മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ വിവാഹവും ഇന്ന് വലിയ വാര്‍ത്തകളാണ്. ബിഹാറിലെ (bihar) മോത്തിഹാരിയിലെ മജുരാഹ ഗ്രാമത്തിലെ ഒരു നായയുടെ (dog) വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നത്. കല്ലു, ബസന്തി എന്നീ നായ്ക്കളുടെ വിവാഹമാണ് എല്ലാ ആചാരങ്ങളും അനുസരിച്ച് നടത്തിയത്. വിവാഹ വാര്‍ത്ത അറിഞ്ഞവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. ഡിജെ പാര്‍ട്ടിയും (dj party) വിവാഹത്തിന് സംഘടിപ്പിച്ചിരുന്നു.
400ഓളം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. അവര്‍ക്കുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. ഭൈരവന്റെ രൂപമായതിനാലാണ് നായയെ വിവാഹം കഴിപ്പിച്ചതെന്ന് വിവാഹത്തില്‍ പങ്കെടുത്ത ധര്‍മേന്ദ്ര കുമാര്‍ പാണ്ഡെ പറയുന്നു. അത്തരമൊരു വിവാഹം നടത്തുന്നതിലൂടെ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുമെന്നും എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. അതിനാല്‍, ഹിന്ദു ആചാരങ്ങള്‍ക്കനുസരിച്ച്, അവരുടെ വിവാഹം നടത്തിയെന്ന് നരേഷ് സാഹ്നി പറഞ്ഞു. ഈ മംഗളകരമായ ചടങ്ങ് കാണാന്‍ ഗ്രാമത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ എത്തിയിരുന്നു. തങ്ങളുടെ ജീവിതത്തില്‍ ഇത്തരമൊരു വിവാഹം കണ്ടിട്ടില്ലെന്നാണ് അവര്‍ ഓരോരുത്തരും പറയുന്നത്.
2019ല്‍ യുകെയിലെ ഒരു സ്ത്രീ ലൈവ് ടെലിവിഷന്‍ ഷോ നടക്കുന്നതിനിടെ നായയെ വിവാഹം കഴിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഗോള്‍ഡന്‍ റിട്രീവര്‍ എന്ന ഇനത്തില്‍പ്പെട്ട നായയെയാണ് യുവതി വിവാഹം കഴിച്ചത്. നായയിലാണ് താന്‍ യഥാര്‍ത്ഥ സ്നേഹം കണ്ടെത്തിയതെന്നാണ് യുവതി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷവും ഒരു നായയുടെ വിവാഹം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. തൃശൂര്‍ പുന്നയൂര്‍ക്കുളത്തായിരുന്നു വേറിട്ട ഈ കല്യാണ ചടങ്ങ്. പുന്നയൂര്‍ക്കുളത്തെ കുന്നത്തൂര്‍മന ഹെറിറ്റേജില്‍ പൂമാലകെട്ടി അലങ്കരിച്ച കതിര്‍മണ്ഡപത്തിലായിരുന്നു നായ്ക്കളുടെ മിന്നുകെട്ട്.
ബീഗിള്‍ ഇനത്തില്‍പ്പെട്ട വരന്റെ പേര് ആക്സിഡ് എന്നാണ്. ഒന്നര വയസുകാരി ജാന്‍വിയാണ് വധു. വാടാനപ്പിള്ളി ഷെല്ലി, നഷി ദമ്പതികളുടെ വളര്‍ത്തു നായയാണ് ആക്സിഡ്. രണ്ട് ആണ്മക്കളാണ് ഇവര്‍ക്ക്. ആകാശും അര്‍ജുനും. വളര്‍ത്തുനായ ആക്സിഡിനെ മൂന്നാമത്തെ മകനായാണ് അവര്‍ കണ്ടിരുന്നത്. ആക്സിഡിന് കൂട്ടു വേണമെന്ന് ദമ്പതികള്‍ കരുതി. രണ്ട് ആണ്മക്കളും ഇതിനു പിന്തുണ നല്കി. അങ്ങനെയാണ്, കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചത്.
വധുവിനെ കണ്ടുപിടിച്ചത് പുന്നയൂര്‍ക്കുളത്തു നിന്നായിരുന്നു. നായകളുടെ വിവാഹത്തിന് ഉത്തമമായ കന്നി മാസം തന്നെയാണ് തെരഞ്ഞെടുത്തത്. ശുഭമുഹൂര്‍ത്തവും കുറിച്ചിരുന്നു. രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയായിരുന്നു വിവാഹം. സാധാരണ ഒരു വിവാഹ ചടങ്ങ് എങ്ങനെയാണോ ആ കെട്ടിലും മട്ടിലും തന്നെയായിരുന്നു വിവാഹം. സില്‍ക് ഷര്‍ട്ടും മുണ്ടുമായിരുന്നു ആക്സിഡിന്റെ വേഷം. കസവില്‍ നെയ്ത പട്ടുപാവാടയണിഞ്ഞാണ് ജാന്‍വി എത്തിയത്.
ആഘോഷത്തിന്റെ മാറ്റ് കൂട്ടാന്‍ ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏല്പിച്ചിരുന്നു. സേവ് ദി ഡേറ്റ് ഷൂട്ടും നടത്തി. മിന്നുകെട്ടലിനു ശേഷം കേക്ക് മുറിക്കലും വിവാഹ സദ്യയും ഒരുക്കിയിരുന്നു. വിവാഹ വിരുന്നിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളുടെ വളര്‍ത്തുനായകളേയും കൊണ്ടുവന്നിരുന്നു. ഗംഭീരമായ മുന്നൊരുക്കങ്ങളായിരുന്നു വിവാഹത്തിന് വേണ്ടി നടത്തിയത്. ഷെല്ലിയുടെ മക്കളായ ആകാശും അര്‍ജുനും പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.