാൽ മതിയെന്നും കിഷോർ ഉപഭോക്താക്കൾക്ക് ഓഫർ നൽകി. ആ മാർക്കറ്റിംഗ് തന്ത്രം വിജയിച്ചു എന്നാണ് കിഷോർ പറയുന്നത്. താമസിയാതെ തന്നെ ഹൈദരാബാദിലെ ഏറ്റവും വലിയ സ്വകാര്യ പാൽ വിതരണക്കാരിൽ ഒരാളായി കിഷോർ ഇന്ദുകുരി മാറി. ഇന്ന് അദ്ദേഹത്തിന്റെ കമ്പനി രണ്ടായിരത്തോളം കർഷകരിൽ നിന്നാണ് ശുദ്ധമായ പാൽ സംഭരിക്കുന്നത്. കമ്പനിക്ക് പ്രതിദിനം 20000-ത്തിലധികം ഉപഭോക്താക്കളുണ്ട്.
അദ്ദേഹം നേരിട്ട് നൂറോളം കന്നുകാലികളുള്ള ഒരു മാതൃകാ ഫാമും നടത്തുന്നുണ്ട്. തന്റെ സമ്പാദ്യം മുഴുവൻ അദ്ദേഹം ഈ ബിസിനസ്സ് ആരംഭിക്കാൻ വേണ്ടി നിക്ഷേപിച്ചു. തുടക്കത്തിൽ പാൽ സംസ്കരിക്കാതെയാണ് വിതരണം ചെയ്തിരുന്നത്. പക്ഷെ പിന്നീട് ആവശ്യക്കാർ കൂടിയതോടെപാൽ പാസ്ചറൈസ് ചെയ്യണമെന്ന് മനസ്സിലാക്കി അതിലേയ്ക്ക് മാറി. 1.3 കോടി രൂപ വായ്പയെടുത്ത് ഷഹബാദിൽ ഒരു വലിയ ഫാം വാങ്ങുകയും അവിടെ ഒരു ഡയറി സംസ്കരണ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. സബ്‌സ്‌ക്രിപ്‌ഷൻ മാതൃകയിലാണ് അദ്ദേഹം ഇപ്പോൾ ബിസിനസ്സ് നടത്തുന്നത്. 2020-21 സാമ്പത്തിക വർഷം കമ്പനിയുടെ ലാഭം 44 കോടി രൂപയായിരുന്നു. 2021-22ൽ അത് 64.5 കോടിയായി വളർന്നു. അതായത് ഇന്ന് പ്രതിദിനം 17 ലക്ഷം രൂപ ലാഭമുണ്ടാക്കുന്ന ആളാണ് കിഷോർ ഇന്ദുകുരി എന്ന ഐഐടിക്കാരൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.